രാജ്യത്തെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് ഹിന്ദുത്വ ന്യൂസ്‌വെബ്സൈറ്റ് 'ഓപ് ഇന്ത്യ': ആർ.എസ്.എഫ് റിപ്പോർട്ട്
India
രാജ്യത്തെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് ഹിന്ദുത്വ ന്യൂസ്‌വെബ്സൈറ്റ് 'ഓപ് ഇന്ത്യ': ആർ.എസ്.എഫ് റിപ്പോർട്ട്
ശ്രീലക്ഷ്മി എ.വി.
Saturday, 20th December 2025, 9:57 pm

ന്യൂദൽഹി: രാജ്യത്തെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തിലുള്ള ന്യൂസ് വെബ്സൈറ്റായ ഓപ് ഇന്ത്യ. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്സ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

2023നും 2025നും ഇടയിലുള്ള കണക്കുകൾ പ്രകാരം കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന രാജ്യത്തെ പ്രമുഖരായ മാധ്യമപ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് 314 വാർത്തകളാണ് ഓപ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതിൽ 43 വാർത്തകൾ രാജ്യത്തെ പ്രമുഖരായ അഞ്ച് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ളതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ച് ഇന്ത്യൻ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിക്കണമെന്ന് റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്സ് ആവശ്യപ്പെട്ടു.

ഓൺലൈൻ വാർത്താ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണവും ഗൂഗിൾ ആഡ്സെൻസ് വഴിയുള്ള ഓപ് ഇന്ത്യയുടെ ഫണ്ടിങും അവസാനിപ്പിക്കണമെന്നും ആർ.എസ്.എഫ് പറഞ്ഞു. വിദ്വേഷ പ്രചാരകർക്ക് പരസ്യം നിഷേധിക്കുക എന്ന ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പരസ്യദാതാക്കൾ ഓപ് ഇന്ത്യയുടെ ഫണ്ടിങ് അവസാനിപ്പിച്ചിരുന്നു.

ഇന്ത്യാ ടുഡേയുടെ കൺസൾട്ടന്റ് എഡിറ്ററും അവതാരകനുമായ രാജ്ദീപ് സർദേശായി, ദി വയറിലെ പത്രപ്രവർത്തകനായ അർഫ ഖാൻ ഷെർവാനി, ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈർ, ദി ഹിന്ദുവിലെ പത്രപ്രവർത്തകനായ മഹേഷ് ലങ്ക, സ്വതന്ത്ര പത്രപ്രവർത്തകനായ രവീഷ് കുമാർ, ദി വാഷിംഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റ് റാണ അയ്യൂബ്, ന്യൂസ്ക്ലിക്കിന്റെ ചീഫ് എഡിറ്റർ പ്രബീർ പുർകായസ്ത എന്നിവരാണ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തകർ.

ദി ഗാർഡിയൻ പത്രപ്രവർത്തക ഹന്നാ എല്ലിസ് പീറ്റേർഴ്‌സൺ, എ.ബി.സി ന്യൂസ് പത്രപ്രവർത്തക അവാനി ഡയസ് എന്നിവരുൾപ്പെടെയുള്ള വിദേശപത്രപ്രവർത്തകരെയും ഓപ് ഇന്ത്യ ലക്ഷ്യമിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഓപ് ഇന്ത്യയുടെ 200ലേറെ ലേഖനങ്ങളിൽ മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ നിരവധി പ്രയോഗങ്ങളുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ, രാജ്യദ്രോഹികൾ, നുണയന്മാർ, പക്ഷപാതികൾ, ഹിന്ദുവിരുദ്ധർ, ഇന്ത്യ വിരുദ്ധർ തുടങ്ങിയ വാക്കുകളും ലേഖനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനെതിരെ അന്വേഷണം നടത്തണമെന്നും മാധ്യമപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും ആർ.എസ്.എഫ് എഡിറ്റോറിയൽ ഡയറക്ടർ ആവശ്യപ്പെട്ടു.

Content Highlight: Hindutva news website ‘Op India’ targeting journalists in the country; RSF report

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.