ലിവര്‍പൂള്‍ കളിച്ചപ്പോള്‍ മിണ്ടാതിരുന്നയാള്‍ ഇപ്പോള്‍ വന്ന് പ്രസംഗിക്കുന്നു; ക്ലോപ്പിനെതിരെ ആഞ്ഞടിച്ച് ബാഴ്‌സ ഇതിഹാസം
Sports News
ലിവര്‍പൂള്‍ കളിച്ചപ്പോള്‍ മിണ്ടാതിരുന്നയാള്‍ ഇപ്പോള്‍ വന്ന് പ്രസംഗിക്കുന്നു; ക്ലോപ്പിനെതിരെ ആഞ്ഞടിച്ച് ബാഴ്‌സ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st July 2025, 9:16 am

ക്ലബ്ബ് വേള്‍ഡ് കപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയ മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാഴ്‌സ ഇതിഹാസം ഹ്രിസ്റ്റോ സ്‌റ്റോയ്ഷകോവ്. താന്‍ പരിശീലിപ്പിക്കുന്ന ടീം ഉണ്ടായിരുന്നെങ്കില്‍ ക്ലോപ്പ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തില്ലെന്നും സ്റ്റോയ്ഷകോവ് പറഞ്ഞു.

മാര്‍ക്കയോട് സംസാരിക്കവെയാണ് ബാഴ്‌സ ഇതിഹാസം ക്ലോപ്പിനെതിരെ രംഗത്തുവന്നത്. ആര്‍.ബി സാല്‍സ്‌ബെര്‍ഗ് പുറത്തായതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാക്കിയെന്നും ഇതുകാരണമായിരിക്കാം ക്ലോപ്പ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നുമാണ് സ്റ്റോയ്ഷകോവ് പറയുന്നത്.

 

‘യര്‍ഗന്‍ (യര്‍ഗന്‍ ക്ലോപ്പ്) ഇത്തരമൊരു പരാമര്‍ശം നടത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സാല്‍സ്ബര്‍ഗ് പുറത്തായതില്‍ ഒരുപക്ഷേ അദ്ദേഹത്തിന് വിഷമമുണ്ടായിരിക്കും. ലിവര്‍പൂള്‍ ക്ലബ്ബ് വേള്‍ഡ് കപ്പ് കളിക്കുകയും പണം ലഭിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. കൂടുതല്‍ ബഹുമാനം നേടേണ്ടതുണ്ട്.

ചൈനയിലോ ജപ്പാനിലോ ഇന്തോനേഷ്യയിലോ പോയി കളിക്കുന്നതാണോ അതോ ഇത്തരമൊരു മഹത്തരമായ ടൂര്‍ണമെന്റില്‍ കളിക്കുന്നതാണോ മികച്ചത്, ഇതിലേതാണ് ക്ലോപ്പ് തെരഞ്ഞെടുക്കുക? ലിവര്‍പൂള്‍ കളിക്കുമ്പോള്‍ ഒരു തരത്തിലുള്ള പരാതിയും ഇവര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല.

 

ഇപ്പോള്‍ പെട്ടെന്ന് അദ്ദേഹം പരാതിയുമായി വന്നിരിക്കുകയാണ്. ചിലപ്പോള്‍ റെഡ് ബുള്‍ ഇല്ലാത്തത് തന്നെയായിരിക്കാം കാരണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റാണ്. ഒരുപാട് യുവതാരങ്ങള്‍ ഉയര്‍ന്നുവരികയും പങ്കെടുക്കുകയും ചെയ്യുന്ന പ്രധാന ടൂര്‍ണമെന്റാണ്. എന്നെ സംബന്ധിച്ച് ഇത് ഏറെ മികച്ചതാണ്. ഈ പരാതികള്‍ കൂടുതല്‍ സീരിയസായി പരിഗണിക്കണം,’ എന്നായിരുന്നു സ്റ്റോയ്ഷകോവ് പറഞ്ഞത്.

ചരിത്രത്തിലെ ഏറ്റവും മോശം ഐഡിയ എന്നാണ് ക്ലബ്ബ് വേള്‍ഡ് കപ്പിനെ കുറിച്ച് ക്ലോപ്പ് പറഞ്ഞത്. ഒരു ജര്‍മന്‍ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ക്ലോപ്പ്.

‘ഫുട്ബോള്‍ ചരിത്രത്തില്‍ കൊണ്ടുവന്നിട്ടുള്ളതില്‍ ഏറ്റവും മോശം തീരുമാനമാണ് ക്ലബ്ബ് വേള്‍ഡ് കപ്പ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തവരാണ് ഇതുപോലുള്ള ആശയവുമായി വരുന്നത്.

ഇതിലെ പ്രശ്നം എന്താണെന്ന് ഇനിയും പലര്‍ക്കും മനസിലായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത സീസണില്‍ താരങ്ങള്‍ക്ക് ഇതുവരെയില്ലാത്ത പരിക്കുകള്‍ വന്നേക്കും. അത് ആ സീസണില്‍ സംഭവിച്ചിട്ടില്ലെങ്കില്‍ ലോകകപ്പിലോ അത് കഴിഞ്ഞോ സംഭവിക്കും,’ ക്ലോപ്പ് പറഞ്ഞു.

ഈ പരാമര്‍ശങ്ങളെ അനുകൂലിച്ചും വിമര്‍ശിച്ചും ആരാധകര്‍ രംഗത്തുവന്നിരുന്നു.

 

Content Highlight: Hristo Stoichkov slams Jürgen Klopp after his remarks about Club World Cup