ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അതുവഴി ഒരു ജീവന്‍ പൊലിയാനും കാരണമായ മാലിന്യത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥിനി നടത്തുന്ന നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു. തൃശ്ശൂര്‍ ചാവക്കാട് പരപ്പില്‍താഴം- മത്തിക്കായല്‍ പ്രദേശത്തെ മാലിന്യപ്രശ്‌നത്തിനെതിരെയാണ് നെന്മിനി സ്വദേശിയും കണ്ണൂര്‍ ലോ കോളേജ് വിദ്യാര്‍ത്ഥിനിയുമായ സോഫിയ മിഥുന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
പരപ്പില്‍ താഴത്തെ തൊഴിലുറപ്പ് തൊഴിലാളിയായ രാധ കഴിഞ്ഞ ദിവസം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള അണുബാധയേറ്റ് മരിച്ചിരുന്നു. ഇതോടെയാണ് പ്രത്യക്ഷസമരവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്. മത്തിക്കായലിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീയായിരുന്നു രാധ.
“ശുചീകരണത്തിനായി കായലിലിറങ്ങിയ സമയത്ത് അവരെ ആദ്യം അട്ട കടിച്ചു. പിന്നീട് വെള്ളത്തിലിറങ്ങിയ സമയത്ത് ഇന്‍ഫെക്ഷന്‍ വന്നിട്ടാണ് ആ സ്ത്രീ മരണപ്പെട്ടത്. തൊഴിലുറപ്പിന് പോകാറുള്ള രണ്ട് സ്ത്രീകള്‍ ഇപ്പോഴും ചികിത്സയിലാണ്.” സോഫിയ ഡൂള്‍ന്യൂസിനോട് പറഞ്ഞു. രാധയുടെ മരണത്തിനുശേഷം ചാവക്കാട് താലൂക്കാശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ സോഫിയ കരിങ്കൊടി കാണിച്ചിരുന്നു.
ത്വക്ക് രോഗങ്ങള്‍, ശ്വാസംമുട്ടല്‍ തുടങ്ങി 16 വര്‍ഷക്കാലമായി ദുരിതമനുഭവിക്കുകയാണ് ഇവിടെയുള്ള ജനങ്ങള്‍. 6 മാസം മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച് 3 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
മാലിന്യപ്ലാന്റിന് പരിസരത്തെ ജനങ്ങള്‍ക്ക് ദുര്‍ഗന്ധം സഹിക്കാനാവാത്ത അവസ്ഥയാണ്. കിടപ്പുമുറിയില്‍ പോലും പ്ലാന്റില്‍ നിന്നുമുള്ള പുഴുക്കളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കൊച്ചുകുട്ടികളുടെ ശരീരത്തില്‍പോലും വ്രണമാണെന്നും നാട്ടുകാര്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത ഒരാള്‍ പോലും പ്രദേശത്തില്ല എന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.
22 വര്‍ഷം മുന്‍പാണ് ഇവിടെ മാലിന്യപ്ലാന്റ് തുടങ്ങിയത്. അന്നുമുതല്‍ പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും പ്രത്യക്ഷ സമരം ആരംഭിച്ചിരുന്നില്ല. സെക്രട്ടറിയേറ്റിലും കളക്ട്രേറ്റിലും നിവേദനം കൊടുക്കുക അതുമല്ലെങ്കില്‍ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചാല്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്നിവയായിരുന്നു നടപടികള്‍.
ALSO READ: സ്വകാര്യ വിദ്യാഭ്യാസമേഖലയ്ക്ക് കൂച്ചുവിലങ്ങ് വേണം: സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്ന് ഹൈക്കോടതി ഉത്തരവ്
നേരത്തെ സംരക്ഷണ സമിതി രൂപീകരിച്ച ശേഷം ആ പ്രദേശത്തെ ജനങ്ങള്‍ മത്തിക്കായല്‍ ശുചീകരിച്ചിരുന്നു. പിന്നീട് പുന്നയൂര്‍ ശുചീകരിച്ചു. എന്നാലിവിടെ എത്തിയപ്പോള്‍ അത് ചാവക്കാട് നഗരസഭ ഏറ്റെടുക്കുകയാണുണ്ടായതെന്ന് സോഫിയ ഡൂള്‍ന്യൂസിനോട് പറഞ്ഞു. എന്നാല്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് യാതൊരു ശുചീകരണ പ്രവര്‍ത്തനവും നടന്നിട്ടില്ല. മന്ത്രി സുനില്‍കുമാര്‍ വന്ന് ചടങ്ങ് നടത്തിയെങ്കിലും ശുചീകരണം മാത്രം നടന്നിട്ടില്ലെന്നും സോഫിയ കൂട്ടിച്ചേര്‍ത്തു.
പ്രദേശത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ശുദ്ധജലമില്ല എന്ന പ്രശ്‌നവുമുണ്ട്. ” ഇവിടങ്ങളിലെ കിണറിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റില്ല. പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്.”
മാത്രമല്ല സമീപത്തെ മത്തിക്കായല്‍ മലിനമാക്കുന്നതും മാലിന്യസംസ്‌കരണ പ്ലാന്റില്‍നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലമാണ്. രക്തസാക്ഷിയായി രാധയെ പോരെങ്കില്‍ രോഗബാധിതരായി കിടക്കുന്ന പിഞ്ചുകുട്ടികള്‍ മരിക്കുന്നതിന് മുന്‍പ് നിരാഹാരം കിടന്ന് രക്തസാക്ഷിയാകാന്‍ തയ്യാറാണെന്നും ഇനിയും ദുര്‍ഗന്ധവും പുഴുശല്യവും അണുബാധയുമേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നുമായിരുന്നു നിരാഹാരസമരത്തിന് തുടക്കം കുറിച്ച് സോഫിയ പറഞ്ഞത്.
ALSO READ: വയനാട്ടിലെ കര്‍ഷകരുടെ ജീവെനടുത്ത് സര്‍ഫാസി; ജപ്തി നോട്ടീസ് ലഭിച്ച നാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു
ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആദ്യഘട്ടമായാണ് സോഫിയ നിരാഹാരസമരം ആരംഭിച്ചത്. ചാവക്കാട് നഗരസഭയുമായി ബന്ധമില്ലാത്ത ആരോഗ്യപ്രവര്‍ത്തകരെക്കൊണ്ട് നേരിട്ടെത്തി പരിശോധന നടത്താന്‍ ജില്ലാ ഭരണാധികാരികള്‍ തയ്യാറാകണമെന്നാണ് സമരസമിതിയുടെ ആവശ്യം.
എന്നാല്‍, ഏതാനും ദിവസങ്ങളായി ചാവക്കാട് നഗരസഭാ പരിധിയിലെ മത്തിക്കായലില്‍നിന്ന് കടപ്പുറം പഞ്ചായത്തിന്റെ ഭാഗത്തേക്ക് മലിനജലവും മാലിന്യവും ഒഴുകിയെത്തുകയാണ്. തങ്ങള്‍ ഒരുമാസംകൊണ്ട് എട്ട് കിലോമീറ്റര്‍ ശുചീകരിച്ചത് വെറുതെയാകുമോ എന്ന ആശങ്കയിലാണ് ജനകീയ മത്തിക്കായല്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍.
നഗരസഭാ പരിധിയിലെ മത്തിക്കായലിന്റെ പരപ്പില്‍താഴം മേഖലയില്‍നിന്ന് ജീര്‍ണ്ണിച്ച അവിശിഷ്ടങ്ങളും ചെളിയും മറ്റും കലര്‍ന്ന ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലത്തോടൊപ്പം പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒഴുകിയെത്തുന്നുണ്ട്. ഈ മാലിന്യം വലകെട്ടിയും മറ്റും തടഞ്ഞ് കായലില്‍നിന്ന് മാറ്റേണ്ട ജോലിയും ഇപ്പോള്‍ പ്രവര്‍ത്തകരുടെ ചുമലിലായി.
ഖരരൂപത്തിലുള്ള മാലിന്യം നീക്കംചെയ്താലും മലിനജലം വരുന്നത് തടയാന്‍ കഴിയില്ല. നഗരസഭയുടെ പരിധിയിലെ മാലിന്യം കടപ്പുറം പഞ്ചായത്തിലേക്ക് എത്തുന്നത് തടയാന്‍ നടപടി വേണമെന്നാണ് സമിതിയുടെ ആവശ്യം.
WATCH THIS VIDEO: