കുര്‍ബാന തര്‍ക്കവും ആന്റണി കരിയിലിന്റെ രാജിയും; സിറോ മലബാര്‍ സഭയില്‍ സംഭവിക്കുന്നതെന്ത് ?
details
കുര്‍ബാന തര്‍ക്കവും ആന്റണി കരിയിലിന്റെ രാജിയും; സിറോ മലബാര്‍ സഭയില്‍ സംഭവിക്കുന്നതെന്ത് ?
അന്ന കീർത്തി ജോർജ്
Wednesday, 27th July 2022, 8:58 pm

ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പ്രധാന പ്രാര്‍ത്ഥന-ആരാധന രൂപമായ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ പല തരത്തിലുള്ള തര്‍ക്കങ്ങള്‍ക്കും വൈദീകര്‍ നടത്തുന്ന സമരങ്ങള്‍ക്കും ഇപ്പോ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയിലിനെ സ്ഥാനത്ത് നിന്നും നീക്കുന്നതിലേക്കും വരെ വഴി വെച്ചിരിക്കുകയാണ്.

എന്താണ് കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കങ്ങള്‍? വത്തിക്കാന്‍ നിര്‍ദേശത്തെ എതിര്‍ക്കുന്ന പുരോഹിതരും ക്രൈസ്തവ ഗ്രൂപ്പുകളും മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ എന്തൊക്കെയാണ്? ആന്റണി കരിയിലിനെ സ്ഥാനത്ത് നിന്നും നീക്കുന്നതോടെ തര്‍ക്കങ്ങള്‍ക്ക് ശമനമാകുമോ?, പരിശോധിക്കാം

സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഒരൊറ്റ രീതിയില്‍ തന്നെ കുര്‍ബാന അര്‍പ്പിക്കണം എന്ന് ബിഷപ്പുമാരുടെ സിനഡ് തീരുമാനിച്ചതാണ് ഇന്ന് നടക്കുന്ന തര്‍ക്കങ്ങളുടെ തുടക്കം. 2021 ആഗസ്റ്റിലാണ് ഇങ്ങനെയൊരു നിര്‍ദേശം വരുന്നത്. സിനഡിന്റെ നിര്‍ദേശ പ്രകാരം, കുര്‍ബാനയുടെ ആദ്യ ഭാഗങ്ങളില്‍ മാത്രം വൈദീകന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുകയും പിന്നീടുള്ള ഭാഗത്തെല്ലാം തിരിഞ്ഞുനിന്ന് ദൈവീകരൂപങ്ങളെ അഭിമുഖീകരിച്ചും കുര്‍ബാന അര്‍പ്പിക്കണം.

ഇതിന്റെ വിവിധ വശങ്ങളിലേക്ക് പോകും മുന്‍പ് എങ്ങനെയാണ് നിലവില്‍ കുര്‍ബാന ചൊല്ലുന്നത് എന്ന് കൂടി നോക്കേണ്ടതുണ്ട്. സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ വിവിധ വിഭാഗങ്ങളിലും, പ്രാദേശികമായും കുര്‍ബാന ചൊല്ലുന്നതില്‍ ചില വ്യത്യാസങ്ങളുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദീകര്‍ വിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടാണ് കുര്‍ബാന ചൊല്ലുക. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ വിശ്വാസികളില്‍ നിന്നും മുഖം തിരിഞ്ഞ് ദൈവീകരൂപകങ്ങളെ മാത്രം അഭിമുഖീകരിച്ചുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയുണ്ട്. ഇനി കണ്ടുവരുന്ന മൂന്നാമത്തെ രീതി എന്നു പറയുന്നത്, കുര്‍ബാനയുടെ ഭൂരിഭാഗം സമയവും വൈദീകന്‍ വിശ്വാസികള്‍ക്ക് നേരെ നില്‍ക്കുകയും ചില പ്രത്യേക സമയത്ത് പ്രാര്‍ത്ഥനകള്‍ ചൊല്ലാനായി തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നതാണ്.

മാര്‍ ആന്‍റണി കരിയില്‍

കഴിഞ്ഞ വര്‍ഷം ബിഷപ്പുമാരുടെ സിനഡ് ഇങ്ങനെ വ്യത്യസ്ത രീതികളില്‍ കുര്‍ബാന ചൊല്ലുന്നത് അവസാനിപ്പിച്ച് ഒരൊറ്റ രീതിയിലാക്കണം എന്ന നിര്‍ദേശം പുറപ്പെടുവിച്ചു. വത്തിക്കാനും മാര്‍പാപ്പയും കുര്‍ബാനയടക്കമുള്ള കാര്യങ്ങളില്‍ കത്തോലിക്കസഭയില്‍ ഒരു ഏകീകൃത രൂപം കൊണ്ടുവരണമെന്ന നിര്‍ദേശം 2021 ജൂലൈയില്‍ നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് സിനഡിന്റെ നിര്‍ദേശം വരുന്നത്. ആഗസ്റ്റിലായിരുന്നു ഇത്. കാലങ്ങളായി ഉയരുന്ന ആവശ്യമാണിതെന്നും കൊവിഡ് കാലത്ത് കുര്‍ബാന ചൊല്ലുന്നതുമായി ബന്ധപ്പെട്ട് പല രീതികള്‍ കെകൊള്ളേണ്ടി വന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും പുതിയ തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിരവധി ബിഷപ്പുമാരുടെയും വൈദീകരുടെയും എതിര്‍പ്പ് പരിഗണിക്കാതെയാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ വൈദീകരുടെ നേതൃത്വത്തിലുള്ള ഉപവാസ സമരം, ബിഷപ്പുമാരെ നേരിട്ട് പോയി കണ്ട് പരാതി സമര്‍പ്പിക്കല്‍, പഴയ രീതിയില്‍ തന്നെ കുര്‍ബാന ചൊല്ലല്‍ തുടരല്‍ എന്നിങ്ങനെ പല രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നത്. സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ പല രൂപതകളും അവരുടെ അധ്യക്ഷന്മാരും ഏകീകൃത കുര്‍ബാന എന്നതിനെ അംഗീകരിച്ചെങ്കിലും എറണാകുളം-അങ്കമാലി രൂപത പ്രതിഷേധം തുടര്‍ന്നു. സിറോ മലബാര്‍ സഭയുടെ രണ്ടാമത്തെ വലിയ രൂപതയുടെ ഭാഗത്തുനിന്നും വന്ന പ്രതിഷേധം സഭയെ സമ്മര്‍ദത്തിലാക്കിയിരുന്നു.

പുതിയ ഏകീകൃത രീതിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നു

ജനാഭിമുഖമായി നിന്നുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതി കാലങ്ങളായി തുടരുന്നതാണെന്നും അത് മാറ്റേണ്ടതില്ലെന്നുമാണ് പ്രതിഷേധക്കാര്‍ അറിയിച്ചത്. മാത്രമല്ല വൈദീകരുമായോ വിശ്വാസികളുമായോ യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രാദേശികമായ സഭകളുടെ സ്വാതന്ത്ര്യത്തെയും വൈവിധ്യങ്ങളെയും വ്യത്യസ്തമായ രീതികളെയും അംഗീകരിച്ചുകൊണ്ടാണ് കത്തോലിക്ക സഭ നിലനില്‍ക്കുന്നതെന്നും അതിനെ കൂടിയാണ് സിനഡിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ വെല്ലുവിളിക്കുന്നതെന്നും ഇവര്‍ പറയുന്നു.

വിശ്വാസികള്‍ക്കിടയിലും പുതിയ രീതിയെ എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവര്‍ എന്നിങ്ങനെ രണ്ട് ചേരികളുണ്ടാകുന്നുണ്ട്. പുതിയ കുര്‍ബാന രീതിയുമായി ബന്ധപ്പെട്ട കര്‍ദിനാളിന്റെ ലേഖനം പള്ളികളില്‍ വായിക്കാന്‍ അനുവദിക്കില്ലെന്ന് മുദ്രാവാക്യമുയര്‍ത്തിയവര്‍ അവ പള്ളിമുറ്റത്ത് വെച്ചു കത്തിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു.

മാര്‍ ആന്റണി കരിയിലിന്റെ രാജി വരെ എത്തിനില്‍ക്കുന്ന സംഭവങ്ങള്‍ കൂടി പരിശോധിക്കാം. 2022 ജനുവരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതരും വിശ്വാസികളും നിരാഹാരസമരം ആരംഭിച്ചു. ഇതേ തുടര്‍ന്ന് പഴയ രീതിയില്‍ തന്നെ കുര്‍ബാന തുടരാന്‍ കരിയില്‍ അനുവാദം നല്‍കി. എന്നാല്‍ ഫെബ്രുവരിയില്‍ ആരാധനക്രമം സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാവരുതെന്ന് മാര്‍പാപ്പ പൗരസ്ത്യസഭാ ബിഷപ്പുമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

മാര്‍ ജോര്‍ജ് ആലഞ്ചേരി

ഇതിനിടയില്‍ പുതിയ ആരാധനാക്രമം നടപ്പിലാക്കാന്‍ ഡിസംബര്‍ 25വരെ സമയം നീട്ടിചോദിച്ച് പല വൈദീകരും രംഗത്തെത്തി. ഈ ആവശ്യത്തെ കരിയില്‍ അംഗീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ തീരുമാനത്തെ സഭയിലെ ഉന്നതനേതൃത്വം എതിര്‍ത്തു. പിന്നീട് 2022 ഏപ്രില്‍ ഏഴിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയും ബിഷപ്പ് ആന്റണി കരിയിലും ഒപ്പുവെച്ച പുതിയ സര്‍ക്കുലര്‍ വന്നു. 2022 ഏപ്രില്‍ പത്ത് ഓശാന ഞായര്‍ മുതല്‍ കുര്‍ബാന ചൊല്ലുന്നതില്‍ പുതിയ രീതി കൊണ്ടുവരുമെന്നായിരുന്നു ഈ സര്‍ക്കുലറിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം അന്നുതന്നെ ഉയര്‍ന്നു. പുരോഹിതരായിരുന്നു പ്രതിഷേധത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത്. സര്‍ക്കുലര്‍ ഇറങ്ങി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ആന്റണി കരിയിലിനെ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ആരാധനാക്രമം സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടയിലാണ് കരിയിലില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം രാജി ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളും വരുന്നത്. വത്തിക്കാന്‍ സ്ഥാനപതിയുമായി എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രതിനിധി സംഘവും കരിയിലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ ആന്റണി കരിയില്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗികമായ ഉത്തരവ് വരും ദിവസങ്ങളിലായിരിക്കും വരുന്നത്.

ജനാഭിമുഖമായുള്ള കുര്‍ബാന

എറണാകുളം-അങ്കമാലി രൂപതയിലെ ഭൂരിഭാഗം പേരും ഇപ്പോഴും പുതിയ ആരാധനാക്രമത്തെ അംഗീകരിച്ചിട്ടില്ല. കരിയിലിനെ രാജിവെപ്പിച്ച നടപടിക്കെതിരെ പുരോഹിതര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സിനഡിനെയും മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സംരക്ഷിക്കാനായാണ് വത്തിക്കാന്‍ ഈ നീക്കം നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം.

നേരത്തെ ആലഞ്ചേരിക്കൊപ്പം നിന്ന കരിയില്‍ ആ നിലപാടുകളില്‍ നിന്നും പുറകോട്ട് പോകാന്‍ തുടങ്ങിയത് ആലഞ്ചേരിയെ ചൊടുപ്പിച്ചുവെന്നും അതാണ് നീക്കത്തിന് പിന്നിലെന്നും ചില കോണുകളില്‍ നിന്നും ആരോപണങ്ങളുയരുന്നുണ്ട്. കരിയിലിന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ പുതിയ ആരാധനാക്രമത്തിനെതിരെയുള്ള പ്രതിഷേധം ഒരുപക്ഷെ കൂടുതല്‍ ശക്തമാകുമെന്നാണ് ചില നിരീക്ഷണങ്ങള്‍. എന്നാല്‍ കരിയിലിന് പകരം സിനഡ് അനുകൂലിയായ ഒരാള്‍ സ്ഥാനത്തെത്തിയാല്‍ അതോടെ പ്രതിഷേധം കെട്ടടങ്ങുമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

Content Highlight: Holy mass row in Syro Malabar sabha and Mar Antony Kariyil’s resignation – explained

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.