ഹിന്ദുത്വ പൊതുബോധവും കെ. ദാമോദരന്റെ ധൈഷണിക സംഭാവനകളും
DISCOURSE
ഹിന്ദുത്വ പൊതുബോധവും കെ. ദാമോദരന്റെ ധൈഷണിക സംഭാവനകളും
കെ.ടി. കുഞ്ഞിക്കണ്ണന്‍
Thursday, 3rd July 2025, 10:43 am
ഇന്ന് പുരാണങ്ങളെയും പൗരാണിക ദര്‍ശനങ്ങളെയെല്ലാം ഹിന്ദുമതാധികാരത്തിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍ക്കായി അപനിര്‍മ്മിക്കപ്പെടുകയാണല്ലോ. ഫാസിസത്തിന്റെ ഇരുള്‍ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും എല്ലാ ആധുനികമായ ചിന്താസരണികളെയും കീഴടക്കുകയാണ്. ഈയൊരുകാലത്ത് അജ്ഞതയുടെയും ചരിത്രനിരാകരണത്തിന്റേതുമായ ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാന്‍ കെ.ദാമോദരന്റെ ചിന്തകളും പഠനങ്ങളും വലിയ തെളിച്ചമാണ് നല്‍കുന്നത്. കെ.ദാമോദരന്റെ 49-ാം ചരമവാര്‍ഷികദിനം അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെ പഠിച്ചും പഠിപ്പിച്ചും ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ | കെ.ടി. കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യഘടകത്തിന് ജന്മം നല്‍കിയ ദീര്‍ഘദര്‍ശികളും ധിഷണാശാലികളുമായ സ്വാതന്ത്ര്യ സമരസേനാനികളില്‍ ഒരാളുടെ ചരമദിനമാണിന്ന്. സഖാവ് കെ.ദാമോദരന്റെ ചരമദിനം. 1976-ല്‍ ജൂണ്‍ മൂന്നിനാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ധിഷണാശാലിയായ സ:കെ.ദാമോദരന്‍ മരണമടയുന്നത്.

അടിയന്തരാവസ്ഥയുടെ ആത്മസംഘര്‍ഷങ്ങളും രാഷ്ട്രീയ സന്നിഗ്ധതകളും നിറഞ്ഞുനിന്ന സാഹചര്യത്തിലാണ് സംഭവബഹുലമായ തന്റെ ജീവിതത്തിന് കെ.ദാമോദരന്‍ തിരശ്ശീലയിടുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50-ാം വാര്‍ഷികം രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികള്‍ നിയോഫാസിസ്റ്റ്ശക്തികള്‍ക്കെതിരായ പ്രതിരോധത്തിന്റെ ആലോചനകളുമായി ആചരിക്കുന്ന സന്ദര്‍ഭത്തിലാണ് കെ.ദാമോദരന്റെ ചരമദിനം കടന്നുപോകുന്നത്.

കെ.ദാമോദരന്‍ K Damodaran

കെ.ദാമോദരന്‍

കേരളത്തിലെ ഒന്നാമത്തെ കമ്യൂണിസ്റ്റുകാരനായിട്ടാണ് സഖാവ് കെ.ദാമോദരനെ പല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 1937-ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമഘടകം കേരളത്തില്‍ രൂപംകൊള്ളുന്നതിന് ഒരു വര്‍ഷം മുമ്പ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടി അംഗമായികഴിഞ്ഞിരുന്നു.

കാശി വിദ്യാപീഠത്തിലെ തന്റെ വിദ്യാഭ്യാസ കാലത്താണ് കമ്യൂണിസ്റ്റ് ആശയങ്ങളും നേതാക്കളുമായി അദ്ദേഹത്തിന് ബന്ധമുണ്ടാകുന്നത്. വ്യത്യസ്തമായ വാദങ്ങള്‍ ഇക്കാര്യത്തിലുണ്ടെന്നും കാണണം. തലശ്ശേരിക്കാരനായ എ.സി.എ.എന്‍.നമ്പ്യാര്‍ ജര്‍മ്മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നേരത്തെ അംഗമായിരുന്നു.

1928-ല്‍ എന്‍.സി.ശേഖറും പൊന്നറ ശ്രീധറും എന്‍.വി.കുരിക്കളും തിരുവട്ടാര്‍ താണുപ്പിള്ള എന്നിവരുമെല്ലാം ചേര്‍ന്ന് തിരുവിതാംകൂറില്‍ ഒരു രഹസ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പിന് രൂപം നല്‍കുന്നുണ്ട്. ഇവര്‍ക്ക് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോഴാണ് കേരളത്തിലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ട് ആദ്യം അംഗത്വമെടുത്ത കമ്യൂണിസ്റ്റുകാരനായി കെ. ദാമോദരന്‍ അടയാളപ്പെടുത്തപ്പെടുന്നത്.

കെ.ദാമോദരന്‍ കാശി വിദ്യാപീഠത്തില്‍ നിന്നും കേരളത്തിലെത്തുമ്പോഴേക്കും കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ നിശ്ചലമായിക്കഴിഞ്ഞിരുന്നു. എന്‍.സി.ശേഖര്‍ ഉള്‍പ്പെടെയുള്ള ആ രഹസ്യഗ്രൂപ്പിന്റെ സംഘാടകര്‍ തങ്ങളുടെ കമ്യൂണിസ്റ്റ് ചിന്താഗതി നിലനിര്‍ത്തിക്കൊണ്ടുതന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സജീവമായിരുന്നു.

പി. കൃഷ്ണപിള്ള p krishna pillai

പി. കൃഷ്ണപിള്ള

ഇവരെല്ലാം പി.കൃഷ്ണപിള്ളയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ ആരംഭിക്കുകയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കകത്ത് കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ളവരുടെ ഏകോപനത്തിനുവേണ്ടി ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. കൃഷ്ണപിള്ളയാകട്ടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ബോംബെ-ലക്നൗ എ.ഐ.സി.സി സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും അവിടെ രഹസ്യമായി വിതരണം ചെയ്തിരുന്ന ലഘുലേഖകളും കമ്യൂണിസ്റ്റ് പാര്‍ടി പ്രസിദ്ധീകരണങ്ങളും വായിക്കുകയും മനസ്സുകൊണ്ട് കമ്യൂണിസ്റ്റ് അനുഭാവിയായി മാറുകയും ചെയ്തു.

കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തെതുടര്‍ന്ന് അറസ്റ്റുചെയ്ത് കണ്ണൂര്‍ ജയിലിലടക്കപ്പെട്ട ഇ.എം.എസിനാകട്ടെ ബംഗാളില്‍ നിന്നുള്ള വിപ്ലവകാരികളുമായുള്ള ബന്ധം വഴി കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം രൂപപ്പെടുകയും ചെയ്തു.

E.M.S

ഇ.എം.എസ്‌

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മറ്റിയില്‍ ദക്ഷിണേന്ത്യയിലെ പാര്‍ടി സംഘടനയുടെ ചുമതല വഹിച്ചിരുന്ന സുന്ദരയ്യയും എസ്.വി.ഖാട്ടെയുമായി ചേര്‍ന്നാണ് കേരളത്തിലെ ആദ്യത്തെ പാര്‍ടിഘടക രൂപീകരണത്തിനുള്ള സാഹചര്യം ഒരുക്കപ്പെടുന്നത്.

അങ്ങനെയാണ് 1937-ല്‍ കോഴിക്കോട് കല്ലായ് റോട്ടിലെ ഒരു പച്ചക്കറിക്കടയുടെ മാളികമുറിയില്‍ എസ്.വി.ഖാട്ടെയുടെ സാന്നിധ്യത്തില്‍ സഖാക്കള്‍ കൃഷ്ണപിള്ളയും കെ.ദാമോദരനും എന്‍.സി.ശേഖറും ഇ.എം.എസും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമഘടകം രൂപീകരിക്കുന്നത്.

ഇതിന്റെ സംഘാടക പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് കെ.ദാമോദരന്‍ വഹിച്ചത്. പരസ്യപ്പെടുത്താതെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ക്കിടയില്‍ ഒരു അടിത്തറയുണ്ടാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയെ വളര്‍ത്തിയെടുക്കുകയെന്നതായിരുന്നു 1937-ല്‍ രൂപംകൊണ്ട ഘടകത്തിന്റെ തീരുമാനം.

ഈയൊരു സന്ദര്‍ഭത്തില്‍ സോഷ്യലിസ്റ്റ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം തുടങ്ങാനുള്ള നീക്കം കെ.ദാമോദരന്‍ നടത്തുന്നുണ്ട്. അതിനുള്ള അനുമതി അന്നത്തെ മദിരാശി ഗവണ്‍മെന്റ് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മദിരാശി അസംബ്ലിയില്‍ എം.എല്‍.എ ആയിരുന്ന സഖാവ് ഇ.എം.എസിന്റെ പേരില്‍ പ്രഭാതം വാരിക പുനഃപ്രസിദ്ധീകരിക്കാനുള്ള അനുമതി മദിരാശി ഗവണ്‍മെന്റ് നല്‍കുകയായിരുന്നു.

അങ്ങനെയാണ് 1938 ഏപ്രില്‍ മാസം മുതല്‍ കോഴിക്കോട് നിന്നും പ്രഭാതം പ്രസിദ്ധീകരിക്കുന്നത്. പ്രഭാതം വഴിയാണ് കേരളത്തില്‍ പുതിയ കമ്യൂണിസ്റ്റ് എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ഒരു നിര ഉയര്‍ന്നുവരുന്നതെന്ന് പറയാം. പി.കൃഷ്ണപിള്ളയെകൊണ്ടുപോലും പ്രഭാതത്തില്‍ നിര്‍ബന്ധിച്ച് ദാമോദരന്‍ ലേഖനമെഴുതിച്ചിരുന്നു.

പ്രഭാതത്തില്‍ ദാമോദരന്‍ കൈകാര്യം ചെയ്തിരുന്ന സ്ഥിരം പംക്തികളായ ‘ഞങ്ങള്‍ പറയട്ടെ’, ‘ഇന്നത്തെ ലോകം’ എന്നിവയൊക്കെ വായനക്കാരെ നന്നായി ആകര്‍ഷിച്ചിരുന്നു. ഒരുപക്ഷെ കേരളത്തില്‍ കമ്യൂണിസ്റ്റ് മാധ്യമപ്രവര്‍ത്തനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വഴികള്‍ തുറന്നിട്ടത് കെ.ദാമോദരനിലൂടെയാണെന്ന് പറയാം. പത്രങ്ങളെ എങ്ങനെ ജനങ്ങളുടെ ശബ്ദവും സംഘാടകനുമാക്കി മാറ്റണമെന്നതായിരുന്നു ലെനിനിസ്റ്റ് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം തന്നെ.

അസാമാന്യമായ ധിഷണയും സംഘാടകപാടവവുമുണ്ടായിരുന്ന കെ.ദാമോദരന്‍ അഖിലേന്ത്യാതലത്തില്‍തന്നെ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സമ്മേളനങ്ങളിലും ഇക്കാലത്തിനിടയില്‍ ശ്രദ്ധേയനായി കഴിഞ്ഞിരുന്നു.

ഒരുപക്ഷെ കേരളത്തില്‍ കമ്യൂണിസ്റ്റ് മാധ്യമപ്രവര്‍ത്തനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വഴികള്‍ തുറന്നിട്ടത് കെ.ദാമോദരനിലൂടെയാണെന്ന് പറയാം

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചൂടും വീറും ഏറ്റുവാങ്ങിയ ദാമോദരന്‍ ബ്രിട്ടീഷ് വിരുദ്ധ പ്രകടനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അറസ്റ്റുചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. ജയില്‍ മോചിതനായശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ ചേരാന്‍ ചെന്ന ദാമോദരന് അധികാരികള്‍ അഡ്മിഷന്‍ നല്‍കിയില്ല എന്നതും ചരിത്രമാണ്. ബ്രിട്ടീഷ് വിരുദ്ധനായ ദാമോദരനെപോലെ ഒരാളെ വിദ്യാര്‍ത്ഥിയായ് സ്വീകരിക്കാന്‍ സാമൂതിരി കോളേജ് മാനേജ്മെന്റിന് അന്ന് ധൈര്യമുണ്ടായിരുന്നില്ല.

അങ്ങനെയാണ് ദാമോദരന്‍ കാശിവിദ്യാപീഠത്തില്‍ പഠിക്കാന്‍ പോകുന്നത്. അവിടെവെച്ചാണ് അദ്ദേഹം കമ്യൂണിസ്റ്റ് വിപ്ലവകാരികളുമായി ബന്ധം സ്ഥാപിക്കുന്നതും സംഭവബഹുലമായ തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതും. ഇന്ത്യ കണ്ട പ്രധാനികളായ മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളില്‍ ഒരാളാകുന്നതും.

കെ.ദാമോദരനാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ മലയാളത്തിലേക്കുള്ള ആദ്യവിവര്‍ത്തനം നിര്‍വ്വഹിക്കുന്നത്. കോഴിക്കോട്ടെ അല്‍അമീന്‍ പ്രസ്സാണ് മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രസ്സുകള്‍ അച്ചടിക്കാന്‍ വിസമ്മതിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അച്ചടിച്ച് പുറത്തിറക്കുന്നത്.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്‌ MUHAMMED ABDURAHIMAN SAHIB

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്‌

മലബാര്‍സിംഹം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ഇടതുപക്ഷ ആഭിമുഖ്യമാണ് മാനിഫെസ്റ്റോവിനെ മലയാളത്തില്‍ അച്ചടിഭാഗ്യമുണ്ടാക്കിയത്. അതെല്ലാം ചരിത്രം. മാര്‍ക്സിസത്തിന്റെ മൗലികതത്വങ്ങള്‍ മലയാളിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന ധീരോദാത്തമായ ഒരു കാലത്തിന്റെയും ധീരവിപ്ലവകാരികളുടെയും ചരിത്രം.

ഇന്ത്യന്‍ പൗരാണികദര്‍ശനങ്ങളെ മാര്‍ക്സിസ്റ്റ് നിലപാടുകളില്‍ നിന്നും പഠിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന സുപ്രധാനങ്ങളായ വിജ്ഞാനഗവേഷണകൃതികള്‍ കെ.ദാമോദരന്‍ രചിച്ചിട്ടുണ്ട്. ചരിത്രത്തെയും പാരമ്പര്യത്തെയും മതത്തെയും ധര്‍മ്മശാസ്ത്രങ്ങളെയും ഇതിഹാസസാഹിത്യത്തെയും മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തില്‍ നിന്ന് പഠിക്കാനും വിശദീകരിക്കാനും കെ.ദാമോദരന്‍ അസാമാന്യമായ ധൈഷണിക ധീരത കാണിച്ചിട്ടുണ്ട്.

ഇന്ന് പുരാണങ്ങളെയും പൗരാണിക ദര്‍ശനങ്ങളെയെല്ലാം ഹിന്ദുമതാധികാരത്തിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍ക്കായി അപനിര്‍മ്മിക്കപ്പെടുകയാണല്ലോ. ഫാസിസത്തിന്റെ ഇരുള്‍ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും എല്ലാ ആധുനികമായ ചിന്താസരണികളെയും കീഴടക്കുകയാണ്.

ഈയൊരുകാലത്ത് അജ്ഞതയുടെയും ചരിത്രനിരാകരണത്തിന്റേതുമായ ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാന്‍ കെ.ദാമോദരന്റെ ചിന്തകളും പഠനങ്ങളും വലിയ തെളിച്ചമാണ് നല്‍കുന്നത്. കെ.ദാമോദരന്റെ 49-ാം ചരമവാര്‍ഷികദിനം അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെ പഠിച്ചും പഠിപ്പിച്ചും ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ.

വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലംതൊട്ട് കെ.ദാമോദരന്‍ തന്റെ എഴുത്തുജീവിതവും തുടങ്ങി. ജവഹര്‍ലാല്‍നെഹ്റുവിനെക്കുറിച്ചുള്ള ലഘുജീവചരിത്രമായിരുന്നു ആദ്യത്തെ കൃതി. കെ.ദാമോദരനെക്കുറിച്ചുള്ള നിരീക്ഷണം ഓരോ വിഷയത്തിലും അതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ എഴുതിതയ്യാറാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം അസാമാന്യമാണെന്നാണ്.

കെ.ദാമോദരന്‍ K DAMODARAN

കെ.ദാമോദരന്‍

മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായ അദ്ദേഹം ആദ്യമെഴുതിയ ലഘുലേഖ കാറല്‍മാര്‍ക്സിന്റെ ജീവചരിത്രമായിരുന്നു. മെയ്ദിന ചരിത്രം തുടങ്ങി ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

റഷ്യന്‍വിപ്ലവത്തെക്കുറിച്ചുള്ള പഠനാര്‍ഹമായ ലഘു ഗ്രന്ഥവും അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ പ്രധാനമാണ്. ലാഭത്തെയും പണത്തെയും ചരക്കിനെയും വിനിമയത്തെയുമെല്ലാം സംബന്ധിച്ച മാര്‍ക്സിസ്റ്റ് സമ്പദ്ശാസ്ത്ര പഠനങ്ങള്‍ക്ക് സഹായകരമായ നിരവധി ലഘുലേഖകള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ‘സമഷ്ടിവാദ വിജ്ഞാപനം’ എന്ന പേരില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ വിവര്‍ത്തനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

1940-ല്‍ അറസ്റ്റുചെയ്യപ്പെട്ട് നീണ്ട ജയില്‍വാസത്തിലായിരുന്ന കാലമൊഴിച്ച് രാഷ്ട്രീയവിദ്യാഭ്യാസത്തിനും സൈദ്ധാന്തിക പഠനത്തിനുമാവശ്യമായ ലഘുലേഖകളുടെ ഒരു രചനാജീവിതം തന്നെയാണ് കെ.ദാമോദരന്റേത് എന്നുപറയാം.

അദ്ദേഹത്തിന്റെ വളരെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ലഘുലേഖയാണ് ‘യേശുക്രിസ്തു മോസ്‌കോവില്‍’ എന്നത്. ക്രൈസ്തവ പൗരോഹിത്യത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവത്തെ വിമര്‍ശനവിധേയമാക്കുകമാത്രമല്ല ആ കൃതി ചെയ്യുന്നത്. ക്രിസ്തുദര്‍ശനങ്ങളുടെയും ആദ്യകാലസഭയുടെ ചരിത്രത്തിന്റെയും പശ്ചാത്തലത്തില്‍ ക്രിസ്തുമതം മുന്നോട്ടുവെച്ച മനുഷ്യസ്നേഹത്തിന്റെ ദര്‍ശനത്തെ വിശദീകരിക്കുക കൂടിയായിരുന്നു.

ഈ ലഘുലേഖ മതത്തോടുള്ള യാന്ത്രികസമീപനങ്ങളെ തുറന്നെതിര്‍ക്കുന്നതിനും മതത്തെ അതിന്റെ ചരിത്രപരതയില്‍ വിശകലനം ചെയ്യുന്നതുമാണ്. ഫാദര്‍ വടക്കനെ പോലുള്ള ആളുകള്‍ കമ്യൂണിസത്തിനെതിരായി നടത്തുന്ന പ്രചാരവേലകളെ തുറന്നുകാണിക്കാനായി ബൈബിള്‍ വചനങ്ങളെതന്നെ ഉദ്ധരിച്ചും വിശദീകരിച്ചും തയ്യാറാക്കിയ ലഘുഗ്രന്ഥമായിരുന്നു ഇത്.

ഇതിന് മറുപടിയായി ഫാദര്‍ വടക്കന്‍ ‘യേശുക്രിസ്തു മോസ്‌കോവിലോ’ എന്ന പേരില്‍ ഒരു ലഘുലേഖ ഇറക്കി. അതിന് മറുപടിയായി അതേ ആവേഗത്തില്‍ ‘അതെ യേശുക്രിസ്തു മോസ്‌കോവില്‍ തന്നെ’ എന്ന തലക്കെട്ടില്‍ മറുപടി ലഘുലേഖ എഴുതി പ്രസിദ്ധീകരിച്ചു.

സാഹിത്യത്തെയും കലയെയുമെല്ലാം മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രധാരണകളില്‍ നിന്ന് വിശദീകരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. 1935-ല്‍ ലക്നൗവില്‍ നടന്ന പ്രോഗ്രസീവ് റൈറ്റേഴ്സ് യൂണിയന്റെ രൂപീകരണ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക മലയാളിയായിരുന്നു കെ.ദാമോദരന്‍. അദ്ദേഹത്തിന്റെ പാട്ടബാക്കിയും രക്തപാനവും പോലുള്ള നാടകങ്ങള്‍ മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങളുടെ ചരിത്രത്തിലെ ആദ്യരചനകളാണ്. 1958-ല്‍ എന്താണ് സാഹിത്യമെന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകം സാഹിത്യരംഗത്തെ മാര്‍ക്സിയന്‍ സമീപനം എന്താണെന്ന് വിശദീകരിക്കാനുള്ള ശ്രമമായിരുന്നു.

1957-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ‘കേരളത്തിലെ സ്വാതന്ത്ര്യസമരം’ എന്ന പുസ്തകം ശ്രദ്ധേയമായ ഒരു ചരിത്ര ഇടപെടലായിരുന്നു. കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള നാല് വാള്യങ്ങളുള്ള പുസ്തകത്തിന്റെ ഒരു വാള്യം മാത്രമെ അദ്ദേഹത്തിന് രചിക്കാന്‍ കഴിഞ്ഞുള്ളൂ.

കേരളത്തിന്റെ പൂര്‍ണവും വിശദവും ശാസ്ത്രീയവുമായ ഒരു ചരിത്രം എഴുതി തയ്യാറാക്കുന്നതിലെ വൈഷമ്യങ്ങളെക്കുറിച്ച് കെ.ദാമോദരന്‍ പറയുന്നുണ്ട്. എട്ടാം നൂറ്റാണ്ട് വരെയുള്ള ചരിത്രം അഭ്യൂഹങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയില്‍ നിന്ന് മോചിതമാകാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം ഖേദത്തോടെ എഴുതുന്നുണ്ട്.

പക്ഷെ പുരാവസ്തു ഗവേഷണം, നരവംശശാസ്ത്രം, നാണയശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയിലുണ്ടായ പുതിയ സാധ്യതകളെ കേരളത്തിന്റെ ഇരുള്‍പരന്നുകിടക്കുന്ന ഭൂതകാലത്തെ, പ്രാചീന ചരിത്രത്തെ അനാവരണം ചെയ്യുന്നതിന് സഹായകരമാവുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

കേരളോത്പത്തി കഥകളിലെ അസംബന്ധങ്ങളെ ദാമോദരന്‍ പൊളിച്ചുകളയുന്നു. പ്രാചീന കേരളം സാമൂഹ്യപുരോഗതിയുടെ, അതായത് ചരിത്രപരമായ സാമൂഹ്യവികാസ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാകൃത കമ്യൂണിസത്തില്‍നിന്ന് അടിമവ്യവസ്ഥയിലേക്കല്ല വികസിച്ചതെന്നും ഫ്യൂഡലിസത്തിലേക്ക് എടുത്തുചാട്ടം നടത്തുകയാണെന്നും തന്റെ കേരളചരിത്രത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.

ഗംഗാധര്‍ അധികാരി GANGADHAR ADHIKARI

ഗംഗാധര്‍ അധികാരി

കെ.ദാമോദരനെ ദാര്‍ശനികനായ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയായിട്ടാണ് നമുക്ക് അടയാളപ്പെടുത്താന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ ഇന്ത്യയുടെ ആത്മാവും ഭാരതീയചിന്തയും ഇന്ത്യയുടെ പാരമ്പര്യത്തെയും പൗരാണികതയെയും സംബന്ധിച്ച അതീവ ഗഹനങ്ങളായ പഠനാന്വേഷണങ്ങളെന്ന നിലയില്‍ എഴുതപ്പെട്ടതാണ്. ആ കൃതികള്‍ക്കെല്ലാമെതിരായ വിമര്‍ശനങ്ങള്‍ ജി അധികാരിയെ പോലുള്ള കമ്യൂണിസ്റ്റുകാരുടെ ഭാഗത്തുതന്നെ ഉണ്ടായിട്ടുണ്ട് എന്ന കാര്യം ഇവിടെ സൂചിപ്പിക്കട്ടെ.

ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ‘ഇന്ത്യന്‍ തോട്ടും’ ‘മാന്‍ ആന്റ് ദി സൊസൈറ്റിയും’ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കൃതികളാണ്. മലയാളത്തിലെ തത്വചിന്താശാഖയില്‍ പരിഗണനീയമായ കൃതിയായി കെ.ദാമോദരന്റെ ‘ധാര്‍മ്മിക മൂല്യങ്ങള്‍’ എന്ന പുസ്തകം പലരും എടുത്തുകാണിച്ചിട്ടുണ്ട്. ആ പുസ്തകത്തെ ഒരു മൈനര്‍ ക്ലാസിക്കായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. അത് സോഷ്യലിസ്റ്റ് പ്രയോഗങ്ങളുടെ, സോവിയറ്റ്, ചൈനീസ് മാതൃകകളുടെ വിമര്‍ശനകൃതി കൂടിയാണ്.

ഋഗ്വേദത്തെയും ഉപനിഷത്തുകളെയും പുരാണങ്ങളെയും ഗീതയെയുമെല്ലാം വിശകലനം ചെയ്തുകൊണ്ടും ഉദ്ധരിച്ചുകൊണ്ടും ഇന്ത്യന്‍ തത്വചിന്തയുടെ അടിസ്ഥാനം ആത്മീയതയാണെന്ന വാദത്തെ ദാമോദരന്‍ പൊളിച്ചടുക്കുന്നുണ്ട്.

ഇന്ത്യന്‍ പാരമ്പര്യത്തെയും ഭൗതികവാദത്തെയും സംബന്ധിച്ച ദേബിപ്രസാദ് ചതോപാധ്യായയെ പോലുള്ളവരുടെ പഠനങ്ങള്‍ യാന്ത്രിക മാര്‍ക്സിസ്റ്റ് പഠനങ്ങളാണെന്ന വിമര്‍ശനവും ദാമോദരന്‍ ഉന്നയിച്ചിട്ടുണ്ട്. ദാമോദരന്റെ മനുഷ്യന്‍ എന്ന പ്രസിദ്ധമായ കൃതി പ്രപഞ്ചത്തെയും മനുഷ്യനെയുമെല്ലാം സംബന്ധിച്ച ദാര്‍ശനികമായൊരു അപഗ്രഥനമാണ്. തീര്‍ച്ചയായും ഹിന്ദുത്വം പൊതുബോധമായിക്കൊണ്ടിരിക്കുന്ന കേരളീയവര്‍ത്തമാനത്തില്‍ കെ.ദാമോദരന്റെ ധൈഷണിക സംഭാവനകളെയും ഇന്ത്യന്‍ പാരമ്പര്യത്തെയും പൗരാണികതയെയും സംബന്ധിച്ച പഠനങ്ങള്‍ വളരെ പ്രധാനമാണ്.

CONTENT HIGHLIGHTS: Hindutva public consciousness and  idealistic contributions of K.  Damodaran

 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍