മനുഷ്യനെന്ന പ്രിവിലേജ് തന്നെപ്പോലെയുള്ളവര്‍ക്ക് ലഭിച്ചില്ലെന്ന് ഉമര്‍ ഖാലിദ്; ഏഴ് വര്‍ഷത്തിനിടയിലെ ആദ്യ അഭിമുഖം ഗാര്‍ഡിയനില്‍
India
മനുഷ്യനെന്ന പ്രിവിലേജ് തന്നെപ്പോലെയുള്ളവര്‍ക്ക് ലഭിച്ചില്ലെന്ന് ഉമര്‍ ഖാലിദ്; ഏഴ് വര്‍ഷത്തിനിടയിലെ ആദ്യ അഭിമുഖം ഗാര്‍ഡിയനില്‍
സിജൊ
Wednesday, 1st July 2026, 9:46 am

ന്യൂദല്‍ഹി: മനുഷ്യപദവി ഒരു പ്രിവിലേജ് ആണെന്നും അത് തന്നെപ്പോലെയുള്ള മനുഷ്യര്‍ക്ക് ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. പൗരത്വ സമര സമയത്തെ കേസുകളില്‍ 2020 മുതല്‍ തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ് ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഗാര്‍ഡിയന്റെ ദക്ഷിണേഷ്യന്‍ കറസ്‌പോണ്ടന്റായ ഹന്ന എലിസ് പീറ്റേഴ്‌സനാണ് ദല്‍ഹി തിഹാര്‍ ജയിലിലെത്തി ഉമര്‍ ഖാലിദുമായി അഭിമുഖം നടത്തിയത്. ഏഴ് വര്‍ഷത്തിലധികമായി തുടരുന്ന വിചാരണ തടവിനിടയിലെ ഉമര്‍ ഖാലിദിന്റെ ആദ്യ അഭിമുഖമാണിത്.

‘ജയിലില്‍ നിങ്ങളുടെ ഒപ്പം ഭക്ഷണം കഴിക്കുന്ന സഹ തടവുകാരില്‍ നിന്ന് തന്നെ നിങ്ങളെക്കുറിച്ചുള്ള പിറുപിറുക്കലുകള്‍ കേള്‍ക്കാനാവും. നിങ്ങളെ പിറകില്‍ നിന്ന് ഭീകരവാദിയെന്ന് വിളിക്കും. പ്രൊപ്പഗണ്ടകള്‍ കാരണം ജനങ്ങളുടെ കണ്ണുകളില്‍ എന്നെ മനുഷ്യനല്ലാതെ (ഡി ഹ്യൂമനൈസ്ഡ്) കാണാന്‍ തുടങ്ങി. മനുഷ്യപദവി ഒരു പ്രിവിലേജ് ആണ്. അത് എന്നെപ്പോലെയുള്ള മനുഷ്യര്‍ക്ക് നല്‍കിയിട്ടില്ല.’ ഉമര്‍ ഖാലിദ് പറഞ്ഞു.

‘നിങ്ങള്‍ ഒരു പ്രതിച്ഛായയിലേക്ക് ചുരുക്കപ്പെട്ടാല്‍, അത് നെഗറ്റീവോ പോസിറ്റീവോ ആണെങ്കിലും, നിങ്ങളുടെ മാനുഷിക അവസ്ഥയെ മാത്രമല്ല സമനിലയെ വരെ ചിലപ്പോള്‍ ബാധിക്കും,’ ഉമര്‍ ഖാലിദ് പറഞ്ഞു.

നിങ്ങളെ അനുകൂലിക്കുന്നവര്‍ പോലും നിങ്ങളെ നിങ്ങളേക്കാള്‍ വലിയ ഒരാളായാവും ചിത്രീകരിക്കുക. ഞാനൊരു മനുഷ്യനാണെന്നോ എനിക്ക് എന്റേതായ അരരക്ഷിതാവസ്ഥകളും ദുര്‍ബലതകളും ഇംപെര്‍ഫെക്ഷനുകളുമുണ്ടെന്നോ അവര്‍ മറക്കുമെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.

ഇത്രയും വര്‍ഷങ്ങള്‍ തടവില്‍ കഴിഞ്ഞത് മനസിനെയും ശരീരത്തെയും ബാധിച്ചു. തന്റെ എല്ലാ ആശങ്കകളേയും അത് വഷളാക്കിയെന്നും അഭിമുഖത്തില്‍ ഉമര്‍ ഖാലിദ് പറയുന്നു. വര്‍ഷങ്ങളായി തുടരുന്ന തടവ് മോദി സര്‍ക്കാരിനോടുള്ള ഉമര്‍ ഖാലിദിന്റെ നിലപാടിനെ ദുര്‍ബലമാക്കിയിട്ടില്ലെന്ന് അഭിമുഖത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഹന്ന എലിസ് പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഇന്ത്യ ഒരു പോസ്റ്റ് ട്രൂത്ത് സൊസൈറ്റിയാവുന്ന പ്രക്രിയ പൂര്‍ണതയിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഉമര്‍ ഖാലിദ് അഭിപ്രായപ്പെട്ടു. നിശബ്ദരായിരിക്കുക എന്നത് ഒരു ഓപ്ഷനല്ല. ‘വംശഹത്യാപരമായ ഭാഷയുടെയയും വിദ്വേഷ പ്രസംഗങ്ങളുടെയും സ്വാഭാവിക വല്‍ക്കരണവും മഹത്വ വല്‍ക്കരണവും’ എന്നാണ് ‘ഇന്ത്യയില്‍ ഹിന്ദു ദേശീയതയുടെ രാഷ്ട്രീയത്തിന് മേല്‍ക്കൈ വന്നതിനെക്കുറിച്ച്’ ഉമര്‍ ഖാലിദ് അഭിപ്രായപ്പെട്ടതെന്നും ലേഖത്തില്‍ പറയുന്നു.

മുസ്‌ലിങ്ങള്‍ കൂടുതലായി അടിച്ചമര്‍ത്തപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും പൈശാചികവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ഒരു സമയത്ത് ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്താണ് താന്‍ വളര്‍ന്നത്. അത്തരം സാമൂഹ്യ സാഹചര്യങ്ങള്‍ മനസലിവുള്ള ആരെയും ബാധിക്കുമെന്നും അഭിമുഖത്തില്‍ ഉമര്‍ ഖാലിദ് പറഞ്ഞു.

2016ല്‍ ജെ.എന്‍.യുവിലെ സമരകാലത്ത് നടന്ന അറസ്റ്റിനെക്കുറിച്ചും ഉമര്‍ ഖാലിദ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘അതിന് ശേഷം എന്റെ ജീവിതം പഴയത് പോലെയായിരുന്നില്ല.’ എന്ന് ആ സംഭവത്തെക്കുറിച്ച് ഖാലിദ് പറഞ്ഞു. സി.എ.എ-എന്‍.ആര്‍.സി സമരകാലത്തെകുറിച്ചും ഉമര്‍ ഖാലിദ് സംസാരിച്ചു. സമരത്തില്‍ പങ്കെടുത്തതിന് താന്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ ഗൂഡാലോചന കേസുകള്‍ സ്വേച്ഛാധിപത്യ ദുര്‍ഭരണത്തിന്റെ സ്വഭാവമുള്ളതാണെന്ന് ഉമര്‍ ഖാലിദ് അഭിപ്രായപ്പെട്ടു.

കേസില്‍ വിചാരണ തടവ് നീളുകയും ജാമ്യം ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും ഉമര്‍ ഖാലിദ് സംസാരിച്ചു. ‘സ്വാതന്ത്ര്യത്തിനായുള്ള പ്രതീക്ഷ ഹൃദയം തകരാന്‍ കാരണമാവുന്നു.

പ്രതീക്ഷകള്‍ മെല്ലെ നിറം മങ്ങിത്തുടങ്ങുകയാണ്. ആശ്രയമായി പ്രതീക്ഷകളില്ലാതിരിക്കുമ്പോള്‍ ജയിലില്‍ അതിജീവിക്കുക എന്നത് അതി ഭയങ്കരമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് നിങ്ങളെ വൈകാരികമായും മാനസികമായും ശാരീരികമായും ബാധിക്കും.

ആറ് വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ ശരിക്കും നിരാശനാണെന്നും ഒറ്റപ്പെട്ടതായി തോന്നുന്നുവെന്നും തീര്‍ച്ചയായും പറയാന്‍ സാധിക്കും,’ ഉമര്‍ ഖാലിദ് പറഞ്ഞു.

പൗരത്വ സമരവുമായി ബന്ധപ്പെട്ട കേസിലെ വിചാരണ തടവില്‍ പ്രതിപക്ഷത്തിന്റെയോ സിവില്‍ സൊസൈറ്റിയുടെയോ സെലിബ്രിറ്റി ആക്റ്റിവിസ്റ്റുകളുടെയോ പ്രതിഷേധം ഉയരാത്തതിനെ ഉമര്‍ ഖാലിദ് അഭിമുഖത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പ്രതിപക്ഷം, സിവില്‍ സൊസൈറ്റി, സെലിബ്രിറ്റി ആക്ടിവിസ്റ്റുകള്‍ തുടങ്ങി ജനകീയ സമരങ്ങളെ മുതലെടുത്ത് കരിയറുണ്ടാക്കിയവരുടെ ഇപ്പോഴത്തെ മൗനം ശക്തിപ്പെടുത്തുന്നത് വിയോജിക്കുന്നവര്‍ക്കെതിരായ ഭരണകൂട നീക്കങ്ങളെയാണെന്ന് ഉമര്‍ ഖാലിദ് അഭിപ്രായപ്പെട്ടു.

Content Highlight: ‘Humanity is a privilege’: Umar Khalid interview on The Guardiian