ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് കണ്ണൂര്‍ എം.പിയും മുതിര്‍ന്ന നേതാവുമായ കെ. സുധാകരന്‍. കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് വിടില്ലെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും കെ. സുധാകരന്‍ ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ വളരെ ചെറുതാണെന്നും കോണ്‍ഗ്രസില്‍ അല്ലാതെ താന്‍ മറ്റെവിടെ പോവാനാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് വിധേയനായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കെ. സുധാകരന്‍ പാര്‍ട്ടിയുടെ നിര്‍ദേശത്തിന് വഴങ്ങിയിരിക്കുന്നത്.
കണ്ണൂരില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്ന സുധാകരന്റെ ഭീഷണിയെ തുടര്‍ന്ന് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനവും അനന്തമായി നീളുകയായിരുന്നു.
വൈകാതെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ. സുധാകരനും എല്‍ദോസ് കുന്നപ്പള്ളിക്കും അടൂര്‍ പ്രകാശിനും സീറ്റ് നല്‍കില്ലെന്നാണ് സൂചന.
കണ്ണൂരില്‍ ടി.ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കോണ്‍ഗ്രസ് 55 പേരുമായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു.
Content Highlight: I dont want to Contest contest; K. Sudhakaran finally bows down