ഖാര്‍ഗെയ്‌ക്കെതിരായ ഹിമന്തയുടെ പരാമര്‍ശങ്ങള്‍ ലജ്ജാകരം; പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം: പ്രിയങ്ക ഗാന്ധി
India
ഖാര്‍ഗെയ്‌ക്കെതിരായ ഹിമന്തയുടെ പരാമര്‍ശങ്ങള്‍ ലജ്ജാകരം; പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം: പ്രിയങ്ക ഗാന്ധി
നിഷാന. വി.വി
Wednesday, 8th April 2026, 12:53 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശത്തെ അപലപിച്ച് പ്രിയങ്കാഗാന്ധി.

ഹിമന്ത ഉപയോഗിച്ച ഭാഷ തികച്ചും ലജ്ജാകരവും അസ്വീകാര്യവുമാണെന്നും പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമന്തയുടെ അപമാനകരമായ പരാമര്‍ശത്തെ അംഗീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

അസം മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായി പ്രായാധിക്യം കാരണം ഖാര്‍ഗെ ഒരു ഭ്രാന്തനെപ്പോലെ സംസാരിക്കുന്നുവെന്നായിരുന്നു ശര്‍മയുടെ പരാമര്‍ശം. ഇത് വന്‍ വിവാദത്തിന് കാരണമായിരുന്നു. പിന്നാാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ഖാര്‍ഗെ. അദ്ദേഹത്തെ അപമാനിക്കുന്നതിലൂടെ കോണ്‍ഗ്രസിനെ മാത്രമല്ല ദളിത് വിഭാഗത്തെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും കൂടിയാണ് അപമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

‘അദ്ദേഹത്തെ അപമാനിച്ചതിലൂടെ ബി.ജ.പി എം.പി രാജ്യത്തെ കോടിക്കണക്കിന് ആളുകളെ അപമാനിച്ചു. ഇത്തരത്തില്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ അപമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം രാജ്യത്തോട് വ്യക്തമാക്കണം,’ പ്രിയങ്ക പറഞ്ഞു.

ശര്‍മയുടെ പരാമര്‍ശങ്ങള്‍ ദളിത് വിരുദ്ധ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്നും നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഖാര്‍ഗെയോട് നിരുപാധികം മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഹിമന്തയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

‘രാജ്യത്തെ കോടിക്കണക്കിന് ദളിതരുടെ അന്തസിന് നേരെയുള്ള ആക്രമണം പ്രധാനമന്ത്രി കാണുകയും സംസാരിക്കാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുക മാത്രമല്ല, ആ അപമാനത്തില്‍ പങ്കാളിയുമാണ്,’ അദ്ദേഹം പറഞ്ഞു.

ഹിമന്ത ശര്‍മയുടെ ഈ ഭാഷാ ഉപയോഗത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? നിങ്ങളുടെ മൗനം നിസ്സഹായതയല്ല, സമ്മതമാണെന്നും രാഹുല്‍ ഗാന്ധി നരേന്ദ്ര മന്ത്രിയോടായി പറഞ്ഞു.

Content Highlight: Himanta’s remarks against Kharge are shameful; PM should clarify his stand: Priyanka Gandhi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.