| Monday, 16th February 2026, 11:24 am

പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാമ്പില്‍ പിരിമുറുക്കം? കുല്‍ദീപിനോട് കടുപ്പിച്ച് സൂര്യയും ഹര്‍ദിക്കും; വീഡിയോ

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അനായാസ വിജയം നേടിയാണ് ഇന്ത്യ സൂപ്പര്‍ 8ന് യോഗ്യതയുറപ്പിച്ചത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന് പാകിസ്ഥാനെ നാണംകെടുത്തിയാണ് സൂര്യയും സംഘവും കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ വെറും 114 റണ്‍സിന് പുറത്തായി. ഇഷാന്‍ കിഷന്റെ ബാറ്റിങ് കരുത്തും ബൗളര്‍മാരുടെ മികച്ച പ്രകടനത്തിലുമാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.

എന്നാല്‍ മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ നടന്ന ചില ചൂടേറിയ സംഭവങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ താരങ്ങള്‍ വിജയമാഘോഷിക്കവെ സൂപ്പര്‍ താരം ഹര്‍ദിക് കുല്‍ദീപ് യാദവിനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഹര്‍ദിക്കിന് പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കുല്‍ദീപിനോട് ദേഷ്യപ്പെട്ടിരുന്നു.

18ാം ഓവറില്‍ കുല്‍ദീപ് യാദവ് ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് സംഭവത്തിന് കാരണമെന്നാണ് കരുതുന്നത്.

ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഓവറിലെ രണ്ടാം പന്തിലാണ് കുല്‍ദീപ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. നിര്‍ഭാഗ്യവശാല്‍ അത് സിക്‌സറായും മാറി. ഇതിന് പിന്നാലെ ഹര്‍ദിക് ഏറെ നിരാശനായി കാണപ്പെട്ടിരുന്നു. ഈ വിക്കറ്റ് വീണിരുന്നെങ്കില്‍ മത്സരം അവിടം കൊണ്ട് അവസാനിക്കുമായിരുന്നു.

തുടര്‍ന്നുള്ള രണ്ട് പന്തുകളില്‍ ഷഹീന്‍ റണ്‍സ് നേടിയില്ല. അഞ്ചാം പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക് കൈമാറിയെങ്കിലും അവസാന പന്തില്‍ ഉസ്മാന്‍ താരിഖിന്റെ വിക്കറ്റ് പിഴുതെറിഞ്ഞ പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

അതേസമയം, ഗ്രൂപ്പ് എ-യില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച മൂന്നില്‍ മൂന്ന് വിജയവുമായി ആറ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. മോശം റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ യു.എസ്.എയ്ക്കും പിന്നില്‍ മൂന്നാമതാണ്.

ഫെബ്രുവരി 18നാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.

Content Highlight: Heated conversation between Hardik Pandya and Kuldeep Yadav after India vs Pakistan match

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more