യു.എ.പി.എയ്ക്ക് കയ്യടിക്കുന്നവര്‍ ഹെലിന്‍ ബോലെക്കിനായി മുതലക്കണ്ണീരൊഴുക്കരുത്, അവള്‍ നിങ്ങളുടെ രക്തസാക്ഷിയല്ല
Turkey
യു.എ.പി.എയ്ക്ക് കയ്യടിക്കുന്നവര്‍ ഹെലിന്‍ ബോലെക്കിനായി മുതലക്കണ്ണീരൊഴുക്കരുത്, അവള്‍ നിങ്ങളുടെ രക്തസാക്ഷിയല്ല
ലിജീഷ് കുമാര്‍
Sunday, 5th April 2020, 9:58 pm

ടി.എസ്.എലിയട്ടിന്റെ ‘ദി വേസ്റ്റ് ലാന്റ്’ വായിച്ചിട്ടുണ്ടോ? കുറേയേറെ കവിതകള്‍ ചേര്‍ന്ന ഒരു കവിതയാണത്. ലോക മഹായുദ്ധം കണ്ട മനുഷ്യരുടെ നിരാശയും നഷ്ടബോധവും അതെഴുതുമ്പോള്‍ എലിയട്ടിലുണ്ടായിരുന്നു. ജീവിച്ചിരിക്കെ മരിച്ചു പോയവരുടെ വരികളായിരുന്നു അതില്‍ നിറയെ. ‘ഏപ്രില്‍ ഈസ് ദി ക്രുവലസ്റ്റ് മന്ത്’ എന്ന വരിയിലാണ് വേസ്റ്റ് ലാന്റ് ആരംഭിക്കുന്നത്. ഇന്നലെ വീണ്ടും ഞാനാ വരിയോര്‍ത്തു. 288 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് ഹെലിന്‍ ബോലെക് ഇന്നലെ ഗുഡ് ബൈ പറഞ്ഞിരിക്കുന്നു. മരിക്കുമ്പോള്‍ അവള്‍ക്ക് 28 വയസ്സായിരുന്നു, ക്രൂരനായ ഏപ്രില്‍.

തുര്‍ക്കിയായിരുന്നു ഹെലിന്റെ ദേശം, എര്‍ദോഗന്റെ തുര്‍ക്കി. തുര്‍ക്കിക്ക് അവള്‍ ദേശദ്രോഹിയായിരുന്നു. ദേശദ്രോഹികള്‍ക്ക് തുര്‍ക്കിയില്‍ ഒരു ബാന്‍ഡുണ്ട്, ഗ്രുപ് യോറം. 1985 മുതല്‍ ഗ്രുപ് യോറം അവിടുണ്ട്. ദരിദ്രനെക്കുറിച്ച് അവര്‍ പാടി, ചൂഷണത്തെക്കുറിച്ച് പാടി, മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ പാടി. ആ പാട്ടുകള്‍ ഏറ്റു പാടാന്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. പോരാട്ടമാണ് വഴി എന്ന് ഗ്രുപ് യോറം അവരെ പഠിപ്പിച്ചു, തുര്‍ക്കിക്കാരുടെ ഭാഷയില്‍ ‘ഇല്ലെ കാവ്ഗ’ എന്ന് പറയും.

തുര്‍ക്കിയിലെ തെരുവുകള്‍ പോരാട്ടത്തിന്റെ ഭാഷ പഠിക്കാന്‍ തുടങ്ങി. മനുഷ്യാവകാശങ്ങള്‍ നിരോധിക്കപ്പെട്ട കുര്‍ദുകളുടെ കൂടെ മണ്ണാണ് തുര്‍ക്കി. ഗ്രുപ് അവരോടൈക്യപ്പെട്ടു. 2010 ല്‍ ഗ്രുപ് യോറത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത് അരലക്ഷത്തിലേറെ ആരാധകരാണ്. ആ മനുഷ്യരെ സാക്ഷി നിര്‍ത്തി, ഗ്രുപ് യോറം ബാന്‍ഡ് പാടി – തീപ്പിടിപ്പിക്കുന്ന പാട്ടുകള്‍

”If wheat, petrol and great effort
flows to foreign rivers
if water stops, you don’t stop
hit those who steal the fate on your forehead -”
പിന്തിരിഞ്ഞോടരുത്, തല്ലണം എന്ന് തന്നെ.

”if your words are stolen from your mouth
if life is distilled from your heart
if blood is silent, don’t be silent
hit those who are born of betrayal and tyranny -”
വിശ്വാസവഞ്ചകരെയും സ്വേച്ഛാധിപതികളെയും തല്ലണം എന്ന് തന്നെ.

ഭരണകൂടത്തിന് പൊള്ളി. ഈ വരികള്‍ മാത്രമല്ല, ഈ പാട്ടുകള്‍ സംസാരിച്ച ഭാഷ വരെ തുര്‍ക്കിയില്‍ വിലക്കപ്പെട്ടതാണ്. കുര്‍ദുകള്‍ക്ക് അവരുടെ ഭാഷ 1980 ലേ നഷ്ടപ്പെട്ടതാണ്. എന്നിട്ടും ടര്‍ക്കിഷ് – കുര്‍ദിഷ് നാടന്‍ പാട്ടുകള്‍ സമന്വയിപ്പിച്ച് ഗ്രുപ് യോറം പാടി. ചുമ്മാ പാടുകയല്ല ഗ്രുപ് യോറമെന്ന് ഗവണ്‍മെന്റ് തിരിച്ചറിഞ്ഞു. ഈ പാട്ടുകള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തുര്‍ക്കിയിലെ മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് പാര്‍ട്ടി ആയ റവല്യൂഷനറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിയാണ് ഗ്രുപ് യോറത്തിന് പിന്നിലെന്ന് ഭരണകൂടത്തിന് ഉറപ്പായിരുന്നു. അധികാരത്തിന്റെ ഉരുക്കു മുഷ്ടികളുപയോഗിച്ച് തുര്‍ക്കി അവരെ വരിഞ്ഞു തുടങ്ങി. നിരന്തരമായ റെയ്ഡുകള്‍, അറസ്റ്റുകള്‍, പീഢനങ്ങള്‍…

1985 മുതല്‍ ഇങ്ങോട്ട് പരിശോധിച്ചാല്‍ നാനൂറിലധികം തവണയാണ് ബാന്റിലെ ആര്‍ട്ടിസ്റ്റുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഗ്രുപ് യോറം ഓഫീസ് സ്ഥിതി ചെയ്യുന്ന കള്‍ച്ചറല്‍ സെന്റര്‍ തുര്‍ക്കി പോലീസ് റെയ്ഡ് ചെയ്തതിന് കണക്കില്ല. ഓരോ റെയ്ഡിലും പോലീസ് സംഗീതോപകരണങ്ങള്‍ നശിപ്പിച്ചു, മ്യുസിക് ബുക്കുകള്‍ കത്തിച്ചു. ഗ്രുപ് യോറത്തിന്റെ ആര്‍ട്ടിസ്റ്റുകള്‍ ഭരണകൂടത്തിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെടുകയും, തലയ്ക്ക് മൂന്ന് ലക്ഷം ടര്‍ക്കിഷ് ലിറ പോലീസ് പ്രതിഫലം നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. വേട്ട തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ 2019 ലാണ് ഹെലിന്‍ ബോലെക്കും, ഇബ്രാഹിം ഗൊക്കെക്കും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

നിരന്തരമായ റെയ്ഡുകള്‍ നിര്‍ത്തുക, ആര്‍ട്ടിസ്റ്റുകളെ വാണ്ടഡ് ക്രിമിനല്‍സിന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക, ബാന്‍ഡ് സംഘത്തിന്റെ പ്രോഗ്രാമുകള്‍ക്കുള്ള നിരോധനം പിന്‍വലിക്കുക. ബാന്റംഗങ്ങളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ച് അവരെ ജയിലില്‍ നിന്നും വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെലിനും ഗൊക്കെക്കും നിരാഹാര സമരം ആരംഭിച്ചു. 288 ദിവസങ്ങള്‍ ഒന്നും പരിഹരിക്കപ്പെട്ടില്ല. ഇബ്രാഹിം ഗോക്കെക്കിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ബാന്റിലെ ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോഴും ജയിലിലുണ്ട്. ഹെലിന്‍ പോയി, ഗോക്കെക്ക് നിരാഹാരത്തിലാണ്.

എര്‍ദോഗന്റെ തുര്‍ക്കിയില്‍ ഹാ കഷ്ടം എന്നൊന്നും പരിതപിച്ചേക്കല്ലേ. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് ഇന്നാട്ടില്‍ ഉള്ള പേര് തന്നെയേ തുര്‍ക്കിയിലുമുള്ളൂ. എര്‍ദോഗന്‍ ചെയ്യുന്നതൊക്കെ നമ്മളും ചെയ്യും, ഇന്ത്യയിലായാലും കേരളത്തിലായാലും. തുര്‍ക്കിയിലെ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയാണ് റെവല്യൂഷനറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി. ആ പാര്‍ട്ടിയുമായി ബന്ധമുള്ളവരെ ജയിലിലടയ്ക്കുകയല്ലാതെ, എര്‍ദോഗന്‍ പിടിച്ച് ഉമ്മ വെക്കണോ എന്ന് തന്നെ ചോദിക്കൂ. എന്‍.ഐ.എക്കും യു.എ.പി.എക്കും കൈയ്യടിക്കുന്നവര്‍ ഹെലിന്‍ ബോലെക്കിന് വേണ്ടി മുതലക്കണ്ണീരൊഴുക്കരുത്. അവള്‍ നിങ്ങളുടെ രക്തസാക്ഷിയല്ല. അത്ര ചെറുതല്ല പോരാടി മരിച്ചവളുടെ മഹത്വം. ഹെലിന്‍ ബോലെക്കിന് ലാല്‍സലാം. നിരോധിക്കപ്പെട്ടിട്ടും മുട്ടുമടക്കാത്ത മനുഷ്യാവകാശപ്പോരാട്ടങ്ങള്‍ക്കത്രയും ലാല്‍സലാം.