ആരും പിരിഞ്ഞുപോകരുത്; ഇല്ലോളം കുറച്ച് അത്ഭുതങ്ങള്‍ നടന്നാല്‍ ഇന്ത്യ ഫൈനലിലെത്തും
Asia Cup 2022
ആരും പിരിഞ്ഞുപോകരുത്; ഇല്ലോളം കുറച്ച് അത്ഭുതങ്ങള്‍ നടന്നാല്‍ ഇന്ത്യ ഫൈനലിലെത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th September 2022, 9:20 am

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കയുമായുള്ള മാച്ച് കൂടി പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ ഏകദേശം കത്തിക്കരിഞ്ഞ മട്ടാണ്. ഏഷ്യാ കപ്പിലെ അടുത്ത ഹാട്രികും കൂടി നേടുമെന്നെല്ലാം പറഞ്ഞെത്തിയ ടീം സൂപ്പര്‍ ഫോറില്‍ കടന്നതോടെ കിതച്ചുപോയി.

ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്‍ ജയിച്ചതെങ്കില്‍ ആറ് വിക്കറ്റ് ജയമാണ് ശ്രീലങ്ക നേടിയത്. ഇനി ഇന്ത്യക്ക് ഏഷ്യ കപ്പ് ഫൈനല്‍ കാണണമെങ്കില്‍ ബാക്കി ടീമുകളുടെ മാച്ചും കണ്ട് കാത്തിരിക്കണം. നടക്കാനിരിക്കുന്ന മൂന്ന് മാച്ചുകളില്‍ ആര് ആരെ തോല്‍പ്പിക്കുന്നു എന്നത് അനുസരിച്ചിരിക്കും ഇന്ത്യയുടെ സാധ്യതകള്‍.

അതിന് ഇനി നടക്കാനിരിക്കുന്ന രണ്ട് മാച്ചുകളില്‍ പാകിസ്ഥാന്‍ തോല്‍ക്കണം. അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് പാകിസ്ഥാനെ തോല്‍പ്പിക്കേണ്ടത്. പാകിസ്ഥാന്റെ നിലവിലെ പെര്‍ഫോമന്‍സ് വെച്ച് രണ്ട് കളിയിലും പാകിസ്ഥാന്‍ തോല്‍ക്കുമോയെന്നത് ചോദ്യചിഹ്നമാണെങ്കിലും അങ്ങനെ പ്രതീക്ഷിക്കുകയല്ലാതെ ഇന്ത്യക്ക് മുന്നില്‍ വേറെ വഴിയില്ല.

ബാക്കി ചെയ്യാനുള്ളത് ഇന്ത്യക്ക് തന്നെയാണ്. ഇനി ശേഷിക്കുന്ന ഒരേയൊരു മാച്ചില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ തോല്‍പ്പിക്കണം. തീര്‍ന്നില്ല, നെറ്റ് റണ്‍റേറ്റില്‍ ശ്രീലങ്കക്കും അഫ്ഗാനിസ്ഥാനിനും മുകളിലെത്താനും ഇന്ത്യക്ക് കഴിയണം. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഇനി ഫൈനലിലേക്ക് കയറാന്‍ പറ്റൂ.

കഴിഞ്ഞ ദിവസം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സായിരുന്നു നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ 11ല്‍ നില്‍ക്കവെ ഓപ്പണര്‍ കെ.എല്‍. രാഹുലിനെ നഷ്ടമായ ഇന്ത്യക്ക് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കവെ അടുത്ത പ്രഹരവും നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോ വിരാട് കോഹ്‌ലിയെയായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. നാല് പന്ത് നേരിട്ട് ഒരു റണ്‍ പോലും നേടാന്‍ സാധിക്കാതെയാണ് വിരാട് പുറത്തായത്.

രാഹുലും വിരാടും പുറത്തായെങ്കിലും രോഹിത് അടി തുടര്‍ന്നു. നാലാമനായി എത്തിയ സൂര്യകുമാറിനെ കൂട്ടുപിടിച്ച് രോഹിത് സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ ടീം സ്‌കോര്‍ 110ലും വ്യക്തിഗത സ്‌കോര്‍ 72ലും നില്‍ക്കവെ രോഹിത് പുറത്തായി.

പാതും നിസങ്കയുടെ പന്തില്‍ ചമിക കരുണരത്നെക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 41 പന്ത് നേരിട്ട് അഞ്ച് ഫോറും നാല് സിക്സറും ഉള്‍പ്പടെയാണ് രോഹിത് വെടിക്കെട്ട് നടത്തിയത്.

രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവും താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്തു. 29 പന്തില്‍ നിന്നും 34 റണ്‍സാണ് താരം സ്വന്തമാക്കിയത്. പിന്നാലെയെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.

നാല് ഓവറില്‍  മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദില്‍ഷന്‍ മധുശങ്കയാണ് ലങ്കന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. മധുശങ്കക്ക് പുറമെ ക്യാപ്റ്റന്‍ ദാസുന്‍ ഷണക രണ്ട് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ചമിക കരുണരത്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. മഹീഷ് തീക്ഷണയാണ് ശേഷിക്കുന്ന വിക്കറ്റ് പിഴുതത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍മാരായ പാത്തും നിസംഗയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് കെട്ടിപ്പടുത്ത റണ്‍സ് തുണയായി. 57 ഉും 52 ഉം റണ്‍സ് അടിച്ചെടുത്ത് അവര്‍ നിലയുറപ്പിച്ചെങ്കിലും മധ്യ ഓവറുകളിലേക്ക് എത്തിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. യുസ്‌വേന്ദ്ര ചഹലും ആര്‍. അശ്വിനും വിക്കറ്റുകള്‍ വീഴ്ത്തി.

പക്ഷെ അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും റണ്‍സ് വഴങ്ങിയതോടെ ശ്രീലങ്കക്ക് കാര്യങ്ങള്‍ എളുപ്പമായി. എറിഞ്ഞ അവസാന ഓവറില്‍ ഒരു ബൗണ്ടറി പോലും നല്‍കാതെ അര്‍ഷ്ദീപ് സിങ് ശ്രീലങ്കയെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും ശ്രീലങ്ക ഡബിള്‍ ഓടിയെടുത്തു. ആറ് ബോളില്‍ നിന്നും ഏഴ് റണ്‍സെന്ന അവസാന കടമ്പ ഒരു പന്ത് ശേഷിക്കേ ശ്രീലങ്ക മറികടന്നു. ഔട്ടാകാതെ ഭാനുക രജപക്‌സെ 25ഉം ക്യാപ്റ്റന്‍ ദാസുന്‍ ശനുക 33 റണ്‍സും നേടി.

Content Highlight: How India can still go to Asia Cup finals, the possibilities