അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലെ തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ പരാജയപ്പെട്ടതും ബോര്‍ഡര്‍ – ഗവാസ്‌കര്‍ പരമ്പരയിലെ വമ്പന്‍ പരാജയങ്ങളുമെല്ലാം ആകാശത്തുള്ള താരങ്ങളെ ആഭ്യന്തര ക്രിക്കറ്റിന്റെ മണ്ണിലെത്തിച്ചു.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ആഭ്യന്തര തലത്തിലുംമോശം പ്രകടനമാണ് വിരാട് നടത്തിയത്. റെയില്‍വെയ്‌സിനെതിരായ മത്സരത്തില്‍ 15 പന്ത് നേരിട്ട താരം ആറ് റണ്‍സ് മാത്രം നേടിയാണ് പുറത്തായത്.
ഞങ്ങള്‍ സഞ്ചരിക്കുന്ന ബസിലെ ഡ്രൈവര്‍ പോലും ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ പന്തെറിഞ്ഞാല്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാനാകുമെന്ന് എന്നോട് പറഞ്ഞു – ഹിമാന്‍ഷു സാങ്‌വാന്‍
മത്സരത്തില്‍ വിരാട് കോഹ്‌ലിയെ നേരിട്ടതിനെ കുറിച്ചും അദ്ദേഹത്തെ പുറത്താക്കിയതിനെ കുറിച്ചും സംസാരിക്കുകയാണ് ഹിമാന്‍ഷു സാങ്‌വാന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിരാടിനെ കുറിച്ച് സംസാരിച്ചത്.
‘വിരാട് കോഹ്‌ലിയും റിഷബ് പന്തും ദല്‍ഹിക്കായി കളിക്കുമെന്ന് മത്സരത്തിന് മുമ്പ് ചര്‍ച്ചകളുണ്ടായിരുന്നു. ആ സമയത്തൊന്നും മത്സരം ലൈവായി സംപ്രേക്ഷണം ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. റിഷബ് പന്ത് മത്സരത്തിന്റെ ഭാഗമാകില്ല, എന്നാല്‍ വിരാട് കോഹ് ലി ദല്‍ഹിക്കായി കളിക്കുമെന്നും മത്സരം ലൈവായി സ്ട്രീം ചെയ്യുമെന്നും ഞങ്ങള്‍ക്ക് മനസിലായി.
ഞാനാണ് റെയില്‍വെയ്‌സിന്റെ പേസ് അറ്റാക്കിനെ മുമ്പില്‍ നിന്നും നയിക്കുന്നത്. ഞാന്‍ വിരാടിനെ പുറത്താക്കുമെന്ന് അവര്‍ കരുതിയതായി എല്ലാ ടീം അംഗങ്ങളും എന്നോട് പറഞ്ഞു.
ഹിമാന്‍ഷു സാങ്‌വാന്‍
ഞങ്ങള്‍ സഞ്ചരിക്കുന്ന ബസിലെ ഡ്രൈവര്‍ പോലും ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ പന്തെറിഞ്ഞാല്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാനാകുമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ സ്വയം വിശ്വസിച്ചു. മറ്റൊരാളുടെ ദൗര്‍ബല്യത്തേക്കാളേറെ എന്റെ ശക്തിയില്‍ വിശ്വസിക്കാന്‍ ഞാന്‍ താത്പര്യപ്പെട്ടു. എന്റെ കഴിവില്‍ വിശ്വസിച്ച് ഞാന്‍ പന്തെറിഞ്ഞു, അത് വിക്കറ്റ് നേടിത്തന്നു,’ സാങ്‌വാന്‍ പറഞ്ഞു.
‘വിരാട് കോഹ്‌ലിക്ക് മാത്രമായി ഒരു പ്ലാനും ഉണ്ടായിരുന്നില്ല. ദല്‍ഹി താരങ്ങള്‍ അറ്റാക്കിങ് ക്രിക്കറ്റ് കളിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് പരിശീലകര്‍ പറഞ്ഞു തന്നിരുന്നു. അവരെല്ലാം സ്‌ട്രോക് പ്ലെയേഴ്‌സാണ്. കൃത്യമായ ലൈന്‍ പാലിച്ച് പന്തെറിയാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്,’ താരം കൂട്ടിച്ചേര്‍ത്തു.
ഹിമാന്‍ഷു സാങ്‌വാന്‍ വിരാടിനെ പുറത്താക്കുന്നു
ഇന്നിങ്‌സിന് ശേഷം വിരാട് കോഹ്‌ലിയെ കണ്ടതിനെ കുറിച്ചും സാങ്‌വാന്‍ സംസാരിച്ചു.
‘ഞങ്ങളുടെ ഇന്നിങ്‌സ് അവസാനിച്ചതിന് പിന്നാലെ ഞാന്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ആ സമയം വിരാട് കോഹ്‌ലി ഗ്രൗണ്ടിലേക്ക് വരുന്നുണ്ടായിരുന്നു. ആയുഷ് ബദോണിയും വിരാട് കോഹ്‌ലിയും അവിടെ ഉണ്ടായിരുന്നു. വിരാട് ഭയ്യ തന്നെ എനിക്ക് ഷേക് ഹാന്‍ഡ് തന്ന് വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും ഞാന്‍ മികച്ച രീതിയിലാണ് പന്തറിയുന്നതെന്നും പറഞ്ഞു.
ലഞ്ച് ബ്രേക്കില്‍ അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ഞാന്‍ പഞ്ഞു. ഞാന്‍ ദല്‍ഹി ഡ്രസ്സിങ് റൂമിലേക്ക് പോയി. അദ്ദേഹത്തെ പുറത്താക്കിയ പന്തും ഞാന്‍ കൊണ്ടുപോയിരുന്നു.
ഇത് തന്നെ പുറത്താക്കിയ പന്താണോ എന്ന് വിരാട് എന്നോട്ട് ചോദിച്ചു. അതെയെന്ന് മറുപടി നല്‍കിയപ്പോള്‍, ‘ഓഹ് നിങ്ങള്‍ക്ക് അത് ഒരുപാട് സന്തോഷം നല്‍കിയല്ലേ’ എന്ന് തമാശപൂര്‍വം എന്നോട് പറഞ്ഞു,’ സാങ്‌വാന്‍ കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ നാല് വിക്കറ്റ് നേടിയ സാങ്‌വാന്‍ സീസണില്‍ 18 വിക്കറ്റുമായി റെയില്‍വെയ്‌സിന്റെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു.
Content Highlight: Himanshu Sangwan about bowling to Virat Kohli