വനിതാ ഏകദിന ലോകകപ്പില്‍ വമ്പന്‍ പ്രൈസ് മണി; 2023 പുരുഷ ലോകകപ്പിനേക്കാള്‍ കൂടുതല്‍
Sports News
വനിതാ ഏകദിന ലോകകപ്പില്‍ വമ്പന്‍ പ്രൈസ് മണി; 2023 പുരുഷ ലോകകപ്പിനേക്കാള്‍ കൂടുതല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st September 2025, 5:26 pm

സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെയാണ് 2025ലെ വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ പ്രൈസ് മണി ഇപ്പോള്‍ ഐ.സിസി പുറത്ത് വിട്ടിരിക്കുകയാണ്. 13.88 മില്യണ്‍ യു.എസ് ഡോളറാണ്. വനിതാ ലോകകപ്പ് എഡിഷനില്‍ ആദ്യമായാണ് ഇത്രയും വലിയ പ്രൈസ് മണി അനൗണ്‍സ് ചെയ്യുന്നത്.

2022ല്‍ നടന്ന ലോകകപ്പില്‍ 3.5 മില്യണ്‍ ഡോളറായിരുന്നു ഐ.സി.സി പ്രൈസ് മണിയായി പ്രഖ്യാപിച്ചത്. ഈ തുകയുടെ ഏകദേശം നാലിരട്ടിയാണ് ഇപ്പോള്‍ ഐ.സി.സി വിജയിക്കുന്ന ടീമിന് നല്‍കാനിരിക്കുന്നത്. അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ഈ തുക കഴിഞ്ഞ ഏകദിന പുരുഷ ലോകകപ്പിലെ പ്രൈസ് മണിയെക്കാള്‍ കൂടുതലാണ്. 10 മില്യണ്‍ ഡോളറാണ് ഐ.സി.സി പുരുഷ ലോകകപ്പിനായി നല്‍കുന്നത്.

‘വനിത ക്രിക്കറ്റിന്റെ യാത്രയിലെ ഒരു നിര്‍ണായക നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. വനിതാ ക്രിക്കറ്റിന് ഒരു നാഴികക്കല്ലായ നിമിഷമാണ് സമ്മാനത്തുകയിലെ ഈ നാലിരട്ടി വര്‍ധനവ്. അതിന്റെ ദീര്‍ഘകാല വളര്‍ച്ചയോടുള്ള ഞങ്ങളുടെ വ്യക്തമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

ഞങ്ങളുടെ സന്ദേശം ലളിതമാണ്. ഈ കായിക വിനോദം പ്രൊഫഷണലായി തെരഞ്ഞെടുത്താല്‍ പുരുഷന്മാരുമായി തുല്യമായി പരിഗണിക്കപ്പെടുമെന്ന് വനിതാ ക്രിക്കറ്റ് താരങ്ങള്‍ അറിഞ്ഞിരിക്കണം,’ ഐ.സി.സി ചെയര്‍മാന്‍ ജെയ് ഷാ പറഞ്ഞു.

സെപ്റ്റംബര്‍ 30നാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ രണ്ട് ആതിഥേയ രാജ്യങ്ങളുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. ഒക്ടോബര്‍ ഒന്നിന് ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ന്യൂസിലാന്‍ഡിനെ നേരിടും.

2025 വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചാരിണി, യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), സ്‌നേഹ് റാണ.

Content Highlight: Huge prize money in the Upcoming Women’s ODI World Cup