സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നയാളാണ് ഹിഷാം അബ്ദുള്‍ വഹാബ്. വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ് ഹിഷാം ശ്രദ്ധേയനായത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഹൃദയത്തിലൂടെ ഹിഷാം സ്വന്തമാക്കി. ഹൃദയത്തിന് ശേഷം തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ തിരക്കുള്ള സംഗീത സംവിധായകനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇപ്പോള്‍ ഹൃദയം സിനിമയെ കുറിച്ചും അന്യ ഭാഷയില്‍ വര്‍ക്ക് ചെയ്യുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഹിഷാം അബ്ദുള്‍ വഹാബ്. വിനീത് ശ്രീനിവാസനൊപ്പം മുമ്പ് പലവര്‍ക്കിലും താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്നാല്‍ ഹൃദയം സിനിമയും അതിലെ പാട്ടുകളും തന്റെ മ്യൂസിക് കരിയറില്‍ നിര്‍ണായകമായിരുന്നുവെന്ന് ഹിഷാം പറയുന്നു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹൃദയം സിനിമയും അതിലെ പാട്ടുകളും എന്റെ മ്യൂസിക് കരിയറില്‍ നിര്‍ണായകമായിരുന്നു. വിനീത് ശ്രീനിവാസനൊപ്പം മുമ്പ് പലവര്‍ക്കിലും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. കദംബഡ്ഹാ എന്ന എന്റെ സൂഫി ആല്‍ബം പുറത്തിറക്കിയപ്പോള്‍ അദ്ദേഹം അത് കേള്‍ക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു. ഒപ്പം വര്‍ക്കുചെയ്യാനുള്ള ആഗ്രഹം ഞാന്‍ തന്നെയാണ് വിനീതേട്ടനോട് സൂചിപ്പിച്ചത്.
പതിനഞ്ച് പാട്ടുകളായിരുന്നു ഹൃദയം സിനിമയില്‍. പല റേഞ്ചിലുള്ള, പല മൂഡുള്ള പാട്ടുകള്‍. വെസ്റ്റേണും ജാസും സൂഫി സംഗീതവും നിറഞ്ഞവ. ദര്‍ശനയും ഒണക്കമുന്തിരിയും നഗുമോയും പൊട്ടുതൊട്ട പൗര്‍ണമിയുമെല്ലാം ഇപ്പോഴും ആളുകള്‍ പാടിനടക്കുന്നുവെന്നറിയുമ്പോള്‍ സന്തോഷം.
അന്യഭാഷകളില്‍ ആദ്യം മ്യൂസിക് ചെയ്തത് ഖുശി എന്ന തെലുങ്ക് ചിത്രത്തിലാണ്. വിജയ് ദേവരക്കൊണ്ടയും സാമന്തയുമായിരുന്നു അഭിനേതാക്കള്‍. അതിലെ നാ റോജാ നുവ്വേ എന്ന ഗാനം അഞ്ചുഭാഷകളില്‍ റിലീസ് ചെയ്തു. റൊമാന്റിക് ചിത്രമായ ഹായ് നാനായിലെ പാട്ടുകളും ഹിറ്റായി.
അര്‍ജുന്‍ ദാസ് നായകനായ വണ്‍സ് മോര്‍ ആണ് മ്യൂസിക് ചെയ്ത ആദ്യ തമിഴ് ചിത്രം. സൂരി നായകനായ മാമന്‍ സിനിമയിലെ ഗാനങ്ങളാണ് തമിഴില്‍ ആദ്യം റിലീസായത്. സംഗീതത്തിന് അതിരുകളില്ലാത്തതിനാല്‍ ഭാഷ പ്രശ്‌നമായി തോന്നിയിട്ടില്ല.
തെലുങ്കാണെങ്കിലും തമിഴാണെങ്കിലും വരികളുടെ അര്‍ഥം ചോരാതെ പാട്ടൊരുക്കുകയാണ് പ്രധാനം. അതിനുള്ള റിസര്‍ച്ച് ഓരോ പാട്ടിനുപുറകിലുമുണ്ട്. അതിനായി ആ ഭാഷകളിലെ പാട്ടുകള്‍ കേള്‍ക്കും, അതിന്റെ കമ്പോസിങ്, വരികള്‍ എല്ലാം മനസിലാക്കും. ശരിക്കും നന്നായി റിസര്‍ച്ച് ചെയ്തശേഷമാണ് ഓരോ പാട്ടും ചെയ്യാറുള്ളത്,’ ഹിഷാം അബ്ദുള്‍ വഹാബ് പറയുന്നു.
Content Highlight: Hesham Abdul Wahab Talks About Hridayam Movie