| Saturday, 7th February 2026, 3:08 pm

മഹാരാഷ്ട്രയിലെ ഹാജി മലംഗ് ദര്‍ഗയില്‍ കാവി ചൗദര്‍ വിരിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ച് ഹിന്ദുത്വ വാദികള്‍

നിഷാന. വി.വി

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണില്‍ ഹാജി മലംഗ് ദര്‍ഗയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പച്ച ചൗദറിനു മുകളില്‍ കാവി ചൗദര്‍ വിരിച്ച് ഹിന്ദുത്വവാദികള്‍.

ഫെബ്രുവരി 2 നായിരുന്നു വിവാദപരമായ സംഭവം നടന്നത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു.

700 ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലേക്ക് വന്ന ഒരു അറബ് മിഷിനറിയുടെ ശവകുടീരം ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. ചരിത്രപരമായി ഒരു പൊതു ആരാധനാലയമായതിനാല്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ശവകുടീരത്തിന് മേല്‍ പൂക്കളും ചൗദറുകളും അര്‍പ്പിക്കാറുണ്ട്.

ഹിന്ദു സമൂഹം ഇതിനെ മലംഗഡ് കോട്ടയെന്നും മുസ്‌ലിങ്ങള്‍ ഹാജി മലംഗ് എന്നുമാണ് വിളിക്കുന്നത്.

എന്നാല്‍ സംഭവ ദിവസം തന്നെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ദര്‍ഗ സന്ദര്‍ശിക്കുകയും മാഘി പൗര്‍ണ്ണമിയുടെ പൂജയില്‍ പങ്കെടുക്കുകയും ചെയ്തു.

മലംഗഡ് പ്രദേശത്തെ സ്വത്തുകളെ സംബന്ധിച്ച് നടക്കുന്ന നിയമ തര്‍ക്കം ഉടനടി പരിഹരിക്കപ്പെടുമെന്നും കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന തീരുമാനം ലഭിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദര്‍ഗ സ്ഥിതി ചെയ്യുന്ന സ്ഥലം മച്ചിന്ദ്രനാഥ് ക്ഷേത്രമാണന്നും ഇത് വിമോചിപ്പിക്കാന്‍ പ്രതിജ്ഞാബന്ധനാണെന്നും ഏക്‌നാഥ് നാഥ് ഷിന്‍ഡെ പ്രസ്താവിച്ചതിന് പിന്നാലെ ദര്‍ഗയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് തര്‍ക്കം ആരംഭിച്ചിരുന്നു. നിലവില്‍ തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്.

എന്നാല്‍ ഇവിടെ ക്ഷേത്രമില്ലെന്നും ഇത്തരം അവകാശവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു ദര്‍ഗ ട്രസ്റ്റ് ചെയര്‍മാന്‍ വ്യക്തമാക്കിയത്.

എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കലെന്ന പേരില്‍ 2024 ഫെബ്രുവരിയില്‍ ദര്‍ഗയിലേക്കുള്ള വഴിയിലുണ്ടായിരുന്ന 40 ഓളം കെട്ടിടങ്ങള്‍ വനംവകുപ്പ് പൊളിച്ചു നീക്കിയിരുന്നു.

Content Highlight: Hindutva activists spread saffron dharna and chant religious slogans at Haji Malang Dargah in Maharashtra

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more