കൊവിഡ് കാലത്ത് കൂട്ടു വേണ്ടവര്‍ ; ലോക്ഡൗണ്‍ സമയത്തെ ഭിന്നശേഷി കുട്ടികള്‍ എങ്ങനെ മറികടക്കുന്നു?
Differently Abled
കൊവിഡ് കാലത്ത് കൂട്ടു വേണ്ടവര്‍ ; ലോക്ഡൗണ്‍ സമയത്തെ ഭിന്നശേഷി കുട്ടികള്‍ എങ്ങനെ മറികടക്കുന്നു?
അഭിനന്ദ് ബി.സി
Tuesday, 26th May 2020, 12:18 pm

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക ചുറ്റുപാടുകളിലടക്കം വരുന്ന മാറ്റങ്ങളുമായി പൊതു സമൂഹം സമരസപ്പെട്ടു വരേണ്ട സാഹചര്യമാണെങ്കില്‍ കൂടിയും ഒന്നിച്ചിരിക്കലും ഒത്തുകൂടലും അത്യന്താപേക്ഷിതമായവര്‍ കൂടി സംസ്ഥാനത്തുണ്ട്.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം വീടുകളില്‍ ഒതുങ്ങേണ്ടി വന്നവരില്‍ ഉള്‍പ്പെട്ടവരാണ് സംസ്ഥാനത്തെ ഭിന്നശേഷിക്കാരും. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തില്‍ ലോക്ഡൗണ്‍ വരുത്തിയ മാറ്റങ്ങള്‍ പലതരത്തിലാണ്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോവുന്ന അവസ്ഥയാണ് ഇതില്‍ പ്രധാനപ്പെട്ടത്. മറ്റു കുട്ടികളുമായി ഇടപഴകാനും കൂട്ടുകൂടാനും ഉള്ള അവസരം ഇവര്‍ക്കില്ലാതാവുന്നുണ്ട്. ആറു വയസ്സിനു താഴെയുള്ള ഭിന്ന ശേഷി കുട്ടികളെയും പ്രി പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള ഭിന്ന ശേഷി വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ച് ഡൂള്‍ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമാവുന്നത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ വിദ്യാര്‍ത്ഥികളുടെ പഠനരീതിയിലും പഠനാന്തരീക്ഷങ്ങളിലും കാര്യമായ മാറ്റം ചെലുത്തിയിട്ടുണ്ട് എന്നാണ്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈന്‍ മുഖേനയാവുന്നത് പ്രോത്സാഹിക്കുമെന്നാണ് വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ സംവിധാനവുമായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ എത്ര മാത്രം സമരസപ്പെടുമെന്നതിലും ആശങ്കയുണ്ട്.

സംസ്ഥാന വനിതാ ശിശു വികസന കേന്ദ്രത്തിന്റെ കീഴില്‍ ഭിന്നശേഷിക്കാരായ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന സ്‌പെഷ്യല്‍ അംഗന്‍വാടി പ്രൊജക്ടിലെ ടീച്ചര്‍ ശില്‍പ കെ.കെ പറയുന്നതിങ്ങനെ,

” മറ്റു കുട്ടികളുമായി ഇടപെടാനും കൂട്ടുകൂടാനുമുള്ള അവസരം ഇല്ലാതാവുന്നുണ്ട്. ഒറ്റ കുട്ടി മാത്രമുള്ള വീടുകള്‍ ഉണ്ടാവും. ഈ കുട്ടി ഇപ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കായി പോവുകയാണ്. ഒരുപാട് കുട്ടികളുള്ള അംഗന്‍വാടികളില്‍ വരുന്നതിലൂടെ ഒരുപാട് സന്തോഷം അവര്‍ക്ക് ലഭിക്കും. വീടുകളില്‍ അതിന് പരിമിതിയുണ്ട്,”  ടീച്ചര്‍ പറഞ്ഞു.

താല്‍ക്കാലികമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറുന്നത് എത്രത്തോളം പ്രായോഗികമാണെന്നതിലും സ്‌പെഷ്യല്‍ അംഗന്‍വാടി പ്രൊജക്ട് ടീച്ചര്‍മാര്‍ക്ക് ആശങ്കയുണ്ട്. ഭക്ഷണം കഴിക്കുന്നതുമുതല്‍ ഈ കുട്ടികളെ പരിശീലിപ്പിക്കേണ്ട സാഹചര്യത്തില്‍ ഭിന്നശേഷിക്കാരായ ചെറിയ കുട്ടികള്‍ക്ക് അവരുടെ സ്‌പെഷ്യല്‍ അംഗന്‍വാടി അധ്യാപകര്‍, മുതിര്‍ന്ന കുട്ടികള്‍ക്ക് റിസോര്‍സ് അധ്യാപകര്‍ തുടങ്ങിയവര്‍ നേരിട്ട് നല്‍കുന്ന പരിശീലനം ഇവരെ സംബന്ധിച്ചടത്തോളം ഒരു പ്രധാന ഘടകമാണ്.

” ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഒരു പ്രകൃതമെന്തെന്നാല്‍ അവര്‍ക്ക് ഒരു റിസോര്‍സ് ടീച്ചറുമായി മാനസിക അടുപ്പം വന്നാല്‍ ആ ടീച്ചറിലൂടെ ഈ കുട്ടിക്ക് ഒരുപാട് മാറ്റങ്ങള്‍ വരും. ആ കുട്ടി ഈ ടീച്ചറെ തന്നെ തുടര്‍ന്നും പ്രതീക്ഷിക്കും,” കേരള റിസോര്‍സ് ടീച്ചേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനോദ് കണ്ണൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ സംസ്ഥാനത്ത് ഭിന്ന ശേഷിക്കാരായ ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. കുട്ടികള്‍ക്ക്   ഫോണ്‍ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട്, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള തടസ്സം എന്നിവയാണ് ഇവരെ പഠിപ്പിക്കുന്ന റിസോര്‍സ് അധ്യാപകര്‍ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തില്‍ കാണുന്ന തടസ്സം.

കുരുന്നുകളുടെ ഇടമായിരുന്ന സ്‌പെഷ്യല്‍ അംഗന്‍വാടികള്‍

2016 ല്‍ സാമൂഹ്യ നീതി വകുപ്പിന്  കീഴില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച പ്രൊജക്ടാണ് സ്‌പെഷ്യല്‍ അംഗന്‍വാടി പ്രൊജക്ടുകള്‍. ഭിന്നശേഷിക്കാരായ ചെറിയ കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ അംഗന്‍വാടി തുടങ്ങിയതിലൂടെ ഉദ്ദേശിച്ചത് കുട്ടികള്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ തന്നെ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപരിധിവരെ ഇവരെ പ്രാപ്തരാക്കുക എന്നതാണ്. മറ്റു കുട്ടികളുമായി വളര്‍ച്ചയുടെ ഘട്ടത്തില്‍ തന്നെ ഇടപഴകാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കുന്നു.

ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം, പഠന വൈകല്യം, ബഹുവിധ വൈകല്യം, സെറിബ്രല്‍ പ്ലാസി, ഹിയറിംഗ് ഇംപെയര്‍മെന്റ്, അന്ധത തുടങ്ങിയ പരിമിതികള്‍ നേരിടുന്ന കുട്ടികള്‍ക്കാണ് സ്‌പെഷ്യല്‍ അംഗന്‍വാടികളിലൂടെ പരിശീലനം നല്‍കുന്നത്. ഇവിടെ മറ്റു കുട്ടികളും എത്തുന്നു.

ലോക്ഡൗണിനു മുമ്പ് കോഴിക്കോട് കോര്‍പ്പറേഷനിലെ അംഗന്‍വാടിയില്‍ സ്‌പെഷ്യല്‍ അംഗന്‍വാടി അധ്യാപിക കുട്ടിക്ക് പരിശീലനം നല്‍കുന്നു

കോഴിക്കോട് ജില്ലയില്‍ 21 ബ്ലോക്കുകളിലായി 75 സ്പെഷ്യല്‍ അംഗന്‍വാടികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ 75 സ്‌പെഷ്യല്‍ അംഗന്‍വാടികളിലായി ആറു വയസ്സിനു താഴെയുള്ള 600 ഓളം കുട്ടികള്‍ പഠിക്കുന്നു. ലോക്ഡൗണിനു ശേഷം ഇവരുടെ ക്ലാസുകള്‍ ഇപ്പോള്‍ അംഗന്‍വാടികളില്‍ നടക്കുന്നില്ല.

സ്പെഷ്യല്‍ അംഗന്‍വാടി കുട്ടികള്‍ക്ക് പരിശീലനങ്ങള്‍ വീഡിയോ എടുത്ത് ടീച്ചര്‍മാര്‍ ഇവരുടെ രക്ഷിതാക്കള്‍ക്ക് കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കുട്ടികള്‍ ചെയ്യുന്ന പരിശീലനം വീഡിയോ എടുത്ത് രക്ഷിതാക്കള്‍ ടീച്ചര്‍മാര്‍ക്ക് അയച്ചു കൊടുക്കുന്നു. പ്രി പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വരെയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും റിസോര്‍സ് അധ്യാപകര്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നല്‍കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് ഇത് ഒരു തടസ്സമാണ്.

പരിമിതികളുണ്ട് എന്നാല്‍ പരാതിയില്ല,

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ തങ്ങളെ ബാധിച്ചെങ്കിലും അതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് ചില കുട്ടികള്‍ക്ക് കൂട്ടുകാരെ കാണാനാവാതെ വന്നെങ്കിലും വീട്ടുകാരുടെ സാമീപ്യം പതിവില്‍ കൂടുതല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ലഭിക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്.

” ഞങ്ങള്‍ക്കിവിടെ ചെറുതായി ഒരു കൃഷിയുണ്ട്. അതില്‍ സഹായിക്കാന്‍ ഇപ്പോള്‍ മകള്‍ വരാറുണ്ട്. കൈകഴുകാനും മറ്റും ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പഠിക്കുന്നതിന്റെ ഫോട്ടോ എടുത്ത് ടീച്ചര്‍മാര്‍ക്ക് അയക്കും എന്നവള്‍ക്കറിയാം. അതിനാല്‍ പഠിക്കാനും താല്‍പര്യം കാണിക്കുന്നു,” സ്പെഷ്യല്‍ അംഗന്‍വാടിയില്‍ പഠിക്കുന്ന  ശിവാനിയുടെ അമ്മ  പ്രണവശ്രീ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മുമ്പ് കുട്ടിയെ പഠിപ്പിക്കാന്‍ വീട്ടിലെ ഒരാളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ വീട്ടിലെ അംഗങ്ങളെല്ലാം കുട്ടിയോടൊപ്പം പഠനത്തിനും മറ്റുമായി സമയം കണ്ടെത്താന്‍ ലോക്ഡൗണ്‍ സമയം ഉപകരിച്ചെന്ന് പല മാതാപിതാക്കളും പറഞ്ഞതായി സ്പെഷ്യല്‍ അംഗന്‍വാടി ടീച്ചര്‍ ഷമീന ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

” ഈ കുട്ടികളുടെ യഥാര്‍ത്ഥ പരിശീലകര്‍ എന്നു പറയുന്നത് അവരുടെ അച്ഛനും അമ്മയും തന്നെയാണ്. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനാവശ്യമായ പരിശീലനം നല്‍കുക എന്നതാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള വഴി,” സ്പെഷല്‍ അംഗന്‍വാടി കോര്‍ഡിനേറ്ററായ മുജീബ് റഹ്മാന്‍  ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിനന്ദ് ബി.സി
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.