ചൊവ്വാഴ്ച കട തുറന്നാല്‍ തീയിടും; യു.പിയില്‍ ഇറച്ചികടയുടമയായ മുസ്‌ലിം വയോധികനെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകന്‍
India
ചൊവ്വാഴ്ച കട തുറന്നാല്‍ തീയിടും; യു.പിയില്‍ ഇറച്ചികടയുടമയായ മുസ്‌ലിം വയോധികനെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകന്‍
നിഷാന. വി.വി
Friday, 27th February 2026, 8:15 am

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇറച്ചി കടയുടമയായ മുസ്‌ലിം വയോധികനെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകന്‍.

ചൊവ്വാഴ്ച്ച കട തുറന്നാല്‍ കത്തിച്ച് കളയുമെന്നായിരുന്നു ഭീഷണി.

ഗാസിയാബാദിലെ കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കൈല ഭട്ട ഗ്രാമത്തിലാണ് സംഭവം നടന്നെന്ന് സിയാ സാത് റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ ഹിന്ദുവീര്‍ സേനയുടെ നേതാവായ സത്യം പണ്ഡിറ്റ് എന്നയാളാണ് കടയുടമയ്ക്ക് നേരെ ഭീഷണിയുയര്‍ത്തിയത്.

ചൊവ്വാഴ്ചകളില്‍ ക്ഷേത്രത്തിന്റെ മുന്‍വശം ഇറച്ചികട തുറക്കാന്‍ നിങ്ങള്‍ക്കാരാണ് അനുവാദം നല്‍കിയതെന്നും അടച്ചില്ലെങ്കില്‍ കത്തിച്ചുകളയുമെന്നടക്കം ഭീഷണിപ്പെടുത്തുന്ന വീഡിയോ പണ്ഡിറ്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

‘ചൊവ്വാഴ്ച ഗാസിയാബാദില്‍ ഒരു മുസ്‌ലിമിനെയും മാംസം വില്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇന്ന് ഞങ്ങള്‍ കൈല ഭട്ടയിലെ എല്ലാ ഇറച്ചികടകളും അടച്ചുപൂട്ടി,’ പണ്ഡിറ്റ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപികമായി പ്രചരിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് കോട് വാലി പൊലീസ്റ്റ് സ്റ്റേഷനിലെ ഉദ്യോഹസ്ഥര്‍ പറഞ്ഞതായി സിയ സാത് റിപ്പോര്‍ട്ട് ചെയ്തു.

സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എസ്.എച്ച്.ഓ പറഞ്ഞു.

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ ക്ഷേത്രങ്ങള്‍ക്ക് സമീപം മീനും ഇറച്ചിയും വില്‍ക്കുന്നത് യു.പി സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. ആരാധനാലയങ്ങളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്. ഇതിന് പുറമെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ഉടന്‍ അടച്ചുപൂട്ടാനും നിര്‍ദേശമുണ്ടായിരുന്നു.

Content Highlight: Hindutva activist threatens elderly Muslim meat shop owner in UP, says he will set fire to shop if it opens on Tuesday

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.