ഓക്‌സിജൻ പ്ലാന്റിന് കേന്ദ്രം കാശ് തന്നോ ? എന്തുകൊണ്ട് കേരളത്തിൽ ഓക്‌സിജൻ ക്ഷാമമില്ല ? | Kerala Model
അശ്വിന്‍ രാജ്

അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം മുഴുവന്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ഓക്സിജന്‍ കിട്ടാതെ ദിനം പ്രതി അനേകം പേരാണ് രാജ്യത്ത് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലും കേരളത്തില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലാത്തതും  മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്സിജന്‍ നല്‍കിയതും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇതോടെ കേരളത്തില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലാത്തതിന്റെ കാരണം കേന്ദ്രത്തിന്റെ ഇടപെടലുകളാണെന്നും കേന്ദ്രം 5 ഓക്സിജന്‍ പ്ലാന്റുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങളുമായി ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ പ്രൊഫൈലുകളും രംഗത്ത് വന്നിരുന്നു. കേന്ദ്രത്തിന്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കാതെ കേരളം പാഴാക്കിയെന്നും ചിലര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്താണ് ഈ പ്രചാരണങ്ങളുടെ യഥാര്‍ത്ഥ വസ്തുത, കേരളത്തിന് 5 ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനായി ജനുവരി മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിരുന്നോ? എന്തുകൊണ്ടാണ് ഈ ഘട്ടത്തിലും കേരളത്തില്‍ ഓക്സിജന്‍ ക്ഷാമമില്ലാത്തത്? ഡൂള്‍ എക്‌സ്‌പ്ലൈനര്‍ പരിശോധിക്കുന്നു.

ബി.ജെ.പി നേതാക്കളായ സന്ദീപ് വചസ്പതി, പി.ആര്‍ ശിവശങ്കരന്‍ തുടങ്ങിയവരായിരുന്നു കേരളത്തിലെ ഓക്‌സിജന്‍ പ്ലാന്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ചത്.

കേരളത്തിന് ഓക്സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഉദ്ദരിച്ചുകൊണ്ടായിരുന്നു സന്ദീപ് വചസ്പതിയുടെ പ്രചരണം. ജനുവരി മാസത്തില്‍ തന്നെ കേന്ദ്രം 5 ഓക്സിജന്‍ പ്ലാന്റുകള്‍ പണിയാന്‍ പണം തന്നതുകൊണ്ടാണ് സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്ന് പറയാന്‍ കേരളത്തിന് സാധിച്ചത് എന്നായിരുന്നു സന്ദീപ് വചസ്പതിയുടെ പോസ്റ്റ്.

ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസ് റിലീസും സന്ദീപ് പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ തന്നെയായിരുന്നു പി.ആര്‍ ശിവശങ്കരന്റെയും ആരോപണം. മാതൃഭൂമി ചാനലിലെ ചര്‍ച്ചയിലാണ് ഇന്ത്യയില്‍ 162 ഓക്സിജന്‍ പ്ലാന്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചെന്നും ഇതില്‍ അഞ്ച് എണ്ണം കേരളത്തില്‍ ആണെന്നും പി.ആര്‍ ശിവശങ്കരന്‍ പറഞ്ഞത്. പി.എം കെയര്‍ ഫണ്ടിലൂടെ 162 പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള തുക കേന്ദ്രം അനുവദിച്ചെന്നും 32 സംസ്ഥാനങ്ങളിലായിട്ടാണ് ഈ പ്ലാന്റുകള്‍ നിര്‍മ്മിച്ചതെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.

എന്നാല്‍ ബി.ജെ.പി നേതാക്കള്‍ അവകാശവാദമുന്നയിക്കുന്ന ഈ പ്ലാന്റുകള്‍ നിലവില്‍ നിര്‍മിച്ചവയല്ല, നിര്‍മിക്കാനായി തുക വകയിരുത്തിയിട്ടുള്ളത് മാത്രമാണ്. 2021 ജനുവരിയില്‍, വിവിധ സംസ്ഥാനങ്ങള്‍ക്കായി 162 പി.എസ്.എ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനായി 137.33 കോടി രൂപ നല്‍കുമെന്നും ഈ പ്ലാന്റുകള്‍ നിര്‍മ്മിക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഈ തുക കൂടാതെ പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകളുടെ മെയിന്റെയിന്‍സിനായി 64.25 കോടി രൂപയും നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. അതായത് മേല്‍ പറഞ്ഞ 162 പ്ലാന്റുകള്‍ നിലവില്‍ നിര്‍മിച്ചവയല്ല നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചവയാണ് എന്നര്‍ത്ഥം.

രാജ്യത്ത് ഇതുവരെ 33 പ്ലാന്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഏപ്രില്‍ 18 ന് ചെയ്ത ഔദ്യോഗിക ട്വീറ്റില്‍ പറയുന്നത്. കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പരിയാരം മെഡിക്കല്‍ കോളെജുകളിലാണ് നിര്‍ദ്ദിഷ്ട പി.എസ്.എ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഈ പ്ലാന്റുകള്‍ എല്ലാം ആശുപത്രികളില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റുകളാണ്. കേരളത്തിലേക്കായി പ്രഖ്യാപിക്കപ്പെട്ട അഞ്ച് ഓക്സിജന്‍ പ്ലാന്റുകളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ നിര്‍മിക്കാന്‍ പോകുന്ന ഈ പ്ലാന്റുകളിളുടെ ടെന്‍ണ്ടര്‍ നടപടികള്‍ പോലും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. 2021 ഫെബ്രുവരി 8 ാം തിയ്യതിയാണ് ടെന്‍ണ്ടര്‍ വിളിച്ചിരിക്കുന്നത്. ഇതിന്റെ അവസാന തിയ്യതി ജൂലായ് 31 ആണ്.

കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമമില്ലാത്തതിന്റെ കാരണങ്ങള്‍ ബി.ജെ.പി നേതാക്കള്‍ പറയുന്നത് പോലെ കേന്ദ്രം ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മിച്ചതല്ല. കേരള സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതികളില്‍ ഒന്നായിരുന്നു വ്യവസായ വകുപ്പിനു കീഴിലുള്ള കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ ഓക്‌സിജന്‍ പ്ലാന്റ്. ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മ്മാണത്തിനാവശ്യമായ ഓക്‌സിജന്‍ നിര്‍മ്മിക്കുകയും ശേഷിക്കുന്ന ഓക്‌സിജന്‍ ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്യുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം

കഴിഞ്ഞ ഓക്ടോബറിലാണ് കേരളത്തില്‍ കെ.എം.എം.എല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. 58 കോടി രൂപയാണ് ഈ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ചെലവായത്.

ഈ പ്ലാന്റ് കൂടാതെ സ്വകാര്യമേഖലയിലും കേരളത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട് കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ഐനോക്‌സ് എയര്‍ പ്രൊഡക്ട്‌സ്, എറണാകുളത്തെ പ്രാക്‌സെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഇതില്‍ ചിലതാണ്.

2021 ഏപ്രില്‍ 7 ലെ കണക്കുകളനുസരിച്ച് കേരളത്തിലെ കൊവിഡ് രോഗികളുടെ മൊത്തം മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യം പ്രതിദിനം 20.6 മെട്രിക് ടണ്‍ ആയിരുന്നു. മറ്റ് രോഗികള്‍ക്ക് ഇത് പ്രതിദിനം 42.35 മെട്രിക് ടണ്‍ ആയിരുന്നു.

രണ്ടാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ ആവശ്യം കോവിഡ് രോഗികള്‍ക്ക് പ്രതിദിനം 31.60 മെട്രിക് ടണ്ണായി ഉയര്‍ന്നു. സാധാരണ രോഗികള്‍ക്ക് ഈ ആവശ്യം നേരിയ തോതില്‍ 42.65 മെട്രിക് ടണ്ണായി ഉയര്‍ന്നു.

ഏപ്രില്‍ 30 ഓടെ സംസ്ഥാനത്ത് 103.51 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് 199 മെട്രിക് ടണ്‍ വരെ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കേരളത്തിലെ ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് കഴിയും.

അതുകൊണ്ടാണ് കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടാത്തത്. കേരളത്തില്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിജനില്‍ നിന്നാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഗോവയിലേക്ക് 19 മെട്രിക് ടണ്ണും തമിഴ്നാട്ടിലേക്ക് 72 മെട്രിക് ടണ്ണും കര്‍ണാടകയിലേക്ക് 36 മെട്രിക് ടണ്ണും കേരളം വിതരണം ചെയ്തത്.

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.