| Monday, 23rd June 2025, 9:52 pm

ഈ പോക്കാണെങ്കില്‍ ലോണെടുക്കേണ്ടി വരും, ജൂണ്‍- ജൂലൈയില്‍ വമ്പന്‍ സിനിമകളുമായി ഹോളിവുഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്ത് എല്ലാ കാലത്തും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഇന്‍ഡസ്ട്രിയാണ് ഹോളിവുഡ്. ലോകസിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹോളിവുഡിന് എല്ലായിടത്തും ആരാധകരുണ്ട്. ഹോളിവുഡിന്റെ സമ്മര്‍ സീസണായ ജൂണ്‍- ജൂലൈ മാസത്തിലെ റിലീസുകളാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

വിവിധ ഴോണറുകളിലായി നിരവധി സിനിമകളാണ് ഈ സീസണില്‍ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. സൂപ്പര്‍ഹീറോ സിനിമകളില്‍ ഏറ്റവുമധികം ആരാധകരുള്ള മാര്‍വലിന്റെയും ഡി.സിയുടെയും സിനിമകള്‍ രണ്ടാഴ്ച വ്യത്യാസത്തില്‍ തിയേറ്ററുകളിലെത്തുന്നു എന്നതും ഈ സമ്മര്‍ സീസണിന്റെ പ്രത്യേകതകളിലൊന്നാണ്.

ജോണ്‍ വിക്ക് ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രം ബല്ലെറിന, ഡാനി ബോയല്‍ സംവിധാനം ചെയ്യുന്ന 28 ഇയേഴ്‌സ് ലേറ്റര്‍ എന്നീ ചിത്രങ്ങള്‍ ഇതിനോടകം പ്രദര്‍ശനത്തിനെത്തി. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐഫോണില്‍ ചിത്രീകരിച്ച 28 ഇയേഴ്‌സ് ലേറ്റര്‍ അതിഗംഭീര സിനിമാനുഭവമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ബ്രാഡ് പിറ്റ് പ്രധാനവേഷത്തിലെത്തുന്ന എഫ് വണ്‍ ആണ് ഈ മാസത്തെ ഏറ്റവും പ്രധാന ചിത്രം. ടോപ് ഗണ്‍ മാവറിക്കിന് ശേഷം ജോസഫ് കസിന്‍സ്‌കി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സാകുമെന്നാണ് പലരും പറയുന്നത്. ഡോള്‍ബിയിലും ഐമാക്‌സിലും പ്രത്യേകം എന്‍ലാര്‍ജ് ചെയ്ത ചിത്രം ജൂണ്‍ 27ന് തിയേറ്ററുകളിലെത്തും.

ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രമായ ജുറാസിക് വേള്‍ഡ്: റീബെര്‍ത്താണ് ജൂലൈ മാസത്തിലെ പ്രധാന ചിത്രങ്ങളിലൊന്ന്. ഗോഡ്‌സില്ല എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഗാരെത് എഡ്വാര്‍ഡ്‌സ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ രണ്ടിന് പ്രദര്‍ശനത്തിനെത്തും. ആദ്യ വീക്കെന്‍ഡില്‍ തന്നെ 150മില്യണോളം കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്.

മാര്‍വലില്‍ നിന്ന് ഡി.സിയിലേക്കെത്തിയ ജെയിംസ് ഗണ്‍ അണിയിച്ചൊരുക്കുന്ന സൂപ്പര്‍മാനാണ് ജൂലൈ മാസത്തിലെ മറ്റൊരു ആകര്‍ഷണം. ഹെന്റി കാവില്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ ഡേവിഡ് കോറെന്‍സ്‌വെറ്റാണ് പുതിയ സൂപ്പര്‍മാനായി വേഷമിടുന്നത്. ഡി.സിയുടെ വമ്പന്‍ തിരിച്ചുവരവാകും ചിത്രമെന്നാണ് ആരാധകര്‍ കരുതുന്നത്. ജൂലൈ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

മാര്‍വലിന്റെ ഫേസ് സെവനിലെ ആദ്യ ചിത്രമായ ഫന്റാസ്റ്റിക് ഫോര്‍: ദി ഫസ്റ്റ് സ്റ്റെപ്പും ജൂലൈയില്‍ പ്രേക്ഷകരിലേക്കെത്തും. മികച്ച പ്രതികരണം ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടേണ്ടി വന്ന തണ്ടര്‍ബോള്‍ട്‌സിന് ശേഷം തിയേറ്ററുകളിലെത്തുന്ന ചിത്രമെന്ന നിലയില്‍ ഫന്റാസ്റ്റിക് ഫോറില്‍ പ്രതീക്ഷകളേറെയാണ്. ഇത്രയും സിനിമകള്‍ ഒരുമിച്ചെത്തുമ്പോള്‍ ഏത് വിജയിക്കുമെന്ന് പ്രവചിക്കാനാകാതെ നില്‍ക്കുകയാണ് ആരാധകര്‍.

Content Highlight: Hollywood biggies of summer 2025 discussing on social media

We use cookies to give you the best possible experience. Learn more