തിരുവനന്തപുരം: മലയാള മനോരമ പത്രത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ സാധ്യത പട്ടികയില്‍ തന്റെ പേര് വന്നതിനെ പൂര്‍ണമായി തള്ളി നോവലിസ്റ്റും എഴുത്തുകാരനുമായ ബെന്യാമിന്‍.
ആ ബെന്യാമിന്‍ താനല്ലെന്നും അങ്ങനെയൊരു സാധ്യത തന്നെയില്ലെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഓണ്‍ലൈന്‍-യൂട്യൂബ് ചാനലുകള്‍ ഇത്തരം വാര്‍ത്തകള്‍ മുമ്പും പുറത്ത് വിട്ടിട്ടുണ്ടെന്നും അതിനെയെല്ലാം താന്‍ തള്ളികളഞ്ഞിരുന്നതായും ബെന്യാമിന്‍ പറഞ്ഞു.
എന്നാല്‍ വീണ്ടും ഒരു മുഖ്യധാര മാധ്യമത്തില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലെ ഏത് പൗരനെയും പോലെ എനിക്കും രാഷ്ട്രീയമുണ്ട്, രാഷ്ട്രീയ നിലപാടുകളുണ്ട്, എളിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്, പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുമുണ്ട്. എന്നാല്‍ അതൊക്കെ ഏതെങ്കിലും സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണെന്നത് ഞാന്‍ ഇന്നോളം എടുത്തിട്ടുള്ള നിലപാടുകളെ റദ്ദുചെയ്തു കളയുന്നതാണ്.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്ട്രീയത്തില്‍ ഇറങ്ങുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന നിരവധി ആളുകള്‍ ഉയര്‍ന്നു വരുന്ന സമൂഹത്തില്‍ മാധ്യമങ്ങള്‍ ഇങ്ങനെയും ഒരു സാധ്യത സംശയിക്കുന്നതില്‍ തെറ്റു പറയാനില്ല. എന്നാല്‍ അങ്ങനെയല്ലാതെയും രാഷ്ട്രീയവും നിലപാടുകളും പറയുന്നവര്‍ ഇവിടെയുണ്ടെന്ന് അറിയിക്കുക എന്റെ ഉത്തരവാദിത്തമാണ്,’ ബെന്യാമിന്‍ പ്രതികരിച്ചു.
ജനാധിപത്യത്തോടോ ജനാധിപത്യമത്സരങ്ങളോടോ തനിക്ക് എന്തെങ്കിലും വിയോജിപ്പ് ഉള്ളതുകൊണ്ടല്ല തന്റെ പ്രതികരണമെന്നും സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരോട് തനിക്ക് നല്ല ബഹുമാനവും ആദരവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് രാഷ്ട്രീയമുണ്ട്, അഭിപ്രായങ്ങളും നിലപാടുകളും പറയും. അതിനര്‍ത്ഥം അത് രാഷ്ട്രീയത്തില്‍ ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് എന്നല്ല. അതുകൊണ്ട് ഇത്തരം വാര്‍ത്തകളും കൊണ്ട് ഇനിയും ഈ വഴി വരല്ലേ മാധ്യമങ്ങളേ എന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തയ്ക്ക് ആസ്പദമായ മലയാള മനോരമ പത്രം
‘എന്റെ സ്വപ്നങ്ങളും ജീവിതരീതിയും സ്വഭാവവുമൊക്കെ സാഹിത്യത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതാണ്. സാഹിത്യ രചനകളിലാണ് എന്റെ ആഹ്ലാദം. അതില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ അഭിരുചിയുള്ള ധാരാളം മികച്ച പ്രതിഭകള്‍ നമുക്കുണ്ട്. അവര്‍ നമുക്ക് നല്ല രാഷ്ട്രീയം സമ്മാനിക്കട്ടെ. ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ചില കൃതികളുണ്ട്. അവ എനിക്ക് മാത്രമേ എഴുതാന്‍ കഴിയൂ എന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ചെറിയ ജീവിതത്തില്‍ അത് പൂര്‍ത്തീകരിക്കാനാണ് എന്റെ ആഗ്രഹം,’ ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.