കേന്ദ്രം അടിച്ചമര്‍ത്തുന്നവന്റെ പക്ഷത്ത്; മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തെ ചരിത്രം പ്രായോഗിക നയതന്ത്രമായി കണക്കാക്കില്ല: സി.പി.ഐ
India
കേന്ദ്രം അടിച്ചമര്‍ത്തുന്നവന്റെ പക്ഷത്ത്; മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തെ ചരിത്രം പ്രായോഗിക നയതന്ത്രമായി കണക്കാക്കില്ല: സി.പി.ഐ
രാഗേന്ദു. പി.ആര്‍
Thursday, 26th February 2026, 7:50 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനും നെസെറ്റിലെ പ്രസംഗത്തിനുമെതിരെ സി.പി.ഐ ദേശീയ നേതൃത്വം.

ഗസയില്‍ സൈനിക നടപടികള്‍ തുടരുകയും വെസ്റ്റ് ബാങ്കില്‍ അക്രമവും നിര്‍ബന്ധിത കുടിയിറക്കവും രൂക്ഷമാവുകയും ചെയ്യുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ ഇസ്രഈല്‍ സന്ദര്‍ശനമെന്ന് സി.പി.ഐ പറഞ്ഞു.

മോദിയുടെ ഈ സന്ദര്‍ശനത്തെ ഒരു പതിവ് നയതന്ത്ര ഇടപെടലായി കണക്കാക്കാനാവില്ല. പതിനായിരക്കണക്കിന് ഫലസ്തീന്‍ സിവിലിയന്മാരെ കൊല്ലുന്നതിലും വീടുകളും ആശുപത്രികളും മറ്റു അടിസ്ഥാന സൗകര്യങ്ങളും വന്‍തോതില്‍ നശിപ്പിക്കുന്നതിലും കലാശിച്ച ഒരു സര്‍ക്കാരിന്റെ രാഷ്ട്രീയ അംഗീകാരമാണിതെന്നും സി.പി.ഐ പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിന് നഷ്ടപ്പെട്ട ഇസ്രഈലി ജീവനുകള്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയപ്പോള്‍, ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച വിനാശകരമായ മനുഷ്യ ദുരിതത്തെക്കുറിച്ച് അസ്വസ്ഥത ഉളവാക്കുന്ന നിശബ്ദതയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രകടമായതെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിയന്ത്രണത്തിലുള്ള ‘സമാധാന ബോര്‍ഡ്’ പോലുള്ള നാടക സംരംഭങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടുകളെ മറികടക്കാനും ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അവകാശങ്ങള്‍ നേര്‍പ്പിക്കാനുമുള്ള ശ്രമങ്ങളെയാണ് പ്രകടമാക്കുന്നതെന്നും വിമര്‍ശനമുണ്ട്.

അധിനിവേശ-ഭീകര ശക്തിയുമായി തുറന്ന രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നതിലൂടെ, നിലവിലെ സര്‍ക്കാര്‍ തന്ത്രപരമായ സ്വയംഭരണം പ്രയോഗിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.

കേന്ദ്രം അടിച്ചമര്‍ത്തുന്നവന്റെ പക്ഷത്താണ്. ചരിത്രം മോദിയുടെ ഈ സന്ദര്‍ശനത്തെ പ്രായോഗിക നയതന്ത്രമായി കണക്കാക്കില്ല. ഇക്കാലയളവിലെ ലജ്ജാകരമായ പ്രവൃത്തിയായി രേഖപ്പെടുത്തുമെന്നും സി.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇസ്രഈലിനൊപ്പം നില്‍ക്കുമെന്നാണ് നെസെറ്റിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത്. ഈ നിമിഷവും അടുത്ത നിമിഷവും ഇന്ത്യ ഇസ്രഈലിനൊപ്പം ഉറച്ചുനില്‍ക്കുമെന്നായിരുന്നു പരാമര്‍ശം.

ഇസ്രഈലുമായുള്ള ബന്ധം രക്തം കൊണ്ടും ത്യാഗം കൊണ്ടും രചിക്കപ്പെട്ടതാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് 4000ത്തിലേറ ഇന്ത്യന്‍ സൈനികര്‍ ഈ പ്രദേശത്ത് ജീവന്‍ വെടിഞ്ഞുവെന്നും മോദി പറഞ്ഞു.

അതേസമയം മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഒരേസമയം ഇന്ത്യയിലെയും ഇസ്രഈലിയെയും പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. മോദി ഫലസ്തീന്‍ ജനതയെ മനപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് വിമര്‍ശനം.

Content Highlight: History will not consider Modi’s visit to Israel as practical diplomacy: CPI

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.