| Wednesday, 28th November 2018, 2:36 pm

ഐ.സി ബാലകൃഷ്ണനെയും അന്‍വര്‍ സാദത്തിനെയും തള്ളിമാറ്റി ഹൈബി ഈഡനും എ.വിന്‍സെന്റും; സഭയിലെ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച് പ്രതിപക്ഷ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തും. ഇരുവരെയും ഹൈബി ഈഡനും എ. വിന്‍സെന്റും ചേര്‍ന്ന് തള്ളിമാറ്റുകയായിരുന്നു.

സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന ഘട്ടം വന്നതോടെ സ്പീക്കര്‍ ഒരു മണിക്കൂര്‍ സഭ നിര്‍ത്തിവെക്കുന്നതായി അറിയിക്കുകയായിരുന്നു.

“ഈ നിലയ്ക്ക് സഭ നടത്തിക്കൊണ്ടുപോകാനാവില്ല.” എന്നു പറഞ്ഞ് ചോദ്യോത്തര വേള അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കേ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ച് ചെയറില്‍ നിന്നും എഴുന്നേറ്റ് പോകുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. പ്രതിപക്ഷത്തുനിന്നും വി.എസ് ശിവകുമാറായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പൊലീസ് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കിയത്. നിരോധനാജ്ഞ പിന്‍വലിക്കണം, അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം മുന്നോട്ടുവെച്ചു.

Also Read:സംഘപരിവാറുമായി അഡ്ജസ്റ്റ്‌മെന്റ് നടത്തിയത് ഞങ്ങളല്ല; ബാബറി കാലത്ത് നരസിംഹറാവുവാണ്; പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി തള്ളി. അവിടെ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ചിലരാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നുള്ളവരാണ്. അവര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാറാണ് ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചോദിച്ചുവാങ്ങിയ വിധിയെന്നാണ് സുപ്രീം കോടതി വിധിയെ രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും വിശേഷിപ്പിച്ചത്.

ശബരിമലയിലെ ക്രിമിനലുകളെ പൊലീസിന് അറസ്റ്റു ചെയ്യാം. എന്നാല്‍ നാമജപം നടത്തുന്ന എല്ലാവരും ക്രിമിനലുകളല്ല. കുറിയിടുന്നവരെല്ലാം ആര്‍.എസ്.എസുകാരല്ല. കാവിയിടുന്നവരെല്ലാം ആര്‍.എസ്.എസുകാരല്ലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read:വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച് പ്രസംഗം; കേസെടുത്തതിന് പിന്നാലെ കൊല്ലത്ത് ബി.ജെ.പി നേതാവ് മുങ്ങി

ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. അതോടെ സഭ നടത്തിക്കൊണ്ടുപോകാനാവാത്ത സ്ഥിതി വന്നു. സബ് മിഷനുകളും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി. ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു നേരിട്ടുവിട്ടുകൊണ്ട് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

We use cookies to give you the best possible experience. Learn more