തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് രാജ്യസഭാ എം.പിയും സി.പി.ഐ.എം നേതാവുമായ ജോണ്‍ ബ്രിട്ടാസ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അരഡസന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളിലെ കേമനാണ് വി.ഡി. സതീശനെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.
ധനമന്ത്രിയേക്കാള്‍ കൂടുതല്‍ ധനകാര്യം തനിക്ക് അറിയാമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന വ്യക്തി കൂടിയാണ് വി.ഡി. സതീശനെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എന്‍.ഡി.ടി.വിയുടെ കോണ്‍ക്ലേവില്‍ വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം പങ്കുവെച്ചുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനം.
നമ്മള്‍ അതിഥി തൊഴിലാളികളെന്ന് വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് പണം അടിച്ചുമാറ്റുന്നുവെന്നാണ് വി.ഡി. സതീശന്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഈ പരാമര്‍ശം ആരെയും അമ്പരപ്പിക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കൃത്യമായി പറഞ്ഞാല്‍ ‘സൈഫണ്‍’ (Siphon) എന്ന വാക്കാണ് വി.ഡി. സതീശന്‍ ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമവിരുദ്ധമായി പണം കൊണ്ടുപോകുന്നതിനെയാണ് ‘സൈഫണ്‍’ എന്ന് ഉദ്ദേശിക്കുന്നത്.
അതിഥി തൊഴിലാളികള്‍ അന്തിവരെ കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന കൂലി കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നത് എങ്ങനെ സൈഫണാകും? അങ്ങനെയാണെങ്കില്‍ മലയാളി സഹോദരങ്ങള്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലിയെടുത്ത് നാട്ടിലേക്ക് പണം അയക്കുന്നതിനെ എന്ത് വിളിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലേക്ക് അയച്ചത് 2.14 ലക്ഷം കോടി രൂപയുടെ വിദേശനാണ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്നവര്‍ ഇതുപോലെയുള്ള പ്രസ്താവനകള്‍ ഒരിക്കലും നടത്താന്‍ പാടില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തില്‍ മൂന്ന് മില്യണിലധികം അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും എല്ലാ ഞായറാഴ്ചയും അവര്‍ക്ക് ഒരാഴ്ചത്തെ വേതനം ലഭിക്കുമെന്നും അത് അവര്‍ എല്ലാ തിങ്കളാഴ്ചയും അവരുടെ സംസ്ഥാനത്തേക്ക് അയക്കുമെന്നാണ് വി.ഡി. സതീശന്‍ കോണ്‍ക്ലേവില്‍ പറഞ്ഞത്. ഇത്തരത്തില്‍ വലിയൊരു തുകയാണ് കേരളത്തില്‍ നിന്ന് സൈഫണ്‍ ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
Content Highlight: How can it be a siphon for guest workers to send their wages to their families? John Brittas to V.D. Satheesan