ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് ഒഡീഷയിലെ ധെക്കനാൽ ജില്ലയിൽ ബിപിൻ ബിഹാരി നായിക് എന്ന പാസ്റ്ററിന് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ ക്രൂര അതിക്രമം.
ഈ മാസം നാലിന് ഞായറാഴ്ചത്തെ പതിവ് പ്രാർത്ഥനക്കിടയിലാണ്
40 ഓളം വരുന്ന ബജ്‌രംഗ് ദൾ പ്രവർത്തകർ നായിക്കിന്റെ വീട്ടിലേക്ക് ഇരച്ചുകയറിവരികയും ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തത് .
‘അക്രമികൾ വരുമ്പോൾ വീട്ടിൽ ഞങ്ങൾ ഏഴ് കുടുംബങ്ങൾ ഉണ്ടായിരുന്നു. അവർ ഞങ്ങളെല്ലാവരെയും ആക്രമിച്ചു. ഞാനും എന്റെ കുഞ്ഞും വീട്ടിൽനിന്നും ഓടി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസ് വിഷയം ഗൗരവമായി എടുത്തില്ല. രണ്ടുമണിക്കൂർ കഴിഞ്ഞാണ് അവർ ഗ്രാമത്തിലേക്ക് വരാൻതന്നെ കൂട്ടാക്കിയത്’ പാസ്റ്ററുടെ ഭാര്യ വന്ദന പറഞ്ഞു.
പൊലീസ് ഗ്രാമത്തിലെത്തുന്നവരെ അക്രമികൾ നായിക്കിനെ ഉപദ്രവിച്ചതായി കുടുംബം പറയുന്നു. അക്രമികൾ നായിക്കിന്റെ മുഖത്ത് സിന്ദൂരം വാരിതേക്കുകയും ചാണകം തീറ്റിക്കുകയും ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവം നടന്ന് ആഴ്ചകൾക്കുശേഷമാണ് ബജ്‌രംഗ് ദൾ പ്രവർത്തകരുടെ ക്രൂരത പുറംലോകമറിഞ്ഞത്. വൈദികനുനേരെ നടന്ന അക്രമത്തിൽ കേസെടുക്കുന്നതിനുപകരം നായിക്കിനെത്തിരെ മതപരിവർത്തന നിരോധന നിയമ പ്രകാരം കേസെടുക്കുകയാണുണ്ടായത്.
ഈ ക്രൂര കൃത്യത്തിനു ശേഷം ഒരുപാട് ക്രൈസ്തവ കുടുംബങ്ങൾ ഗ്രാമത്തിൽ നിന്നും പാലായനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
Content Highlight: Hindutva group assaults Odisha Pastor