ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് വിനീത് കുമാര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ അദ്ദേഹം മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. ഒരു വടക്കന്‍ വീരഗാഥ, ഭരതം തുടങ്ങി ക്ലാസിക് ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട വിനീത് പിന്നീട് നായകനായും കഴിവ് തെളിയിച്ചു.
മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റില്‍ ഇപ്പോഴുമുള്ള നടന്‍ സിനിമയില്‍ വന്നിട്ട് ഏകദേശം 37വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നും സിനിമയില്‍ സജീവമായ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ സംഭവം അധ്യായം ഒന്നാണ്. ഇപ്പോള്‍ വനിത യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മലയാള സിനിമ ഇപ്പോള്‍ ഒരു സുവര്‍ണകാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് വിനീത് പറഞ്ഞു.
‘ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ നമ്മുടെ സിനിമകള്‍ എല്ലായിടത്തേക്കും റീച്ചാകുന്നു എന്നതാണ് മലയാള സിനിമയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഒരു അഡ്വാന്റേജ്. കുറച്ച് കൂടി മുമ്പുള്ള കാലഘട്ടമാണ് മലയാള സിനിമയുടെ ഗോള്‍ഡന്‍ ഇറ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കെ.ജി ജോര്‍ജ് സാര്‍, ഭരതന്‍ സാര്‍, പത്മരാജന്‍ സാര്‍, വേണുനാഗവള്ളി സാറൊക്കെ ഉണ്ടായിരുന്ന സമയമാണ് എന്നെ സംബന്ധിച്ച് ഒരു ഗോള്‍ഡന്‍ ഇറ.
എന്റെ മാത്രം അഭിപ്രായമാണ്, അത് എത്ര പേര്‍ക്ക് കണക്ടാകുമെന്ന് അറിയില്ല. എനിക്ക് തോന്നുന്നു വേണുനാഗവള്ളി സാറിനെയൊന്നും ആരും അത്ര സെലിബ്രേറ്റ് ചെയ്തിട്ടില്ല. അദ്ദേഹമൊക്കെ കയ്‌വെച്ചിരിക്കുന്ന സിനിമകളും ചെയ്ത, കഥാപാത്രങ്ങളും അത്രയും മനോഹരമാണ്. ചെറുതായിരിക്കുമ്പോള്‍ ഇവരുടെയൊക്കെ സിനിമ തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞത് ഞാനൊരു ഭാഗ്യമായി കാണുന്നു,’ വിനീത് കുമാര്‍ പറയുന്നു.
അന്ന് കൊമേഴ്ഷ്യല്‍ സിനിമകള്‍ക്കാണെങ്കില്‍ അപ്പുറത്ത് ഫാസില്‍, സിബി മലയില്‍, കമല്‍ അങ്ങനെ നിരവധി പേരുണ്ടെന്നും എല്ലാവരുടെയും പീക്ക് ടൈമായിരുന്നു അതെന്നും വിനീത് കുമാര്‍ പറഞ്ഞു. തിരക്കഥാകൃത്തുക്കളാണെങ്കില്‍ എം.ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികളുമായി സമ്പന്നമായിരുന്നു മലയാള സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നുള്ള സിനിമകളോ സംവിധായകരോ മോശമാണെന്നല്ല താന്‍ പറയുന്നതെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം കുറച്ച് മുമ്പായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: I disagree with the opinion that Malayalam cinema is currently going through a golden age