ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന 2025 ഐ.പി.എല്‍ മാര്‍ച്ച് 22നാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ പുകയില, മദ്യം എന്നിവയുടെ എല്ലാത്തരം പ്രമോഷനുകളും സറോഗേറ്റ് പരസ്യങ്ങളും നിരോധിക്കാന്‍ ആരോഗ്യ മന്ത്രാലയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നിര്‍ദേശം നല്‍കി.
മത്സരങ്ങളിലും അനുബന്ധ പരിപാടികളിലും ദേശീയ ടി.വി സംപ്രേക്ഷണങ്ങളിലും പുകയിലയുടെയും മദ്യത്തിന്റെയും എല്ലാ പരസ്യങ്ങളും നിരോധിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം ഐ.പി.എല്ലിനോടും ക്രിക്കറ്റ് ബോര്‍ഡിനോടും ആവശ്യപ്പെട്ടത്.
പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ സ്‌പോര്‍ട്‌സിന്റെ നിര്‍ണായക പങ്കിനെ ഊന്നിപ്പറയുന്ന കത്തില്‍ ഇന്ത്യയിലെ മരണങ്ങളില്‍ 70 ശതമാനത്തില്‍ അധികവും കാരണമാകുന്നത് പുകയിലയും മദ്യത്തിന്റെ ഉപയോഗവുമാണെന്ന് പറയുന്നു.
ഇന്ത്യയിലെ യുവാക്കള്‍ക്ക് മാതൃകകളായ ക്രിക്കറ്റ് കളിക്കാരും സെലിബ്രറ്റികളും ഏതെങ്കിലും തരത്തിലുള്ള പുകയില അല്ലെങ്കില്‍ മദ്യ പരസ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടരുതെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമലിന് അയച്ച കത്തില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ അതുല്‍ ഗോയല്‍ പറഞ്ഞു.
‘ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ഐ.പി.എല്‍ ഗെയിമുകളിലും അനുബന്ധ ഐ.പി.എല്‍ പരിപാടികളിലും, സറോഗേറ്റ് പരസ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം പുകയില/മദ്യ പരസ്യങ്ങളും നിരോധിക്കുന്ന ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം.
പുകയിലയും മദ്യത്തിന്റെ ഉപയോഗവും സാംക്രമികേതര രോഗങ്ങള്‍ക്കുള്ള പ്രധാന ഘടകങ്ങളാണ്. ലോകമെമ്പാടുമുള്ള പുകയില സംബന്ധമായ മരണങ്ങളില്‍ നമ്മള്‍ രണ്ടാം സ്ഥാനത്താണ്. ഏകദേശം 14 ലക്ഷം വാര്‍ഷിക മരണങ്ങള്‍ സംഭവിക്കുന്നു, അതേസമയം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സൈക്കോ ആക്റ്റീവ് പദാര്‍ത്ഥമാണ് മദ്യം.
മദ്യം അല്ലെങ്കില്‍ പുകയിലയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെ (കമന്റേറ്റര്‍മാര്‍ ഉള്‍പ്പെടെ) നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നത് പ്രോത്സാഹിപ്പിക്കരുത്,’ ഗോയല്‍ എഴുതി.
Content Highlight: Health Ministry wants tobacco and alcohol advertisements to be banned in IPL