ലോകത്തിലെ ഏറ്റവും നീചനായ വ്യക്തി എങ്ങനെയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്; ഖാംനഇയുടെ വിലാപ യാത്രയില്‍ ട്രംപിനെതിരെ വധ ഭീഷണി
Trending
ലോകത്തിലെ ഏറ്റവും നീചനായ വ്യക്തി എങ്ങനെയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്; ഖാംനഇയുടെ വിലാപ യാത്രയില്‍ ട്രംപിനെതിരെ വധ ഭീഷണി
നിഷാന. വി.വി
Sunday, 5th July 2026, 12:15 pm

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വിലാപ യാത്രക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ആഹ്വാനം. ചടങ്ങില്‍ സംസാരിച്ച മുഹമ്മദ് റസൂലി എന്ന കവിയാണ് ഇത് സംബന്ധിച്ച ആഹ്വാനം നടത്തിയത്.

‘ലോകത്തിലെ ഏറ്റവും നീചനായ മനുഷ്യന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നദ്ദേഹം ചോദിച്ചു. ലോകം ഇനി ട്രംപിന് നല്ല സ്ഥലമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനക്കൂട്ടത്തിനിടയില്‍ ആര്‍പ്പുവിളികള്‍ ഉണ്ടാക്കുകയും അമേരിക്കയ്ക്ക് നാശം, ഇസ്രഈലിന് നാശം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

ലക്ഷക്കണക്കിന് ആളുകളായിരുന്നു ഖാംനഇയുടെ വിലാപ യാത്രയില്‍ പങ്കെടുക്കാനെത്തിയത്.
കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ജനക്കൂട്ടം ട്രംപിന്റെ നാശം, ഇസ്രഈലിന്റെ നാശം എന്നിങ്ങനെയുള്ള പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു.

നേരത്തെ ഖാംനഇയുടെ വിലാപയാത്രയ്ക്കിടെ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്‍ ഭരണകൂടത്തെ മുഴുവന്‍ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ആക്സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വിവാദ പ്രസ്താവന.

ഖാംനഇയുടെ വിലാപയാത്രയില്‍ ഇറാന്റെ ഉന്നത നേതാക്കളെല്ലാം ഒരുമിച്ചുണ്ടായിരുന്നുവെന്നും, അമേരിക്ക ആഗ്രഹിച്ചിരുന്നെങ്കില്‍ ഒരൊറ്റ നീക്കത്തിലൂടെ അവരെയെല്ലാം വധിക്കാമായിരുന്നു എന്നും ട്രംപ് പറഞ്ഞു.

ഞാന്‍ ഖാംനഇയുടെ വിലാപയാത്ര കാണുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവിടെയുള്ള എല്ലാവരെയും നമുക്ക് തുടച്ചുനീക്കാമായിരുന്നു,’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഇറാന്‍ നേതൃത്വത്തെ ഇല്ലാതാക്കാതിരുന്നത് അവരോടുള്ള ദയ കൊണ്ടല്ലെന്നും മറിച്ച് ഭാവിയില്‍ നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആളുകള്‍ വേണം എന്നതുകൊണ്ട് മാത്രമാണ് ആക്രമിക്കാതിരുന്നത് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും കൊന്നൊടുക്കിയാല്‍ പിന്നീട് ചര്‍ച്ച നടത്താന്‍ ആരുമുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

വിലാപയാത്ര തീരുന്നതുവരെ ചര്‍ച്ചകള്‍ക്ക് ഒരാഴ്ചത്തെ ഇടവേള നല്‍കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും ഈ സമയത്ത് ഇരുപക്ഷത്തുനിന്നും ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ, അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മൗണ്ട് റഷ്മോറില്‍ നടത്തിയ പ്രസംഗത്തില്‍, ‘ഞങ്ങള്‍ ഇറാനെ തകര്‍ത്തുതരിപ്പണമാക്കി, അവര്‍ ചര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ നല്ലവരായതുകൊണ്ടാണ് വിലാപയാത്രയ്ക്കായി അവര്‍ക്ക് ഒരാഴ്ചത്തെ അവധി നല്‍കിയത്’ എന്നും ട്രംപ് പരിഹസിച്ചു.

അതേസമയം, ഖാംനഇയുടെ സംസ്‌കാര ചടങ്ങിലും വിലാപ യാത്രയിലും പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്ക ആഗോള തലത്തില്‍ വലിയ സമ്മര്‍ദം ചെലുത്തിയതായി ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: How is the most vile person in the world still alive? Death threat against Trump during Khamenei’s funeral procession.

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.