നവ കേരള നിര്‍മ്മാണത്തിന്റെ ബാലന്‍സ് ഷീറ്റ്
kERALA NEWS
നവ കേരള നിര്‍മ്മാണത്തിന്റെ ബാലന്‍സ് ഷീറ്റ്
സൗമ്യ ആര്‍. കൃഷ്ണ
Monday, 28th January 2019, 7:52 pm

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കേരളം പ്രളയഭൂമിയായി മാറിയ ആഗസ്തിനുശേഷം അഞ്ചു മാസം കൂടി കഴിഞ്ഞിരിക്കുന്നു. നീന്തിക്കയറേണ്ടതെങ്ങനെയെന്നുമാത്രം ചിന്തിക്കേണ്ടിയിരുന്ന ഈകാലയളവില്‍ പുനര്‍നിര്‍മ്മാണം പൊതു ചര്‍ച്ചകളിലൊന്നും അതര്‍ഹിക്കുന്ന രീതിയില്‍ വന്നില്ല. ബഡ്ജറ്റ് അവതരണത്തിന് മുമ്പെങ്കിലും പുനര്‍നിര്‍മ്മാണം എത്രത്തോളം എത്തി നില്‍ക്കുന്നുവെന്നന്വേഷിക്കേണ്ടതുണ്ട്.

പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാടെ തകര്‍ക്കാനുള്ള ശേഷിയുണ്ട്. തുടര്‍ച്ചയായി മൂന്ന് ദിവസത്തില്‍ കൂടുതല്‍ സാമ്പത്തിക വ്യവഹാരങ്ങള്‍ നടക്കാതിരുന്നാല്‍ തന്നെ സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ ബാധിക്കുമെന്നിരിക്കെ അതിന് പുറമേയുള്ള കൃഷിനാശവും സ്വകാര്യസ്വത്തുക്കള്‍ക്ക് സംഭവിച്ച നഷ്ടവും അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്ന് പോയതും പരിസ്ഥിതി നാശവും ചേര്‍ന്ന് സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കിയ തിരിച്ചടി വളരെ വലുതാണ്.

ദുരന്തനഷ്ടങ്ങളെക്കുറിച്ച് 2018 ആഗസ്ത് 30 ന് മുഖ്യമന്ത്രി പുറത്തിറക്കിയ എസ്റ്റിമേറ്റില്‍ 20000 കോടി രൂപയാണ് പ്രളയം വരുത്തിവെച്ച ആകെ നഷ്ടമായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 26ന് ഐക്യരാഷ്ട്ര സഭയുടെ സംഘം മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ 31000 കോടിയാണ് നഷ്ടം. കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വഴികളെ വിശകലനം ചെയ്യുകയാണിവിടെ.

കേരളത്തിനു ലഭിച്ച ഫണ്ടുകള്‍:

പ്രളയാനന്തരം നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാണ് പ്രധാനമായും ധനസമാഹരണം നടന്നത്. സി.എം.ഡി.ആര്‍.എഫ് വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 3211.06 കോടി രൂപയാണ് ആകെ ഇതുവഴി ലഭിച്ചത്.

സി.എം.ഡി.ആര്‍.എഫ് കൂടാതെ എസ്.ഡി.ആര്‍.എഫ്. (സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട്) വഴിയും സംസ്ഥാനത്തിന് 562 കോടി രൂപ ലഭിച്ചതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നു. ഇതിനു പുറമേ കേന്ദ്രം രണ്ട് തവണയായി കേരളത്തിന് അനുവദിച്ച 4149 കോടി രൂപയും ചേര്‍ന്നതാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് നിലവില്‍ കേരളത്തിന്റെ പക്കലമുള്ള മൂലധനം.

ഇപ്പോള്‍ പ്രളയ സെസ് ചുമത്താന്‍ കേരളത്തിന് അനുമതി ലഭിച്ചിരിക്കുകയാണ്. ഇതുവഴി നികുതിദായകര്‍ക്ക് വലിയ ഭാരം വരാതെ തന്നെ മോശമല്ലാത്ത തുക കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ തുകകൊണ്ട് പൂര്‍ത്തിയാവില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. “നിലവില്‍ അടിയന്തര സഹായത്തിന് ആവശ്യമായ തുക സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രളയത്തിന് മാത്രമായി വിനിയോഗിക്കുന്നതിനായി വിദേശ വായ്പകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ധനവിലയായ 30000 കോടി രൂപ വരുന്ന അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ തിരിച്ചു നല്‍കാം എന്നാണ് പ്രതീക്ഷ.”

Also Read:  ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ശ്രമിക്കരുത്; ചൈത്ര തെരേസ ജോണിനെതിരെ കോടിയേരി

ഇതുവരെ ചിലവഴിച്ചത്:

പ്രളയ ദുരിതബാധിതര്‍ക്ക് അടിയന്തര സഹായത്തിനായി 457.30 കോടി രൂപയും വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 742.39 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ അനുവദിച്ച മുഴുവന്‍ ആലപ്പുഴ, കാസര്‍ഗോഡ്, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകള്‍ക്ക് കൊടുത്തു കഴിഞ്ഞു. മറ്റ് ജില്ലകളില്‍ ആകെ അനുവദിച്ചതിന്റെ പകുതി തുകയും കൊടുത്തു കഴിഞ്ഞു..

ഓരോ ജില്ലയിലെയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി ഇപ്രകാരമാണ്.

കൊല്ലം:

12,03,74,600 രൂപയാണ് സി.എം.ഡി.ആര്‍.എഫില്‍ നിന്നും കൊല്ലം ജില്ലയ്ക്കായി ലഭിച്ചത്. ഇതില്‍ 9,81,29,200 രൂപ ഗുണഭോക്താക്കള്‍ക്ക് കൈമാറി. 2,22,45,400 രൂപ ഇനിയും ചിലവഴിക്കാനായി ബാക്കി നില്‍ക്കുന്നു.

കോട്ടയം:

41.44 കോടിരൂപയാണ് കോട്ടയം ജില്ലയ്ക്ക് സി.എം.ഡി.ആര്‍.എഫ് പ്രകാരം വകയിരുത്തിരിക്കുന്നത്. എന്നാല്‍ കോട്ടയം ജില്ലാ കലക്ട്രേറ്റ് 455086200 രൂപ അടിയന്തര സഹായമായി നല്‍കി എന്ന് അറിയിച്ചു. എസ്.ഡി.ആര്‍.എഫില്‍ നിന്ന് തകര്‍ന്ന വീടുകളുടെ ഉടമകള്‍ക്ക് ഒരു ലക്ഷം വീതം 6500 പേര്‍ക്കും നല്‍കി.

തൃശ്ശൂര്‍:

സി.എം.ഡി.ആര്‍.എഫില്‍ നിന്നും 193.16 കോടി രൂപയാണ് ജില്ലയ്ക്കായി ലഭിച്ചത്. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 173.345 കോടി ലഭിച്ചു. തുകയുടെ വിതരണം തുടരുന്നതിനാല്‍ ചിലവഴിച്ചതിന്റെ കണക്കുകള്‍ കൃത്യമായി ലഭിച്ചിട്ടില്ല.

ഇടുക്കി:

സി.എം.ഡി.ആര്‍.എഫ് പുറത്ത് വിട്ട കണക്ക് പ്രകാരം ഇടുക്കി ജില്ലയില്‍ 99.69 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എസ്.ഡി.ആര്‍.എഫിലെ ആദ്യ ഗഡു ഉപയോക്താക്കള്‍ക്ക് നല്‍കുകയും അതിന് പുറമേ 33 കോടി രൂപക്ക് വീണ്ടും അപേക്ഷിക്കുകയും തുക ലഭിക്കുകയും ചെയ്തു. എന്നാല്‍ ചിലവഴിച്ച തുകയുടെ വിശദമായ കണക്ക് ജില്ലാ ഭരണകൂടം നല്‍കിയിട്ടില്ല.

മറ്റു ജില്ലാ ആസ്ഥാനങ്ങളിലെ കണക്കുകള്‍ ലഭ്യമല്ല.

സി.എം.ഡി.ആര്.എഫ് പ്രകാരമുള്ള കണക്ക് ഇതാണ്

Also Read: വൃത്തിയില്ലെന്നാരോപിച്ച് പെരുമ്പാവൂരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ദളിതായ പാചകത്തൊഴിലാളി സ്ത്രീയെ പിരിച്ചുവിട്ടു

ഇല്ലാതായത് 13,431 വീടുകള്‍:

റവന്യൂ വകുപ്പിനും ജില്ലാ ഭരണകൂടങ്ങള്‍ക്കുമാണ് വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം. ഔദ്യോഗിക കണക്കനുസരിച്ച് പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ടവരുടെ എണ്ണം 13,431 ആണ്. ഇതില്‍ 7457 പേര്‍ സ്വന്തമായി വീട് പണിയാന്‍ സന്നദ്ധരാണെന്ന് ജില്ലാ ഭരണാധികാരികളെ അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ ഇവരില്‍ 7442 പേര്‍ക്ക് നല്‍കി കഴിഞ്ഞു. ബാക്കിയുള്ള 5000 വീടുകളില്‍ സഹകരണ മേഖലയിലെ കെയര്‍ ഹോം പദ്ധതി പ്രകാരം 1857 വീടുകള്‍ക്കുള്ള പണി തുടങ്ങി. ഇതില്‍ 1407 വീടുകള്‍ക്കുള്ള ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയും കൊടുത്തു കഴിഞ്ഞു. അതായത് ആകെ 8849 പേര്‍ക്ക് ഒരു ലക്ഷം രൂപ വെച്ച്  സര്‍ക്കാര്‍ നല്‍കി.

വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ കൂടാതെ വീടിന് 15 % നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ വരെ പട്ടികയിലുണ്ട്. 15% നഷ്ടം ഉണ്ടായവര്‍ക്ക് പതിനായിരം രൂപയാണ് നഷ്ടപരിഹാരം.127887 വീടുകളില്‍ 68619 പേര്‍ക്ക് ഇത് കൊടുത്തു കഴിഞ്ഞു എന്ന് ഉന്നത ഉദ്ദ്യോഗസ്ഥന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ആദ്യഗഡു ധനസഹായം ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ പേജിലൂടെ അറിയിച്ചിരുന്നു. “സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ച് 7457 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ബാക്കിയുള്ളവരില്‍ അര്‍ഹരായവര്‍ക്ക് അടുത്ത ആഴ്ചയോടെ ആദ്യഗഡു നല്‍കും. മൂന്ന് ഗഡുക്കളായാണ് വീട് പുനര്‍നിര്‍മ്മാണത്തിനുള്ള ധനസഹായം നല്‍കുക.

ഭാഗികമായി തകര്‍ന്ന 2,43,690 വീടുകളില്‍ 57,067 പേര്‍ക്ക് ധനസഹായം ലഭ്യമാക്കി. വീട് പുനര്‍നിര്‍മാണത്തിന് അപേക്ഷകരെ സഹായിക്കാന്‍ “സുരക്ഷിത കൂടൊരുക്കും കേരളം” എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ ജില്ലാകലക്ടര്‍മാര്‍ വിശദമായ പദ്ധതി തയ്യാറാക്കി വരികയാണ്. വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു.”

Also Read: പുരോഗമന മുന്നേറ്റങ്ങളെ അണച്ചുകളയരുത്: ആനന്ദ്

പി.ഡബ്ല്യൂ.ഡി നഷ്ടങ്ങള്‍:

4700 കോടി രൂപയുടെ നാശനഷ്ടമാണ് പി.ഡബ്ല്യൂ.ഡി കണക്കാക്കുന്നത്. 428 റോഡുകളാണ് തകര്‍ന്നത്. മണ്ണിടിച്ചില്‍ മൂലം 158 റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രളയാനന്തരം 2019 മാര്‍ച്ചോടെ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തുമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.

റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികക്കാവശ്യമായ തുക സമാഹരിക്കുന്നതിന് വിവിധ ഏജന്‍സികളുമായി ചര്‍ച്ച പുരോഗമിക്കുക്കയാണെന്ന് റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയുടെ ചുമതലയുള്ള വേണു വാസുദേവന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. .15000 കോടി രൂപയുടെ വായ്പക്കായുള്ള ചര്‍ച്ചകള്‍ ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. റോഡുകള്‍ താത്കാലികമായി അറ്റകുറ്റപണികള്‍ നടത്തുന്നതില്‍ കാര്യമില്ല. ഇനിയൊരു പ്രകൃതി ദുരന്തമുണ്ടായാലും അതിനെ അതിജീവിക്കാന്‍ കഴിയുന്നതരം റോഡുകള്‍ക്കായുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ജലസേചന സംവിധാനങ്ങള്‍ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. പല അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമായി വായ്പാകാര്യം സംസാരിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക നഷ്ടം ഒരു അവലോകനം:

അദ്യഘട്ട കണക്കെടുപ്പിനുശേഷമുള്ള റിപ്പോര്‍ട്ടനുസരിച്ച് 57,000 ഏക്കര്‍ ഭൂമിയെയാണ് പ്രളയം ബാധിച്ചത്്. 1361.73 കോടി രൂപയുടെ നഷ്ടമാണ് അന്ന് കണക്കാക്കിയിരുന്നത്. 3.14 ലക്ഷം കര്‍ഷകര്‍ പ്രളയദുരിതം അനുഭവിച്ചു്. മണ്ണിനും വിത്തുകള്‍ക്കുമുണ്ടായ അനാരോഗ്യകരമായ മാറ്റങ്ങള്‍ പഠിക്കാനും കര്‍ഷകരുടെ നഷ്ടം നികത്താനും ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കാനുമുള്ള ചുമതല കേരള കാര്‍ഷിക സര്‍വ്വകലാശാലക്കാണ്.
പ്രളയാനന്തരം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള വിവിധ സംഘങ്ങള്‍ ഓരോ ജില്ലകളിലുമെത്തി മണ്ണ് പരിശോധന നടത്തിയിരുന്നു. മണ്ണിന്റെ ഘടനക്ക് പ്രാദേശികമായി തന്നെ മാറ്റം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഇന്ദിരാ ദേവി ഡൂള്‍ന്യൂസിനോടു പറഞ്ഞത്. ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഇടുക്കിയില്‍ മേല്‍മണ്ണ് പൂര്‍ണ്ണമായി ഒലിച്ചു പോയ സ്ഥലങ്ങളുണ്ട്. കുട്ടനാട്ടില്‍ ബണ്ടുകള്‍ തകര്‍ന്നു. വീണ്ടും കെട്ടിയാണ് അവിടെ വിത്തിറക്കി തുടങ്ങിയത്. കണ്ടെത്തലുകള്‍ ജില്ലാ ആസ്ഥാനങ്ങളിലേക്ക് അയക്കുകയും വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പുനര്‍നിര്‍മാണം എവിടെയെത്തി? ധനമന്ത്രി തോമസ് ഐസക് സംസാരിക്കുന്നു:

പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം തടസങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. പുനര്‍നിര്‍മ്മാണം എവിടെ വരെയെത്തി എന്നതിന്റെ ഉത്തരം 31നു അവതരിപ്പിക്കുന്ന ബജറ്റില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട പുന:നിര്‍മ്മാണത്തിനും ദുരിതബാധിതര്‍ക്ക് അടിയന്തര സഹായത്തിനും യാതൊരുവിധ തടസ്സങ്ങളും നിലവില്ല. ഏഴ് ലക്ഷത്തില്‍പരമാളുകള്‍ക്ക് അടിയന്തര സഹായം നല്‍കി കഴിഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക ഭദ്രത തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാവും ബജറ്റെന്നും തോമസ് ഐസക് പറഞ്ഞു.

എന്നാല്‍ ധനമന്ത്രി അവകാശപ്പെടുന്നത്ര സുഖകരമല്ല കാര്യങ്ങളെന്നാണ് പ്രളയം വലിയ നാശംവിതച്ച പറവൂരിലെ എം.എല്‍.എ വി.ടി സതീശന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

“”പ്രളയാനന്തരം നടത്തിയ സര്‍വ്വേയിലും തുടര്‍ന്ന് തയ്യാറാക്കിയ പട്ടികയിലും അനാസ്ഥയുണ്ട്. പ്രളയത്തില്‍ നശിച്ച വീടുകളുടെ അന്തിമ പട്ടിക പോലും തയ്യാറായിട്ടില്ല. നഷ്ട പരിഹാരത്തിന് നാമമാത്രമായ തുക മാത്രമാണ് കൈമാറിയത്. നഷ്ടപരിഹാരം മുഴുവന്‍ കൊടുത്തിട്ടില്ല. ക്ഷീര കര്‍ഷകര്‍ക്ക് തുച്ഛമായ തുകയാണ് നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഒന്നും കോടുത്തിട്ടില്ല. ചെറുകിട വ്യാപാരികള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പുനര്‍നിര്‍മ്മാണത്തിനായി ശേഖരിച്ച ഏതാണ്ട് 7500 കോടി രൂപ സര്‍ക്കാരിന്റെ കൈയ്യിലുണ്ട്. അതിലെ അഞ്ചിലൊ ന്നു പോലും തുക ചിലവഴിച്ചിട്ടില്ല. പുനര്‍നിര്‍മ്മാണത്തില്‍ മുകള്‍ തട്ട് മുതല്‍ താഴെക്കിടയില്‍ വരെ അപാകതകള്‍ ഉണ്ട്. ജില്ലാ കലക്ടര്‍മാരും തഹസില്‍ദാര്‍മാരും അവരുടെ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഇത് കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ മുകളില്‍ ഒരു സംവിധാനം നിലവിലില്ല. മുന്‍ഗണനാ ക്രമം പോലുമില്ല ഇതിന്റെ വിതരണത്തില്‍. പൂര്‍ണ്ണമായി തകര്‍ന്ന വീടുകളുടെ കൃത്യമായ എണ്ണം വെട്ടി ചുരുക്കാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. അര്‍ഹതയുള്ള പലരും ലിസ്റ്റില്‍ പെട്ടിട്ടില്ല”.

Also Read:  അസമില്‍ പൗരത്വ പ്രശ്‌നം നേരിടുന്നവരില്‍ നാട് കടത്തിയവരും തടവുകാരും എത്രയെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി

എന്നാല്‍ വീടിന്റെ കാര്യത്തില്‍ പട്ടിക തയ്യാറാക്കുന്നതില്‍ അപാകത ചൂണ്ടികാണിക്കുന്നതിന്റെയൊന്നും യുക്തി മനസ്സിലാകുന്നില്ലെന്നാണ് വി.ഡി സതീശന്റെ ആരോപണത്തോട് പ്രതികരിച്ച് തോമസ് ഐസക് പറഞ്ഞത്. വീടില്ലാത്തവര്‍ക്ക് വീടുവെച്ചു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് ഒരു പട്ടികയില്‍ വന്നില്ലെങ്കില്‍ മറ്റൊന്നില്‍ ഉള്‍ക്കൊള്ളിക്കും. ഒരു ലക്ഷം വീടുകള്‍ ഇതുവരെ പണിതു.

തര്‍ക്കമുള്ളത്, വീടിന് കേട് സംഭവിച്ചതിന്റെ കാര്യത്തിലാണ്. അത് കൃത്യമായ അന്വേഷണത്തിന് ശേഷമേ ചെയ്യാന്‍ കഴിയൂ. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല. അവര്‍ ആവശ്യം ബോധിപ്പിച്ചാല്‍ അവഗണിക്കില്ല. കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ ആര്‍ക്കും പരാതിയില്ല. കാരണം അവിടെ എല്ലാ വീടുകളിലും വെള്ളം കയറിയതാണ്. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചില വീടുകള്‍ കണക്കില്‍പെടാതെ പോയേക്കാം. അത് ശ്രദ്ധയില്‍പ്പെട്ടാല്‍ തിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

തീരദേശവും കുട്ടനാടും മലയോര പ്രദേശവുമാണ് പ്രധാനമായും ശ്രദ്ധ നല്‍കുന്ന മേഖലകള്‍. തീരദേശത്തും കുട്ടനാട്ടിലും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനപ്പുറം ആശുപത്രികളും സ്‌കൂളുകളും മറ്റും നിര്‍മ്മിക്കുന്നത് പോലുള്ള ക്ഷേമ പദ്ധതികളും നടക്കുന്നുണ്ട്. എന്നാല്‍ മലയോര പ്രദേശങ്ങളില്‍ ഇതത്ര എളുപ്പമല്ല. വയനാടിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അത് ഒരു മാതൃകയാക്കി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കും. പ്രളയത്തില്‍ വ്യാപക നഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകരുടെ വിളകള്‍ക്ക് ഇരട്ടി വില നല്‍കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വലിയ ദുരന്തത്തെ അതിജീവിച്ച ഒരു ജനതയുടെ ആശങ്കകള്‍ക്ക് ഉത്തരമാകും ഫെബ്രുവരി 31 ന് അവതരിപ്പിക്കുന്ന ബജറ്റ്. നഷ്ടങ്ങളുടെ വലിയ തിരകള്‍ക്ക് മുമ്പില്‍ നവകേരളത്തിലേക്കുള്ള പ്രതീക്ഷയുടെ കൈനീട്ടിയാണ് കേരളം പ്രളയത്തെ അതിജീവിച്ചത്. എല്ലാം ശരിയാകും എന്ന് ഉറപ്പില്‍ വിശ്വസിച്ച് സര്‍ക്കാരിലേക്ക് ഉറ്റുനോക്കുകയാണ് കേരളം.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.