'അവന്‍ ഉറൂഗ്യക്കാരനല്ല' ഗ്രീസ്മാന്റെ ഉറൂഗ്യ സ്‌നേഹം തങ്ങള്‍ക്കുവേണ്ടെന്ന് സുവാരസ്
World cup 2018
'അവന്‍ ഉറൂഗ്യക്കാരനല്ല' ഗ്രീസ്മാന്റെ ഉറൂഗ്യ സ്‌നേഹം തങ്ങള്‍ക്കുവേണ്ടെന്ന് സുവാരസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th July 2018, 2:04 pm

ലോകകപ്പിലെ ഉറൂഗ്യന്‍ പ്രതീക്ഷകള്‍ക്ക് അവസാനം കുറിച്ച ഗോളുകളില്‍ ഒന്ന് ഫ്രാന്‍സിന്റെ അന്റോണി ഗ്രെയ്‌സ്മാന്റേതായിരുന്നു. എന്നാല്‍ ഉറൂഗ്യയോടുള്ള തന്റെ ആദരവ് കാരണം ഈ ഗോള്‍ ആഘോഷിക്കേണ്ടെന്ന് ഗ്രീസ്മാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ ലോകകപ്പ് പ്രതീക്ഷികള്‍ക്ക് അവസാനം കുറിച്ചവരുടെ അത്തരം സ്‌നേഹമൊന്നും തങ്ങള്‍ക്കുവേണ്ടെന്നാണ് ഉറൂഗ്യന്‍ ഗോള്‍ വേട്ടക്കാരന്‍ ലൂയി സുവാരസ് പറയുന്നത്.

ഉറൂഗ്യക്കാരോടും ഉറൂഗ്യന്‍ സംസ്‌കാരത്തോടും തനിക്ക് വലിയ സ്‌നേഹമാണെന്നു പറഞ്ഞാണ് 27 കാരനായ ഗ്രീസ്മാന്‍ ആഘോഷങ്ങള്‍ വേണ്ടെന്നു വെച്ചത്. ഉറൂഗ്യന്‍ താരമായ ഡീഗോ ഗോഡിന്‍ ക്ലബ് ടീമില്‍ തനിക്കൊപ്പമാണെന്നും അദ്ദേഹവുമായി നല്ല അടുപ്പമുണ്ടെന്നും ഗ്രെയ്‌സ്മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ സ്‌നേഹം തങ്ങള്‍ക്കുവേണ്ടെന്നാണ് സുവാരസ് പറയുന്നത്.


Also Read:നെയ്മര്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ഇരയേ അല്ലായിരുന്നു; വിജയ രഹസ്യം വെളിവാക്കി ബെല്‍ജിയം ഡിഫന്റര്‍


” അദ്ദേഹം ഉറൂഗ്യക്കാരനല്ല. അദ്ദേഹം ഫ്രഞ്ചുകാരനാണ്. ഗോളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.” സുവാരസ് മാധ്യമങ്ങളോടു പറഞ്ഞു.

“ഫുട്‌ബോളില്‍ ഇനിയും മുന്നേറാന്‍ ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനുണ്ടെന്ന് അദ്ദേഹത്തിനറിയില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ആചാരങ്ങളും ഉറൂഗ്യന്‍ സംസാരരീതിയുമുണ്ട്. പക്ഷേ ഞങ്ങള്‍ക്കത് വ്യത്യസ്തമായാണ് തോന്നുന്നത്.” സുവാരസ് പറയുന്നു.

ലാറ്റിനമേരിക്കന്‍ ടീമായ ഉറുഗ്യയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടിയത് റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനെയാണ്. ആന്റോണിയോ ഗ്രീസ്മാന്റെ ഫ്രീകിക്ക് കൃത്യമായി വരാനെ വലയിലെത്തിച്ചു.


Also Read:ആര്‍ത്തവ കാലത്ത് ഉപയോഗിക്കുന്ന ടാംപണ്‍ കവര്‍ന്നത് 16കാരിയുടെ ജീവന്‍


രണ്ടാമത്തെ ഗോള്‍ നേടിയതും ആന്റോണിയോ ഗ്രീസ്മാന്‍ തന്നെയാണ്. ഗ്രീസ്മാന്റെ ഷോട്ട് പ്രതിരോധിക്കുന്നതില്‍ ഉറുഗ്യ കീപ്പര്‍ പരാജയപ്പെട്ടപ്പോള്‍ ഫ്രാന്‍സിന് രണ്ടാം ഗോള്‍ ലഭിച്ചു.

എഡിസണ്‍ കവാനി ഇല്ലാത്തത് ഉറുഗ്വേയുടെ ആക്രമണ നിരയില്‍ പ്രകടമായി നിഴലിച്ചിരുന്നു. കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഉറുഗ്വേക്ക് സാധിച്ചിരുന്നില്ല. ബോക്സ് വരെ എത്തിയ പല മുന്നേറ്റങ്ങളും ഫലം കാണാതെ പോയിരുന്നു.