| Sunday, 8th February 2026, 7:17 am

യു.പിയില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചുകയറി ഹിന്ദുത്വ പ്രവര്‍ത്തകര്‍; അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

നിഷാന. വി.വി

സംഭാല്‍: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സ്‌കൂളില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നുമാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രതിഷേധം.

നിരവധി ബജ്‌റംഗ്ദള്‍-വി.എച്ച്.പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറി പുസ്തകങ്ങളും ബോര്‍ഡുകളും പരിശോധിക്കുന്ന തരത്തിലുള്ള വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ സംഭാലിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

എന്നാല്‍ സ്‌കൂളില്‍ നിസ്‌ക്കരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ മറുപടി.

സ്‌കൂളില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മാതാ സരസ്വതി, കാവിക്കൊടിയേന്തിയ സ്ത്രീ, സുഭാഷ് ചന്ദ്ര ബോസ്, രബീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

മതപഠനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പുഷ്പ റാണി, അധ്യാപകനായ മുഹമ്മദ് നസീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്‌കൂളില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അല്‍ക്ക ശര്‍മ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വിഷയത്തില്‍ പൊലീസ് നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് വകുപ്പ് അതിന്റെ അധികാരപരിധിക്കുള്ളില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നായിരുന്നു ശര്‍മയുടെ മറുപടിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Hindutva activists storm school in UP for allegedly displaying Quranic verses; teachers suspended

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more