പഴുതുകളടച്ച തിരക്കഥയുടെ അതിഗംഭീര അവതരണമെന്നേ എക്കോയെ വിശേഷിപ്പിക്കാനാകുള്ളൂ. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിച്ചത് അതിന് മുകളില്‍ നില്‍ക്കുന്ന സിനിമാനുഭവം നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ആരംഭിച്ച് 1980 വരെ നടക്കുന്ന കഥയാണ് എക്കോയുടേത്.
കുര്യച്ചന്‍ എന്ന മിസ്റ്റീരിയസായ ഒരാളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മിസ്റ്ററി ത്രില്ലറായി തുടങ്ങിയ ചിത്രം അവസാനിക്കുന്നത് റിവഞ്ച് ത്രില്ലറായിട്ടാണ്. തന്റെ ജീവിതം ഇല്ലാതാക്കിയ കുര്യച്ചനോട് മ്ലാത്തി ചേട്ടത്തിയുടെ പ്രതികാരത്തിന്റെ കഥ എന്നാണ് പലരും എക്കോയെ വ്യഖ്യാനിക്കുന്നത്. എന്നാല്‍ തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് എക്കോയില്‍ ഒളിപ്പിച്ചുവെച്ച രാമായണം റഫറന്‍സ് പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല.
രാമായണത്തിന്റെ വ്യത്യസ്തമായൊരു വേര്‍ഷനായി എക്കോയെ കണക്കാക്കിയാല്‍ തെറ്റ് പറയാനാകില്ല. കുര്യച്ചനെ രാവണനായും മ്ലാത്തി ചേട്ടത്തി/ സോയിയെ സീതയായും സങ്കല്പിച്ചാല്‍ പുതിയൊരു ഭാഷ്യം എക്കോക്ക് ലഭിക്കും. മലേഷ്യയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ച സോയിയെ കുര്യന്‍ കൗശലപൂര്‍വം കടത്തിക്കൊണ്ടുവരികയാണ്.
രാമായണത്തില്‍ രാമനും ലക്ഷ്മണനും ഇല്ലാത്ത സമയത്താണ് രാവണന്‍ സീതയെ കടത്തിക്കൊണ്ടുപോകുന്നത്. രാമായണത്തില്‍ സീതയെ സംരക്ഷിച്ച് നിര്‍ത്തിയത് ലക്ഷ്മണ രേഖയാണെങ്കില്‍ ഇവിടെ യോസിയ വളര്‍ത്തുന്ന നായ്ക്കളാണ് കുര്യച്ചന് തടസമായി നില്‍ക്കുന്നത്. യോസിയയുടെ നായ്ക്കളെ കൊന്നിട്ടാണ് കുര്യന്‍ സോയിയെ കടത്തിക്കൊണ്ടുവന്ന് തന്റെ നിയന്ത്രണത്തില്‍ താമസിപ്പിക്കുന്നത്.
രാമായണത്തില്‍ സീതയെ പാര്‍പ്പിക്കുന്നത് അശോകവനത്തിലാണെങ്കില്‍ എക്കോയില്‍ ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാനാകാത്ത മലമുകളിലാണ് സോയിയെ താമസിപ്പിക്കുന്നത്. കുര്യച്ചന്‍ തന്നെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു എന്നറിയുന്ന മ്ലാത്തി പിന്നീട് അയാളോട് നടത്തുന്ന പ്രതികാരം അതിഗംഭീരമാണ്. ഒരുപക്ഷേ, രാമായണത്തില്‍ തന്നെ കടത്തിക്കൊണ്ടുവന്ന രാവണനെ സീത തന്നെ ഇല്ലാതാക്കിയെങ്കില്‍ എന്ന പുനര്‍വായന എക്കോയിലൂടെ വരച്ചുകാട്ടിയിരിക്കുകയാണ് ബാഹുല്‍ രമേശ്.
സ്ത്രീകളെയും പട്ടികളെയും കെട്ടിയിട്ട് വളര്‍ത്തണമെന്ന ചിന്താഗതിയുള്ള യോസിയയോടും കുര്യച്ചനോടും ആയുധമെടുക്കാതെയുള്ള മ്ലാത്തിയുടെ പോരാട്ടമാണ് എക്കോ. ചില സംരക്ഷണങ്ങള്‍ നിയന്ത്രങ്ങളാണെന്ന വൈകിയുള്ള തിരിച്ചറിവിലാണ് മ്ലാത്തിക്ക് തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്ത വന്നത്. തന്നെ അടിമയാക്കി നിര്‍ത്തിയ കുര്യന് അതേ നാണയത്തില്‍ തന്നെയാണ് മ്ലാത്തി മറുപടി നല്‍കിയത്.
ഈയടുത്ത് വന്നതില്‍ വെച്ച് ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായി എക്കോയെ കണക്കാക്കാം. സ്വാതന്ത്ര്യം ഇല്ലാതാക്കിയവര്‍ക്കെതിരെ ആരും ചിന്തിക്കാത്ത തരത്തിലാണ് മ്ലാത്തി തന്റെ പ്രതികാരം പൂര്‍ത്തിയാക്കിയത്.
Content Highlight: Hidden Ramayana reference in Eko movie