| Saturday, 21st June 2025, 1:50 pm

ആ സിനിമയിലേക്ക് എന്നെ തെരഞ്ഞെടുക്കാനുള്ള കാരണം മണിരത്നത്തിനോട് ഞാൻ ചോദിച്ചിരുന്നു: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്നത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമാണ് ഇരുവർ. ഐശ്വര്യ റായിയുടെയും ആദ്യ ചിത്രമായിരുന്നു ഇത്. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി.ആറിൻ്റെയും എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മണിരത്നം ഈ ചിത്രം ഒരുക്കിയത്.

ചിത്രത്തിന് രണ്ട് നാഷണൽ അവാർഡ്, പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് എന്നിവ ലഭിച്ചിരുന്നു. എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായാണ് ഇരുവറിനെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ ഇരുവറിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

ആദ്യമായിട്ട് കഥ പറയുമ്പോള്‍ രണ്ടു സുഹൃത്തുകളുടെ കഥ എന്നുപറഞ്ഞിട്ടാണ് തുടങ്ങിയതെന്നും എന്തുകൊണ്ടാണ് തന്നെ തെരഞ്ഞെടുത്തത് എന്ന് മണിരത്നത്തോട് ചോദിച്ചിരുന്നെന്നും മോഹൻലാൽ പറയുന്നു.

വളരെ സൂക്ഷിച്ചുപഠിച്ചാല്‍ ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് ഇരുവറെന്നും എം.ജി.ആറുമായിട്ട് സഹകരിച്ച ഒരുപാട് പേരെ പിൽക്കാലത്ത് താൻ കണ്ടുമുട്ടിയെന്നും അദ്ദേഹം പറഞ്ഞു.

താനും എം.ജി.ആറും തമ്മിൽ സാമ്യതകളുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അത്തരമൊരു സാമ്യത എങ്ങനെയെന്ന് ചോദിച്ചാൽ തനിക്കറിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു ഒരു പൊതുപരിപാടിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘ആദ്യമായിട്ട് കഥ പറയുമ്പോള്‍ രണ്ടു സുഹൃത്തുകളുടെ കഥ എന്നുപറഞ്ഞിട്ടാണ് തുടങ്ങിയത്. എനിക്ക് എം.ജി.ആറുമായിട്ട് സാദൃശ്യമൊന്നുമില്ല പിന്നെ എന്തുകൊണ്ടാണ് ഞാന്‍ എന്ന് അദ്ദേഹത്തിനോട് ചോദിച്ചിരുന്നു.

ഒരു ആക്ടര്‍ എന്ന രീതിയില്‍ ഒരുപാട് ഷെയ്ഡ്‌സുള്ള കഥാപാത്രമായിരുന്നു. കാര്യം അയാള്‍ വളരെ അംബീഷ്യസാണ്. പുള്ളിയുടെ നിലനില്‍പ്പിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ സൂക്ഷിച്ചുപഠിച്ചാല്‍ ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ്.

പില്‍ക്കാലത്ത് എം.ജി.ആറുമായിട്ട് സഹകരിച്ച ഒരുപാട് പേരെ ഞാന്‍ കണ്ടുമുട്ടാനിടയായി. ഒരുപാട് സാമ്യതകള്‍ നിങ്ങള്‍ തമ്മിലുണ്ട് എന്ന് അവർ പറഞ്ഞു. അതെങ്ങനെയാണ് എന്ന് ചോദിച്ചുകഴിഞ്ഞാല്‍ അറിയില്ല,’ മോഹൻലാൽ പറയുന്നു.

Content Highlight: I asked Maniratnam why he chose me for that film says Mohanlal

We use cookies to give you the best possible experience. Learn more