എന്തേ ഇതുവരെ വന്നില്ലെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു; ഹിന്ദു സംസ്‌കാരത്തെ കളിയാക്കുന്ന സിനിമയാണ് മോഹിനിയാട്ടമെന്ന് ഹിന്ദുത്വ പേജുകള്‍
Malayalam Cinema
എന്തേ ഇതുവരെ വന്നില്ലെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു; ഹിന്ദു സംസ്‌കാരത്തെ കളിയാക്കുന്ന സിനിമയാണ് മോഹിനിയാട്ടമെന്ന് ഹിന്ദുത്വ പേജുകള്‍
അമര്‍നാഥ് എം.
Tuesday, 12th May 2026, 9:51 am

100 കോടി ക്ലബ്ബില്‍ കയറാന്‍ അര്‍ഹത ഉണ്ടായിരുന്നിട്ടും വാഴ 2ന്റെ കുതിപ്പിനിടയില്‍ പെട്ടുപോയ ചിത്രമായിരുന്നു മോഹിനിയാട്ടം. തിയേറ്ററില്‍ പരാജയമായ ഭരതനാട്യത്തിന്റെ സീക്വലായാണ് മോഹിനിയാട്ടം ഒരുങ്ങിയത്. ബോക്‌സ് ഓഫീസില്‍ നിന്ന് 40 കോടിയിലേറെ ചിത്രം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞദിവസം മോഹിനിയാട്ടം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. ഡാര്‍ക്ക് കോമഡിയിലൂടെ കഥ പറഞ്ഞചിത്രത്തിലെ പല രംഗങ്ങളും ഇതിനോടകം സിനിമാപേജുകളില്‍ വൈറലായി. ഡാര്‍ക്ക് കോമഡിക്കൊപ്പം തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെയും നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇല്ലാത്ത ഐതിഹ്യങ്ങള്‍ പറഞ്ഞ് പരത്തുകയും ഇല്ലാത്ത ആചാരങ്ങള്‍ ജനങ്ങളെക്കൊണ്ട് ചെയ്യിക്കുന്ന ഭക്തി വിറ്റ് കാശാക്കുന്ന ഒരുകൂട്ടം ആളുകളെ മോഹിനിയാട്ടത്തില്‍ വരച്ചിടുന്നുണ്ട്. കൈക്കൂലിയായി കിട്ടുന്ന പൈസ വെളുപ്പിക്കാന്‍ വേണ്ടി ഭരതന്‍ നായരും കൂട്ടുകാരും വേണ്ടി ഒരു അമ്പലം തുടങ്ങുന്നു എന്നാണ് മോഹിനിയാട്ടത്തില്‍ കാണിച്ചിരിക്കുന്നത്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിനെതിരെ ഹിന്ദുത്വവാദികള്‍ വിമര്‍ശനവുമായി വരുമെന്ന് തിയേറ്റര്‍ റിലീസ് സമയത്ത് പലരും പ്രവചിച്ചിരുന്നു.

ഇപ്പോഴിതാ ആ പ്രവചനം സത്യമായിരിക്കുകയാണ്. ഹിന്ദു സംസ്‌കാരത്തെയും ആചാരങ്ങളെയും പരിഹസിക്കുന്ന സിനിമയാണ് മോഹിനിയാട്ടമെന്ന് സനാതന്‍ കന്നഡ എന്ന പേജ് അഭിപ്രായപ്പെട്ടു. ചിത്രം ഹിന്ദുത്വത്തെ നേരിട്ട് കളിയാക്കുന്നതാണെന്നും ഹിന്ദു വിരുദ്ധ കണ്ടന്റുള്ളതാണെന്നുമാണ് സനാതന്‍ കന്നഡയുടെ പോസ്റ്റില്‍ പറയുന്നത്.

സനാതന്‍ കന്നഡയുടെ പോസ്റ്റ് Photo: Sanatan Kannada/ X.com

സിനിമയിലെ ഒരു സീനില്‍ ‘ഭഗവാന്‍ ശ്രീരാമനെ പരിഹസിച്ചുകൊണ്ടുള്ള രംഗമുണ്ടെന്നും ഹിന്ദു ആചാരങ്ങള്‍ സ്വാര്‍ത്ഥതക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും പോസ്റ്റില്‍ പറയുന്നു. ഹിന്ദുക്കളെ വില്ലന്മാരാക്കുന്നതാണ് ഇപ്പോള്‍ മലയാളസിനിമയുടെ രീതിയെന്നും ഈ ഇന്‍ഡസ്ട്രിയെ തന്നെ ബാന്‍ ചെയ്യണമെന്നും സനാതന്‍ കന്നഡ അഭിപ്രായപ്പെടുന്നു.

മുസ്‌ലിം- ക്രിസ്ത്യന്‍ മതങ്ങളെ വിമര്‍ശിക്കാന്‍ മലയാളസിനിമക്ക് ധൈര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. എന്നാല്‍ പോസ്റ്റിനെ കളിയാക്കിക്കൊണ്ടാണ് പല കമന്റുകളും.

‘തിയേറ്റര്‍ റിലീസ് സമയത്ത് ഇത് പറഞ്ഞിരുന്നെങ്കില്‍ 100 കോടി കിട്ടിയേനെ’, ‘ഹിന്ദുക്കളുടെ ആചാരത്തെയല്ല, അവര്‍ക്കിടയിലെ അന്ധവിശ്വാസത്തെയാണ് കളിയാക്കുന്നത്’, ‘ഇങ്ങനത്തെ പോസ്റ്റ് ഇവര്‍ ഇടുമ്പോള്‍ സിനിമ നല്ലതാണെന്ന് അറിയാം’, ‘ബോയ്‌ക്കോട്ട് ചെയ്യാന്‍ പറഞ്ഞത് നന്നായി. ഇനി നല്ല റീച്ച് കിട്ടും,’ എന്നിങ്ങനെയാണ് കമന്റുകള്‍.

Content Highlight: Hindutva pages criticizing and boycotting Mohiniyattam after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം