ബോക്‌സ് ഓഫീസില്‍ ചരിത്രവിജയം നേടിയ ചിത്രമാണ് ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം 1400 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. ഒ.ടി.ടിയിലും വലിയ സ്വീകാര്യതയാണ് ധുരന്ധറിന് ലഭിച്ചത്. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ട് അവസാനിച്ച ധുരന്ധര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്.

രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ റിലീസായി പ്രേക്ഷകരിലേക്കെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷയില്‍ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ധുരന്ധറില്‍ ഏറ്റവും ഹിറ്റായ ‘ഇഷ്‌ക് ജലാക്കര്‍’ എന്ന ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

ഹെഷാം അബ്ദുള്‍ വഹാബാണ് ഗാനം ആലപിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വരവേല്പല്ല ‘ദൂരെ ദിക്കിലെ’ എന്ന് പേരിട്ട ഗാനത്തിന് ലഭിക്കുന്നത്. ഹെഷാമിന്റെ കരിയറില്‍ ടേണിങ് പോയിന്റായ ‘ദര്‍ശനാ’ എന്ന ഗാനത്തിന്റെ ഫ്‌ളേവര്‍ ഈ പാട്ടിലുമുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമന്റ് ബോക്‌സില്‍ പലരും ഇക്കാര്യം പറയുന്നുണ്ട്.

ഇപ്പോള്‍ ആരെങ്കിലും ഈ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ചോദിച്ചോ എന്നാണ് ഭൂരിഭാഗം കമന്റുകളും. പല സിനിമകളിലെയും ഡാന്‍സ് സീനിന്റെ ജിഫ് ഇമേജുകളും ചിലര്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കുന്നുണ്ട്. ഇത് ധുരന്ധറല്ല ദുരന്തമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോള്‍ ഈ വേര്‍ഷന്‍ വേണ്ടായിരുന്നെന്നും കമന്റുകളുണ്ട്.

 

‘എത്രയൊക്കെ പാടിയിട്ടും ദര്‍ശനയുടെ ബാധ വിട്ടുപോകുന്നില്ലല്ലോ’, ‘കുഗ്രാമമേ + ദര്‍ശനാ മിക്‌സ് പോലെ തോന്നുന്നു’, ‘മലയാളികള്‍ക്ക് ഹിന്ദി അറിയില്ലെന്ന വിചാരത്തിലാണോ ഈ പാട്ട് ഇറക്കിയത്’, ‘ധുരന്ധറിന്റെ പേരില്‍ ഇങ്ങനെയൊരു ദുരന്തം ഒട്ടും പ്രതീക്ഷിച്ചില്ല’, എന്നിങ്ങനെയാണ് പലരും പങ്കുവെക്കുന്ന കമന്റുകള്‍.

അതേസമയം ധുരന്ധറിന് ലഭിച്ച വിജയം ബോക്‌സ് ഓഫീസ് വിദഗ്ധരെ അത്ഭുതപ്പെടുത്തിയിരുന്നു. ആറ് രാജ്യങ്ങളില്‍ വിലക്കുണ്ടായിട്ടും മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യമുണ്ടായിട്ടും ധുരന്ധര്‍ വന്‍ വിജയം നേടി. മാര്‍ച്ച് 19നാണ് ധുരന്ധര്‍ 2 തിയേറ്ററുകളിലെത്തുക. ആദ്യഭാഗത്തെപ്പോലെ വന്‍ വിജയമാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.