| Friday, 3rd October 2025, 4:12 pm

ഹിസ്ബുല്ലയെ തകര്‍ക്കാന്‍ ലെബനന്‍ സര്‍ക്കാരിന് യു.എസിന്റെ 230 മില്യണ്‍ ഡോളര്‍ സഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള ലെബനന്റെ നീക്കങ്ങള്‍ക്ക് യു.എസിന്റെ പിന്തുണ. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം 230 മില്യണ്‍ ഡോളര്‍ (ഏകദേശം 20.4 ബില്യണ്‍ ഇന്ത്യന്‍ രൂപ) ലെബനന്റെ സുരക്ഷാ സേനയ്ക്ക് അനുവദിച്ചു. ഇതില്‍ 190 മില്യണ്‍ ഡോളര്‍ ലെബനന്റെ സായുധസേനയ്ക്കും 40 മില്യണ്‍ ഡോളര്‍ ആഭ്യന്തര സുരക്ഷാസേനയ്ക്കുമാണ് കൈമാറിയിരിക്കുന്നത്.

സെപ്റ്റംബര്‍ 30ന് അവസാനിച്ച യു.എസിന്റെ സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പായാണ് ഈ പണം കൈമാറിയതെന്നാണ് യു.എസിലെ ഡെമോക്രാറ്റുകള്‍ അറിയിച്ചത്.

ലെബനനെ പോലൊരു ചെറിയ രാജ്യത്തിന് ഇത്രയും വലിയ തുക കൈമാറിയതിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം പ്രതികരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഈ വിഷയത്തില്‍ യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപ് ഭരണകൂടം പലരാജ്യങ്ങള്‍ക്കുമുള്ള സഹായം വെട്ടിക്കുറക്കുകയും അമേരിക്കയുടെ പണം അമേരിക്കയ്ക്ക് വേണ്ടി തന്നെ ചെലവഴിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സമയത്ത് തന്നെ  ഇത്ര വലിയ തുക ലെബനന് കൈമാറിയതാണ് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.

ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് മില്യണ്‍ കണക്കിന് തുക ചെലവിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രഈലിന് മേഖലയില്‍ കനത്ത ഭീഷണിയുയര്‍ത്തുന്ന സംഘടനയാണ് ഹിസ്ബുല്ല.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് രാജ്യത്ത് സംഘടനകള്‍ ശേഖരിച്ചിട്ടുള്ള മുഴുവന്‍ ആയുധങ്ങളും സായുധസേനയ്ക്ക് കൈമാറണമെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔനും പ്രധാനമന്ത്രി നവാഫ് സലാമും ഓഗസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ആയുധം വെച്ച് കീഴടങ്ങാനുള്ള സര്‍ക്കാരിന്റെ ആവശ്യത്തെ തള്ളി ഹിസ്ബുല്ല രംഗത്തെത്തുകയും ചെയ്തു. ഇസ്രഈലിനെതിരായ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇറാന്റെ ശക്തമായ പിന്തുണയുള്ള സംഘടനയായ ഹിസ്ബുല്ല.

എന്നാല്‍ യു.എസിന്റെയും ലെബനന്‍ സര്‍ക്കാരിന്റെയും സമ്മര്‍ദവും ഹിസ്ബുല്ലയ്ക്ക് മേല്‍ ശക്തമാവുകയാണ്.

ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ലയുടെ മുന്‍തലവന്‍ ഹസന്‍ നസ്രല്ലയുടെ ഓര്‍മദിനത്തില്‍ സംഘടനയെ നിരായുധീകരിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്ന് ഇപ്പോഴത്തെ തലവന്‍ നയിം ഖാസിം വ്യക്തമാക്കിയിരുന്നു. ആയുധം താഴെ വെക്കില്ലെന്നും ഇസ്രഈലിനെ സഹായിക്കുന്നവരെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പേജര്‍ ആക്രമണം ഉള്‍പ്പെടെയുള്ള ഇസ്രഈലിന്റെ ആക്രമണത്തില്‍ കാര്യമായ തിരിച്ചടി നേരിട്ടെങ്കിലും ഹിസ്ബുല്ല തളര്‍ന്ന് പിന്‍മാറില്ലെന്നും സൈനികശേഷി ഇനിയും നിലനിര്‍ത്തുമെന്നും ഹിസ്ബുല്ല തലവന്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Hezbollah disarmament; US provides $230 million in aid to Lebanon

We use cookies to give you the best possible experience. Learn more