ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയില്‍ തരംഗമായി മാറിയ നടനാണ് പ്രദീപ് രംഗനാഥന്‍. സംവിധായകനായി കടന്നുവന്ന പ്രദീപ് നായകനായും തന്റെ കഴിവ് തെളിയിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 100 കോടി നേടി ഇന്‍ഡസ്ട്രിയുടെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ പ്രദീപിന് സാധിച്ചു. രണ്ട് മാസം മുമ്പ് കേരളത്തില്‍ പ്രൊമോഷനെത്തിയ പ്രദീപിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ഡ്യൂഡ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരം കൊച്ചിയില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടിലെത്തിയ പ്രദീപിനോട് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ കേരള ഫുഡ് പരീക്ഷിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. ‘ഉറപ്പായും ട്രൈ ചെയ്യാം. പൊറോട്ടയും ബീഫും കഴിക്കണമെന്നുണ്ട്’ എന്നായിരുന്നു പ്രദീപിന്റെ മറുപടി.
രണ്ട് മാസം മുമ്പുള്ള ഈ വീഡിയോ ഇപ്പോള്‍ സനാതന്‍ കന്നഡ എന്ന പേജ് എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ്. പൊറോട്ടയും ബീഫും കഴിക്കുമെന്ന പ്രദീപിന്റെ വാക്കുകളാണ് ഈ പേജിനെ ചൊടിപ്പിച്ചത്. ‘കോളനികള്‍’ എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്കായ ‘ചപ്രി’ എന്നാണ് പ്രദീപിനെ വിശേഷിപ്പിച്ചത്. പ്രദീപിന്റെ സിനിമകളൊന്നും കാണരുതെന്നും ഈ പേജ് ആഹ്വാനം ചെയ്തു.
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയത് ആരായാലും അവരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും അവരെ സപ്പോര്‍ട്ട് ചെയ്യരുതെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ധര്‍മദ്രോഹിയായ പ്രദീപിന്റെ അടുത്ത ചിത്രം എല്‍.ഐ.കെ ബഹിഷ്‌കരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് താഴെ പ്രദീപിനെ വിമര്‍ശിക്കുന്ന കമന്റുകളാണ് അധികവും.
പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ ഒരു കുട്ടി ഹോമകുണ്ഡത്തില്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ടെന്ന് ഒരാള്‍ കമന്റ് പങ്കുവെച്ചു. പല കമന്റുകളിലും പ്രദീപിനെ ‘ചപ്രി’ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രദീപിന്റെ നിറത്തെയും രൂപത്തെയും അങ്ങേയറ്റം പരിഹസിക്കുന്ന കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളയത്.
സനാതന്‍ കന്നഡയെ ട്രോളിക്കൊണ്ടും ചില കമന്റുകളുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി നടക്കുന്നത് യോഗി ആദിത്യനാഥിന്റെ യു.പിയില്‍ നിന്നാണെന്ന് പറയുന്ന ചാറ്റ് ജി.പി.ടിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച കമന്റാണ് ഇതില്‍ ശ്രദ്ധേയം. പ്രദീപിനോട് അനാവശ്യമായി ഇത്തരത്തില്‍ വിദ്വേഷം പുലര്‍ത്തുന്ന പോസ്റ്റിനെ പലരും പരിഹസിക്കുന്നുണ്ട്.
Never support this type of Chapri actor.🤬
Anyone who hurts the sentiments of Hindus, no matter who they are reject them completely and do not support them.