എറണാകുളം: ഈ കഴിഞ്ഞ വെള്ളിയാഴ്ച, മരുന്നുകൾ, ഇമ്പ്ലാന്റുകൾ, ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ എന്നീ ചികിത്സാസംബന്ധിയായ ഉപകരണങ്ങൾക്ക് ഇനി ആശുപത്രികൾ നികുതി അടയ്ക്കേണ്ടതില്ലെന്നു കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ആശുപത്രികൾ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വില്പനനികുതിയുടെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കെ. വിനോദ് ചന്ദ്രൻ, എ. മുഹമ്മദ് മുസ്താഖ്, അശോക് മേനോൻ എന്നിവർ അടങ്ങിയ ഫുൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മരുന്നുകൾക്കും മറ്റ് ചികിത്സാ ഉപകരണങ്ങൾക്കും ആശുപത്രികൾ നികുതി അടക്കണം എന്ന് കാണിച്ചുകൊണ്ട് നേരത്തെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിരുന്നു. ഡിവിഷൻ ബെഞ്ചിന്റെ വിധി തള്ളിക്കളഞ്ഞാണ് കോടതി ഈ കാര്യത്തിൽ പുതിയ വിധി പുറപ്പെടുവിച്ചത്.
ആശുപത്രികൾ കച്ചവട ആവശ്യത്തിന് വേണ്ടിയാണ് നിലനിൽക്കുന്നതെന്നും അതിൽ നിന്നും അവർക്ക് ലാഭം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ആശുപത്രികളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും ഉപകരണങ്ങൾക്കും നികുതി ബാധകമാണ് എന്നുമാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ ഫുൾ ബെഞ്ചിന്റെ പുതിയ വിധി അനുസരിച്ച്, മരുന്നുകളും,ഇമ്പ്ലാന്റുകളും മറ്റ് ഉപകരണങ്ങളും, ആശുപത്രികളുടെ ചികിത്സയുടെ ഭാഗമാണ്. മരുന്നുകളും ഉപകരണങ്ങളും ആശുപത്രികൾ നൽകുന്ന സേവനത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ മെഡിക്കൽ ട്രീറ്റന്റിന്റെ ഭാഗമായി വരുന്ന ഈ വസ്തുക്കൾ ഒരു കാരണവശാലും വിൽപ്പനനികുതിയുടെ നിർവചനത്തിൽ വരുന്നതല്ല. അത് വില്പനയായും കണക്കാക്കാൻ സാധിക്കില്ല. ചികിത്സയെയും വില്പനയെയും ഇക്കാര്യത്തിൽ വേർതിരിച്ച കാണാൻ ശ്രമിക്കുന്നത് പ്രായോഗികമല്ല. ഈ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ആശുപത്രികളിൽ നിന്നും വിൽപ്പനനികുതി ഈടാക്കാനും സാധ്യമല്ല. കോടതി പറയുന്നു.
“മിക്സഡ് റെസ്പോൻസാണ് ഇപ്പോൾ ഉള്ളത്. വ്യാപാരം ആയിട്ടല്ല സേവനം ആയിട്ട് ഈ ഉപകരണങ്ങളും മരുന്നും നൽകുന്നത് കൊണ്ട് നികുതി കൊടുക്കേണ്ടതില്ല എന്നാണു കോടതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മാതൃകാപരമായി അങ്ങനെ തന്നെയാണ് വേണ്ടത്. എന്നാൽ നിലവിൽ ഔഷധങ്ങൾ സർവീസിന്റെ ഭാഗമാണെങ്കിലും അതിനു നികുതി ഈടാക്കുന്നുണ്ട്. ഹൈ കോടതി ഉത്തരവിനും അപ്പുറം സർക്കാർ തലത്തിൽ ഈ ഉപകരണങ്ങളുടെയും മരുന്നുകളുടെയും വില കുറയ്ക്കുകയാണ് വേണ്ടത്. എല്ലാത്തിനും യൂണിഫോം പ്രൈസ് തന്നെ ഈടാക്കുന്ന സംവിധാനം വേണം. ഇന്ത്യയിലുടനീളം വിൽക്കപ്പെടുന്ന മരുന്നുകളിൽ മാക്സിമം റീറ്റെയ്ൽ പ്രൈസ് വളരെ കൂടുതൽ ആണ്. 100 രൂപയുടെ മരുന്നോ ഉപകരണമോ ആണെങ്കിൽ അതിനു 200 രൂപയാകും ഈടാക്കുക. അത് നിയന്ത്രിക്കാൻ ഉള്ള സംവിധാനം ഉണ്ടാകണം. മരുന്നുകൾക്ക് പല പല വിലകൾ വരുന്നത് അതുകൊണ്ടാണ്. ഹോസ്പിറ്റലുകൾക്ക് കിട്ടുന്ന മരുന്നുകൾ വില കുറച്ച് കൊടുക്കാനുള്ള വകുപ്പ് ഉണ്ട്. പക്ഷെ പുറത്തുള്ള മരുന്നിന്റെ വില നിയന്ത്രിക്കാതെ അത് ചെയ്യുന്നതിൽ കാര്യമില്ല.” കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അധ്യാപകൻ ഡോക്ടർ ടി.ജയകൃഷ്ണൻ ഡൂൾന്യൂസിനോട് പറഞ്ഞു.
എന്നാൽ, മരുന്നുകളും മറ്റ് ഉപകരണങ്ങളും അവശ്യസാധനങ്ങളുടെ ലിസ്റ്റിൽ പെടുന്നതാണെന്നും, അതുകൊണ്ടുതന്നെ ഇവയ്ക്ക് നികുതി ഈടാക്കാവുന്നതാണെന്നാണ് കേരള സർക്കാർ ഹൈ കോടതിയിൽ വാദിച്ചത്. ആർട്ടിക്കിൾ 366(29എ) (ചരക്കു വിൽപ്പന) വകുപ്പിന്റെ പരിധിയിലാണ് അവശ്യമരുന്നുകൾ വരുന്നത്. അതുകൊണ്ടുതന്നെ ആശുപത്രികളിൽ നിന്നും മരുന്നുകൾ വിറ്റാൽ വില്പന നികുതി ബാധകമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ആർട്ടിക്കിൾ 366(29എ) (ചരക്കു വിൽപ്പന) വകുപ്പ് മരുന്നുകളുടെ കാര്യത്തിൽ ബാധകമല്ലെന്നും അത് ഭക്ഷണവസ്തുക്കളുടെ കാര്യത്തിൽ മാത്രമാണ് പ്രസക്തമാകുന്നതെന്നും ഹൈകോടതി അഭിഭാഷകൻ റിൽജിൻ വി. ജോർജ് ഡൂൾ ന്യൂസിനോട് പറഞ്ഞു. “ആർട്ടിക്കിൾ 366(29എ) ഈ കാര്യത്തിൽ പ്രസക്തമല്ല. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും “സെയിൽ ഓഫ് ഗുഡ്സി”ന്റെ പരിധിയിൽ വരുന്നതല്ല. ഖര, ദ്രവ, രൂപത്തിലുള്ള ഭക്ഷണസാധനങ്ങളുടെ കാര്യമാണ് ഈ വകുപ്പിൽ പറയുന്നത്. അതിനു ടാക്‌സ് ബാധകമാണ്. അങ്ങനെയാണ് അത് മനസിലാക്കേണ്ടത്. ആശുപത്രി സേവനമായി നൽകുന്ന മരുന്നുകൾ ആ കൂട്ടത്തിൽ പെടില്ല. മരുന്നുകൾ ഭക്ഷണം പോലെ മനുഷ്യൻ കഴിക്കുന്നതല്ല. ജീവന്റെ പരിപാലനത്തിനും രക്ഷയ്ക്കും വേണ്ടിയാണ് മരുന്നുകൾ.”അദ്ദേഹം പറഞ്ഞു.
Also Read ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുകള്‍ പഠിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നാലംഗ സമിതി
ഡോക്ടർമാരുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ് ഡൂൾന്യൂസിനു ലഭിച്ചത്. ഈ വിധി രോഗികൾക്ക് ഏറെ സഹായദായകമാകുമെന്നും ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ കാര്യത്തിൽ ആശുപത്രികൾ ജാഗ്രത പാലിക്കണമെന്നും ഇവർക്ക് അഭിപ്രായമുണ്ട്. “ഇത് വളരെ പേഷ്യന്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു തീരുമാനമാണ്. നികുതി വ്യത്യാസം വരുമ്പോൾ മെഡിക്കൽ ഷോപ്പുകൾ വഴി കിട്ടുന്ന മരുന്നിനെക്കാളും വിലകുറച്ച് ആശുപത്രികൾക്ക് നൽകാനാവും. അതിനു ഡോക്ടർമാരുടെ ആവശ്യവുമില്ല. രോഗികൾക്ക് മരുന്ന് കടകളെ ആശ്രയിക്കുന്നതിനു പകരം മരുന്നിനു വേണ്ടി ആശുപത്രികളെ സമീപിക്കാം. ഇതുവഴി ഇന്ത്യ പോലൊരു മൂന്നാം ലോക രാജ്യത്ത്, സാധാരണക്കാരുടെ ഫാർമസി ആയി മാറാൻ ആശുപത്രികൾക്ക് കഴിയും. പക്ഷെ ഈ കാര്യത്തിൽ ആശുപത്രികളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. ആശുപത്രികൾ ഇങ്ങനെ വരുന്ന ലാഭം രോഗികളിലേക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്തണം. ഒരു കാരണവശാലും അത് ആശുപത്രി അധികാരികൾ കൈക്കലാക്കാൻ ശ്രമിക്കരുത്. പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. അതിനു സാധ്യത കൂടുതലാണ്.” മാഹി ജനറൽ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനും “നമ്മുടെ ആരോഗ്യം” മാസിക പത്രാധിപരുമായ എം. മുരളീധരൻ ഡൂൾന്യൂസിനോട് പറഞ്ഞു.
ആശുപത്രികൾ പ്രാമുഖ്യം നൽകുന്നത് ചികിത്സയ്ക്കും സേവനത്തിനുമാണെന്നും രോഗിയായി ആശുപത്രിയിൽ എത്തുന്ന ആളുടെ രോഗം പൂർണ്ണമായും ഫലപ്രദമായും ഭേദമാക്കുക എന്നതാണ് അവരുടെ ധർമ്മമെന്നുമാണ് ഹൈകോടതി അഭിപ്രായപ്പെട്ടത്. അതൊരിക്കലും മരുന്ന് വില്പനയായോ ഉപകരണങ്ങൾ മറ്റോ ഉപയോഗിച്ചുള്ള കച്ചവടമായോ കണക്കാക്കാനാവില്ല. ധർമ്മസ്ഥാപനമല്ലെങ്കിലും ഹോസ്പിറ്റലുകൾ ബിസിനസ് ആവശ്യത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ടവയാണെന്നു വിചാരിക്കാനാവില്ല. മരുന്നുകളോ, ഇമ്പ്ലാന്റുകളോ, ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളോ വിൽക്കുന്ന സ്ഥാപനങ്ങളല്ല അവ. ഹൈകോടതി നിരീക്ഷിച്ചു.
Also Read വല്ലാത്ത പഹയന്‍ ഇനി സിനിമ നടന്‍; ടോം ഇമ്മട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശ്ശൂരില്‍ ആരംഭിച്ചു