| Monday, 23rd June 2025, 7:45 pm

കേട്ടപ്പോള്‍ തന്നെ ചാര്‍ജ്ഡായ അനൂപ് മേനോനും ഫൈറ്റ് മാസ്റ്ററും ടാര്‍സണ്‍ ആന്റണിയും, 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കില്‍ നിറയുന്ന പൃഥ്വിരാജിന്റെ ഹീറോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചില സിനിമകള്‍ അങ്ങനെയാണ്. റിലീസ് ചെയ്ത സമയത്ത് വലിയ ഓളമുണ്ടാകില്ല. എന്നാല്‍ പിന്നീട് പ്രേക്ഷകര്‍ ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യും. അത്തരത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഹീറോ. പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ചാവിഷയമാകുന്നത്.

സിനിമയില്‍ നായകന് ഡ്യൂപ്പായി വേഷമിടുന്ന ടാര്‍സണ്‍ ആന്റണിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇറങ്ങിയ സമയത്ത് ശരാശരി വിജയം മാത്രമാണ് ചിത്രത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. അഹങ്കാരിയും എല്ലാവരോടും പുച്ഛവുമുള്ള സൂപ്പര്‍സ്റ്റാറും അയാള്‍ക്ക് എതിരെ നില്‍ക്കുന്ന നായകനും, സപ്പോര്‍ട്ട് ചെയ്യുന്ന സംവിധായകനും, നായകന്‍ ഭാഗമാകുന്ന സിനിമ ആദ്യദിവസം തന്നെ പ്രേക്ഷകര്‍ ആഘോഷമാക്കുന്നതും തുടങ്ങി സകല ക്ലീഷോകളുമടങ്ങിയ ചിത്രമായിരുന്നു ഹീറോ.

പുതിയ മുഖം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ദീപനും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ഹീറോ. ചിത്രത്തിന്റെ റിലീസിന് മുമ്പ് പുറത്തുവിട്ട പോസ്റ്ററില്‍ പൃഥ്വിരാജിന്റെ മസില്‍ ബോഡി വലിയ ചര്‍ച്ചയായിരുന്നു. ഒരു മലയാളനടന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഫിസീക്കിലായിരുന്നു പൃഥ്വിരാജ് ഹീറോയില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ക്ലീഷേ കഥയും മോശം മേക്കിങ്ങും ചിത്രത്തെ പ്രേക്ഷകരില്‍ നിന്ന് അകറ്റി. ഇപ്പോള്‍ ചിത്രത്തിലെ പല സീനുകളും ട്രോള്‍ പേജുകളില്‍ വന്‍ ട്രെന്‍ഡിങ്ങാണ്. അനൂപ് മേനോന്‍ അവതരിപ്പിച്ച സംവിധായകന്‍ ആദിത്യനും തലൈവാസല്‍ വിജയ് അവതരിപ്പിച്ച ഫൈറ്റ് മാസ്റ്റര്‍ ധര്‍മരാജന്‍ മാസ്റ്ററും തമ്മിലുള്ള സംഭാഷണമാണ് ഇതിലെ ഹൈലൈറ്റ്.

സിനിമക്കുള്ളിലെ സിനിമയിലെ ആക്ഷന്‍ സീന്‍ ധര്‍മരാജന്‍ മാസ്റ്റര്‍ വിവരിക്കുമ്പോള്‍ അതിന് അനൂപ് മേനോന്‍ നല്‍കുന്ന മറുപടി ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ്. അതിനോടൊപ്പം മാസ്റ്റര്‍ ‘ആക്ഷന്‍’ എന്ന വാക്കിന് പകരം ഉപയോഗിക്കുന്ന ‘അയ്യപ്പാ’ എന്ന ഡയലോഗും ട്രോളന്മാര്‍ ഇതിനോടകം ഏറ്റെടുത്തു. യൂട്യൂബില്‍ ചിത്രത്തിന്റെ സീനുകളുടെ കമന്റ് ബോക്‌സിലും ഇതേ ട്രെന്‍ഡാണ്.

എന്നാല്‍ ഈ ട്രെന്‍ഡിനിടെ പൃഥ്വിരാജിനോടുള്ള വിദ്വേഷവും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എമ്പുരാന്‍ സിനിമയുടെ പിന്നാലെ താരത്തിന് നേരെ വന്ന വിദ്വേഷ പ്രചരണത്തിന്റെ ബാക്കിയായിരുന്നു അത്തരം പോസ്റ്റുകള്‍. പൃഥ്വിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് വരെ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അത്തരം പോസ്റ്റുകള്‍ക്കും മറുപടിയായി മറ്റുള്ളവര്‍ എത്തുന്നുണ്ട്. ഏറ്റവുമൊടുവില്‍ നടന്ന സ്റ്റേറ്റ് അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ പൃഥ്വിയെ അഭിനയം പഠിപ്പിക്കാന്‍ ആരും വരണ്ടെന്നാണ് അഭിപ്രായം.

Content Highlight: Hero movie starring Prithviraj now trending on Facebook

We use cookies to give you the best possible experience. Learn more