വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം തുടരാന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇറാനിലെ ഭരണകൂടത്തെ തകര്‍ക്കാനും മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മിക്കാനുമുള്ള ചരിത്രപരമായ അവസരമാണ് നിലവിലെ യുദ്ധമെന്ന് അദ്ദേഹം പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ സര്‍ക്കാരിനെ നശിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് ട്രംപിനോട് സൗദി കിരീടവകാശി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ഇറാനിലെ നിലവിലെ ഭരണകൂടം ഗള്‍ഫ് മേഖലയ്ക്ക് എന്നും ഭീഷണിയാണെന്നും അവരെ പൂര്‍ണമായും അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് സൗദിയുടെ രഹസ്യ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്ക ഇപ്പോള്‍ യുദ്ധത്തില്‍ നിന്ന് പിന്മാറിയാല്‍, ഇറാന്‍ വീണ്ടും സംഘടിക്കുമെന്നും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സൗദിയിലെ എണ്ണപ്പാടങ്ങളും നഗരങ്ങളും ആക്രമിക്കുമെന്നും കിരീടാവകാശി ഭയപ്പെടുന്നു.
ഇതാണ് യുദ്ധം തുടരാന്‍ സൗദി കിരീടവകാശി ആവശ്യപ്പെടുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം യുദ്ധം നീട്ടികൊണ്ടുപോവാന്‍ കിരീടവകാശി പ്രേരിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സൗദി ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ട്.
‘ ഈ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദി അറേബ്യ എല്ലായ്‌പ്പോഴും സമാധാനപരമായ ഒരു പരിഹാരത്തെ പിന്തുണച്ചിട്ടുണ്ട്,’ സൗദി പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ ജനങ്ങള്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ദൈനംദിന ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കുക എന്നതാണ് ഇന്നത്തെ തങ്ങളുടെ പ്രധാന ആശങ്കയെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
‘ നയതന്ത്ര പരിഹാരങ്ങള്‍ക്ക് പകരം അപകടകരമായ ഒരു തന്ത്രമാണ് ഇറാന്‍ തെരഞ്ഞെടുത്തത്. ഇത് ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളെയും ദോഷകരമായി ബാധിക്കുന്നു. ഇറാനെ ഒഴികെ,’ പ്രസ്താവനയില്‍ പറയുന്നു.
ഫെബ്രുവരി 28 നാണ് ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക സംയുക്ത ആക്രമണം നടന്നത്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പടെ നിരവധി നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലട്ടിരുന്നു.
പിന്നാലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തു.
ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. എണ്ണ വ്യാപാരം വലിയ പ്രതിസന്ധിയണ് നേരിടുന്നത്.
Content Highlight: ‘Historic opportunity to break up the Middle East’: Bin Salman tells Trump to continue war
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.