വാഷിങ്ടണ്‍: ഇന്ത്യയിലെ മത ന്യൂന പക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന 523 ഗാനങ്ങള്‍ യൂട്യൂബും മെറ്റയുമടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലുള്ളതായും ഈ ഗാനങ്ങള്‍ക്കും ഇവ ഉപയോഗിച്ചുള്ള റീലുകള്‍ക്കും കോടിക്കണക്കിന് വ്യൂസ് ലഭിക്കുന്നതായും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഓര്‍ഗണൈസ്ഡ് ഹേറ്റിന്റെ (സി.എസ്.ഒ.എച്ച്) പഠന ഫലം. വന്‍ വരുമാനമാണ് മീഡിയ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകളിലെ മൊണിറ്റൈസേഷന്‍ ഫീച്ചറുകള്‍ വഴി ഈ വിദ്വേഷ പാട്ടുകള്‍ക്കും റീലുകള്‍ക്കും ലഭിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
മാധ്യമ പ്രവര്‍ത്തകനും ‘എച്ച്-പോപ് : ദ സീക്രട്ടീവ് വേള്‍ഡ് ഓഫ് ഹിന്ദുത്വ പോപ് സ്റ്റാര്‍സ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ കുണാല്‍ പുരോഹിത് അടക്കമുള്ളവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ജൂണ്‍ 15നാണ് പഠനത്തിന്റെ റിപ്പോര്‍ട്ട് സി.എസ്.ഒ.എച്ച് പ്രസിദ്ധീകരിച്ചു.
പ്രോഫിറ്റിങ് ഫ്രം ഹേറ്റ് മ്യൂസിക് എന്ന പേരിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ വിദ്വേഷ സംഗീത വ്യവസായം ഹോസ്റ്റ് ചെയ്യുന്നതിലും അതിന് പണമുണ്ടാക്കിക്കൊടുക്കുന്നതിലും യൂട്യൂബ്, മെറ്റ, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് എന്നീ പ്ലാറ്റ്‌ഫോമുകളുടെ പങ്ക് എന്താണെന്ന് പരിശോധിക്കുകയാണ് പഠനം.
കുണാല്‍ പുരോഹിതിന് പുറമ സി.എസ്.ഒച്ചിന്റെ തെക്കന്‍ ഏഷ്യ ഗവേഷക താവിഷി, ഡിജിറ്റല്‍ റിസര്‍ച്ച് അനലിസ്റ്റ് ഹമാദ് മീര്‍ എന്നിവരും പഠനത്തില്‍ പങ്കാളികളാണ്. യു.എസിലെ വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു തിങ്ക്ടാങ്കാണ് സി.എസ്.ഒ.എച്ച്. ഇന്ത്യയിലെ വിദ്വേഷ സംഗീത വ്യവസായത്തെക്കുറിച്ചുള്ള ആദ്യ ഫലമാണ് ഇതെന്ന് സി.എസ്.ഒ.എച്ച് അവകാശപ്പെടുന്നു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന 523 വിദ്വേഷ പോപ് ഗാനങ്ങള്‍ യൂട്യൂബ്, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, മെറ്റ മ്യൂസിക് ലൈബ്രറി എന്നീ നാല് പ്ലാറ്റ്‌ഫോമുകളിലായി ഹോസ്റ്റ് ചെയ്തിരിക്കുന്നതായി പഠനത്തില്‍ പറയുന്നു. ഈ പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്ക നയങ്ങളെ ലംഘിക്കുന്ന തരത്തിലുള്ളതാണ് ഈ ഗാനങ്ങള്‍. മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെത്തിരായ വിദ്വേഷം ഇവ പ്രചരിപ്പിക്കുന്നു. ഈ സമുദായങ്ങളിലുള്ളവര്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും നല്‍കാത്ത (ഡീഹ്യൂമനൈസിങ്) ബോധത്തെ ഈ ഗാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നെന്നും പഠന ഫലത്തില്‍ പറയുന്നു.
യൂട്യൂബില്‍ ഇത്തരം 210 ഗാനങ്ങളാണ് പഠനത്തില്‍ കണ്ടെത്തിയത്. സ്‌പോട്ടിഫൈയില്‍ 53 ആര്‍ട്ടിസ്റ്റുകളുടെ 109 പാട്ടുകളാണ് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ളത്. മെറ്റ മ്യൂസിക് ലൈബ്രറിയില്‍ ഇത്തരം 103 പാട്ടുകളും ആപ്പിള്‍ മ്യൂസിക്കില്‍ 59 ആര്‍ട്ടിസ്റ്റുകളുടെ 101 പാട്ടുകളുമാണ് ഈ വിഭാഗത്തിലായി ഉള്ളത്.
മെറ്റയില്‍ 67 ആര്‍ട്ടിസ്റ്റുകളുടെയും യൂട്യൂബില്‍ 98 ആര്‍ട്ടിസ്റ്റുകളുടെയും പാട്ടുകളാണുള്ളത്. നാല് പ്ലാറ്റ്‌ഫോമുകളിലുമായി 277 ആര്‍ട്ടിസ്റ്റ് അക്കൌണ്ടുകള്‍ ഇത്തരത്തില്‍ നിലവിലുണ്ടെന്നും പഠന ഫലത്തില്‍ പറയുന്നു.
യൂട്യൂബില്‍ മാത്രം ഈ പാട്ടുകള്‍ക്കെല്ലാം കൂടെ 19.8 കോടിയിലധികം വ്യൂസ് ആണ് ലഭിച്ചത്. മെറ്റ മ്യൂസിക് ലൈബ്രറിയിലെ ഈ പാട്ടുകള്‍ 59 ലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം റീലുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.
എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി അപ്ലോഡ് ചെയ്തിട്ടുള്ള ഈ വിദ്വേഷ ഗാനങ്ങളില്‍ പകുതിയും പ്രത്യക്ഷമായി തന്നെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സി.എസ്.ഒ.എച്ചിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 263 (50 ശതമാനത്തിലധികം) പാട്ടുകളാണ് ഇത്തരത്തില്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നേരിട്ട് ഭീഷണി ഉയര്‍ത്തുന്നതോ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതോ ആയിട്ടുള്ളത്.
ബാക്കി 260 പാട്ടുകള്‍ അധിക്ഷേപ പരാമര്‍ശങ്ങളിലൂടെയും മനുഷ്യരല്ലാത്തവരായി ചിത്രീകരിച്ചുകൊണ്ടും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്നവയാണെന്നും സി.എസ്.ഒച്ച് പഠനം ചൂണ്ടിക്കാട്ടുന്നു.
യൂട്യൂബിലെ ന്യൂനപക്ഷ വിദ്വേഷം പ്രചരിപ്പിക്കുന്ന പാട്ടുകളില്‍ 40 ശതമാനത്തിലധികവും മൂന്ന് യൂട്യൂബ് ചാനലുകളിലായാണുള്ളത്. ഇവ മൂന്നും വെരിഫൈഡ് അക്കൌണ്ടുകളാണ്. ഇവയുടെ യൂട്യൂബ് മൊണിറ്റൈസേഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ട്. ഈ ചാനലുകളുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
യൂട്യൂബിലെ ഈ വിദ്വേഷ മ്യൂസിക്കുകളുടെ വീഡിയോകളില്‍ 103 ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി പഠനത്തില്‍ പറയുന്നു. ജനപ്രിയ ബ്രാന്‍ഡുകളുടെ അടക്കം പരസ്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു.
യൂട്യൂബിലെ ആകെ വിദ്വേഷ മ്യൂസിക് വീഡിയോകളില്‍ 78 ശതമാനത്തിലും പരസ്യങ്ങള്‍ വന്നിട്ടുണ്ട്. ഇതില്‍ നേരിട്ട് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളില്‍ 83 ശതമാനത്തിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും പഠന ഫലത്തില്‍ പറയുന്നു.
യൂട്യൂബിന്റെ ഫാന്‍ ഫണ്ടിങ് സേവനമായ ‘സൂപ്പര്‍ താങ്ക്‌സ്’ എന്ന ഫീച്ചര്‍ 55 ശതമാനം വിദ്വേഷ മ്യൂസിക് വീഡിയോയിലും എനേബിള്‍ ചെയ്തിട്ടുണ്ട്. ഈ ഫീച്ചര്‍ വഴിയും യൂട്യൂബില്‍ വിദ്വേഷ പാട്ടുകള്‍ക്ക് വരുമാനം ലഭിക്കുന്നു.
25 വിദ്വേഷ മ്യൂസിക് വീഡിയോകള്‍ ഹോസ്റ്റ് ചെയ്ത മയൂര്‍ മ്യൂസിക് ചാനലിന് യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണും ലഭിച്ചിട്ടുണ്ട്. മെറ്റയില്‍ 30 പ്രധാന വിദ്വേഷ ഗായകരില്‍ 20 പേരും അവരുടെ അക്കൌണ്ടുകളില്‍ മൊണിറ്റൈസേഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ടെന്നും അത് വഴിയുള്ള വരുമാനം നേടുന്നുവെന്നും ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ഓക്ടോബറില്‍ നാല് പ്ലാറ്റ്‌ഫോമുകളിലുമായി 225 വിദ്വേഷ ഗാനങ്ങളെ കണ്ടന്റ് പോളിസി ലംഘനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 2026 മെയില്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ 207 പാട്ടുകളും ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടായിരുന്നു. 18 പാട്ടുകള്‍ മാത്രമാണ് നീക്കം ചെയ്തത്. റിപ്പോര്‍ട്ട് ചെയ്ത പാട്ടുകളുടെ എട്ട് ശതമാനം മാത്രമാണ് നീക്കം ചെയ്തവയെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യൂട്യൂബ്, മെറ്റ എന്നിവയിലെപ്പോലെ സ്‌പോട്ടിഫൈയിലും ആപ്പിള്‍ മ്യൂസിക്കിലും റിപ്പോര്‍ട്ട് ചെയ്യാനുള്ള പ്രത്യേകം സംവിധാനമില്ല. സ്‌പോട്ടിഫൈയില്‍ ലൈവ് ചാറ്റ് വഴി പരാതികള്‍ അറിയിക്കാം. ഇത്തരത്തില്‍ ഒരു പാട്ടിനെതിരെ പരാതി പറയാന്‍ 33 മിനുറ്റ് വേണം. അതിനാല്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പാട്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടി തന്നെ പ്രയാസമാണെന്ന് പഠനഫലങ്ങളില്‍ വ്യക്തമാക്കുന്നു.
പാട്ടുകള്‍ക്കെതിരെയോ ചാനലുകള്‍ക്കോ അക്കൗണ്ടുകള്‍ക്കോ എതിരെയോ നടപടിയെടുത്താലും ഇവ മറ്റ് ചാനലുകളിലും അക്കൗണ്ടുകളിലും ലഭ്യമാവുന്നതായും പഠനത്തില്‍ പറയുന്നു. ഇതിനായി സന്ദീപ് ആചാര്യ എന്ന ഗായകന്റെ അക്കൌണ്ടിന്റെ ഉദാഹരണവും സി.എസ്.ഒ.എച്ച് ചൂണ്ടിക്കാട്ടുന്നു.
സന്ദീപ് ആചാര്യയുടെ അക്കൗണ്ട് മൂന്ന് തവണ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ചാനലിലുള്ള കണ്ടന്റ് പോളിസി ലംഘിക്കുന്ന 26 പാട്ടുകളില്‍ 21 പാട്ടുകളും മറ്റ് യൂട്യൂബ് ചാനലുകളില്‍ ലഭ്യമാണെന്ന് പഠനത്തില്‍ പറയുന്നു.
വിദ്വേഷ സംഗീതത്തില്‍ 40.2 ശതമാനവും യൂട്യൂബിലെ മ്യൂസിക് വീഡിയോകളായിട്ടാണുള്ളത്. 20.8 ശതമാനം സ്‌പോട്ടിഫൈയിലും 19.3 ശതമാനം ആപ്പിള്‍ മ്യൂസിക്കിലും. 19.7 ശതമാനമാണ് മെറ്റ മ്യൂസിക് ലൈബ്രറിയിലുള്ളത്.
യൂട്യൂബില്‍ വിദ്വേഷ ഗാനങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന 98 ആര്‍ട്ടിസ്റ്റുകള്‍ക്കും കൂടെ ആകെ 7.64 കോടി സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇത് ഇന്ത്യയിലെ ആകെ യൂട്യൂബ് ഉപഭോക്താക്കളുടെ 15 ശതമാനത്തിലധികം വരും.
യൂട്യൂബില്‍ ‘റാം മന്ദിര്‍’ എന്ന ഒരു മ്യൂസിക് വീഡിയോയുടെ ലൈക്ക്, വ്യൂസ്, കമന്റുകള്‍ എന്നിവയുടെ കണക്കുകള്‍ ഉദാഹരണമായി പഠന ഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026 മേയ് വരെ ഈ വീഡിയോ 96 ലക്ഷം പേര്‍ കണ്ടു. ആകെ രണ്ടര ലക്ഷത്തിലധികം ലൈക്കുകളും 19,000ത്തിലധികം കമന്റുകളും വീഡിയോയിലുണ്ട്. ഛോട്ടു സിങ് രവാന എന്ന അക്കൌണ്ടില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് അപ്ലോഡ് ചെയ്താണ് ഈ വീഡിയോ.
ജോ ഭി സാംനെ ഉസ്‌കോ ചീരേംഗേ ഓര്‍ ഫാദേംഗേ (ആര് ഞങ്ങളുടെ വഴിയില്‍ വരുന്നോ അവരെ ഞങ്ങള്‍ വെട്ടിച്ചീന്തും) എന്ന ടൈറ്റിലോട് കൂടിയ മറ്റൊരു വീഡിയോയില്‍ പ്രത്യക്ഷമായി തന്നെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതായും സി.എസ്.ഒച്ചിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യൂട്യൂബിലെ 210 മ്യൂസിക് വീഡിയോകളില്‍ 46 എണ്ണവും സംഗം ധുന്‍ (Sangam Dhun) എന്ന യൂട്യൂബ് ചാനലില്‍ നിന്നാണ്. രണ്ടര ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരാണ് ഈ ചാനലിന്. ആകെ 25000 വീഡിയോകള്‍ 2020 മുതല്‍ ഈ ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ‘ഹിന്ദുക്കള്‍ ശത്രുക്കളെ ക്രൂരമായി ആക്രമിക്കണം,’ എന്ന് ആഹ്വാനം ചെയ്യുന്ന പാട്ടുകളുടെ വീഡിയോ അടക്കം ഈ ചാനലിലുള്ളതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
‘മുസ്ലീംകളും മറ്റ് മത ന്യൂനപക്ഷങ്ങളും ഹിന്ദു മേല്‍ക്കോയ്മ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകണം,’ എന്ന് പറയുന്ന വീഡിയോകളും ഈ അക്കൌണ്ടിലുള്ളതായും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌പോട്ടിഫൈയില്‍ 109ല്‍ 51 പാട്ടുകളും മുസ്ലീങ്ങള്‍ക്കെതതിരായ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതാണെന്നും പഠന ഫലത്തില്‍ പറയുന്നു. മെറ്റ മ്യൂസിക് ലൈബ്രറിയിലെ 103 പാട്ടുകളില്‍ 46 എണ്ണവും ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതാണ്. ഈ പാട്ടുകള്‍ 14 ലക്ഷത്തിലധികം റീലുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Content Highlight: Hinduthwa Hate Pop making profit through Youtube, Meta, Spotify and Apple Music, Study By Think Tank CSOH