സാനിയയെ വിവാഹം കഴിക്കാന്‍ ഞാനെന്തിന് ഭയക്കണം: മാലിക്
Sports
സാനിയയെ വിവാഹം കഴിക്കാന്‍ ഞാനെന്തിന് ഭയക്കണം: മാലിക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd June 2020, 1:37 pm

ലാഹോര്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സാനിയ മിര്‍സയുമായുള്ള വിവാഹത്തെ ബാധിച്ചിട്ടില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്. പാക് പാഷന്‍ ഡോട്ട് നെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അത്ര സുഖകരമല്ലാത്ത ബന്ധം ഒരു ഇന്ത്യന്‍ കായികതാരത്തെ വിവാഹം ചെയ്യുമ്പോള്‍ ആശങ്കപ്പെടുത്തിയിരുന്നോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഒട്ടുമില്ല എന്നായിരുന്നു മാലികിന്റെ മറുപടി.

‘ഇല്ല. ഒരാളെ നമ്മള്‍ വിവാഹം ചെയ്യുമ്പോള്‍ പങ്കാളി എവിടെനിന്നുള്ള ആളാണെന്നതോ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളോ രാഷ്ട്രീയ വിഷയങ്ങളോ എന്തിന് പരിഗണിക്കണം. അതു നമ്മുടെ മേഖലയല്ല. ഒരാളെ നാം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നെങ്കില്‍ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്. അല്ലാതെ അവര്‍ ഏതു രാജ്യക്കാരിയാണ് എന്നതല്ല. കുറച്ചുകൂടി വിശാലമായി പറഞ്ഞാല്‍ എനിക്ക് ഇന്ത്യക്കാരായ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടുതന്നെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു വിധത്തിലും ബാധിക്കാറില്ല. മാത്രമല്ല, ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല’ , മാലിക് പറഞ്ഞു.

ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം ആഷസ് പോരാട്ടം പോലെ പ്രധാനവും ആവേശം നിറഞ്ഞതുമാണെന്നും മാലിക് പറഞ്ഞു.

2008 ഏപ്രില്‍ 12 നായിരുന്നു സാനിയ-മാലിക് വിവാഹം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ