| Sunday, 4th May 2025, 7:43 pm

തുടരും ലൊക്കേഷനില്‍ എനിക്ക് ആദ്യമായി മേക്കപ്പിട്ടത് അദ്ദേഹം; എന്തൊരു ഭാഗ്യമെന്ന് മനസിലോര്‍ത്തു; ഇമോഷണലായി: പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയിലെ എസ്.ഐ ജോര്‍ജ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര എന്‍ട്രി നടത്തിയിരിക്കുകയാണ് പരസ്യ സംവിധായകന്‍ കൂടിയായ പ്രകാശ് വര്‍മ.

തുടരും എന്ന സിനിമയെ കുറിച്ചും സെറ്റിലെ ചില മറക്കാനാകാത്ത അനുഭവങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അദ്ദേഹം. രജപുത്ര വിഷ്വല്‍ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രകാശ് വര്‍മ തുടരും സിനിമയെ കുറിച്ച് സംസാരിക്കുന്നത്.

എസ്.ഐ ജോര്‍ജാക്കി തന്നെ മാറ്റിയെടുത്ത വ്യക്തിയെ കുറിച്ചാണ് പ്രകാശ് വര്‍മ സംസാരിക്കുന്നത്. തന്റെ മുഖത്ത് ആദ്യമായി മേക്കപ്പിട്ടു തരുന്നത് പട്ടണം റഷീദാണെന്നും ആ സമയം താന്‍ വല്ലാത ഇമോഷണലായെന്നുമാണ് പ്രകാശ് വര്‍മ പറയുന്നത്.

‘തുടരുമിന്റെ ഷൂട്ട് തുടങ്ങിയെങ്കിലും എനിക്ക് ആ സമയത്ത് ഒരു പ്രൊജക്ട് തീര്‍ക്കേണ്ടതിനാല്‍ 20 ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ ലൊക്കേഷനില്‍ എത്തുന്നത്.

ഞാന്‍ ചെല്ലുന്നതിന് മുന്‍പ് അവര്‍ ബാക്കി പോര്‍ഷന്‍സ് ഷൂട്ട് ചെയ്യുകയാണ്. രാജസ്ഥാനില്‍ ഒരു ഷൂട്ട് കഴിഞ്ഞാണ് ഞാന്‍ എത്തുന്നത്. എത്തി എല്ലാവരേയും കണ്ടു. ഞാന്‍ എന്റെ സാധാരണ താടിയൊക്കെയായി നോര്‍മലായിട്ടുള്ള ഒരു അവസ്ഥയിലാണ് പോകുന്നത്.

എന്റെ ഉള്ളില്‍ ഇതാണോ ജോര്‍ജ് എന്നൊക്കെ സംശയം ഉണ്ടെങ്കിലും അതിന് ശേഷം തരുണിന്റെയൊക്കെ നിര്‍ദേശപ്രകാരം ഞാന്‍ കാരവാനിലോട്ട് പോയി.

എന്നെപ്പോലെ ഒരാളൊക്കെ കണ്ട് അത്ഭുതപ്പെട്ട, പല പല ആക്ടേഴ്‌സിന്റേയും വിവിധ രൂപങ്ങള്‍ ക്രിയേറ്റ് ചെയ്യുന്ന ഒരു ബ്രില്യന്റ് ടാലന്റാണ് പട്ടണം റഷീദ്. റഷീദ്ദിക്ക. റഷീദ്ദിക്കയാണ് എന്റെ മുഖത്ത് ആദ്യമായി മേക്കപ്പിടുന്നത്.

എന്തൊരു ഭാഗ്യമാണെന്ന് ഞാന്‍ ഓര്‍ത്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഒരു തരം ഇമോഷനും എല്ലാം കൂടി വന്നു. കാരണം ഇക്കയുടെ കയ്യില്‍ നിന്ന് എന്റെ മുഖത്ത് ആദ്യമായി ഒരു മേക്കപ്പ് ചെയ്യുക എന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റില്ല.

ആ നിമിഷങ്ങളില്‍ ഞാന്‍ കടന്നുപോയതെല്ലാം എന്നും ചെറിഷ് ചെയ്യുന്ന മൊമെന്റുകളാണ്. റഷീദിക്ക ഭയങ്കര ഇന്ററസ്റ്റിങ് ടാലന്റാണ്, വളരെ നല്ലൊരു മനുഷ്യനാണ്.

ഞാന്‍ ആദ്യമായി അഭിനയിക്കുകയാണെന്നൊന്നും ഇല്ലാതെ ഹ്യൂമണ്‍ റെസ്‌പെക്ടോടെ തന്നെയാണ് എന്നെ കൈകാര്യം ചെയ്തത്. റഷീദ്ദിക്കയുടെ അസിസ്റ്റന്റസ് വൈശാഖ് അവരൊക്കെയാണ് നമ്മുടെ കൂടെ മുഴുവന്‍ നേരവും ഉണ്ടായത്.

ഈ ഷൂട്ട് പൂര്‍ണമാകുന്നതുവരെ നമുക്ക് ഉണ്ടായ കോണ്‍ഫിഡന്‍സിലൊക്കെ അവര്‍ക്ക് കൈകളുണ്ട്. അങ്ങനെ താടിയൊക്കെ വടിച്ച് നെറ്റി കുറച്ച് കൂടി ഷേവ് ചെയ്ത് തലമുടിയൊക്കെ ഒതുക്കി ഞാന്‍ യൂണിഫോമിട്ടു.

ആദ്യമായിട്ട് റഷീദിക്ക ചെയ്ത മേക്കപ്പിന് ശേഷം ഞാന്‍ കണ്ണാടിയില്‍ ജോര്‍ജിനെ ആദ്യം കണ്ട നിമിഷമുണ്ട്. അതൊക്കെ ജീവിതത്തില്‍ വളരെ വലിയ, എന്നും ഓര്‍മിച്ചിരിക്കുന്ന ചെറിഷ് ചെയ്യുന്ന മൊമെന്റുകളാണ്.

അങ്ങനെ ഞാന്‍ ആ വേഷത്തില്‍ സെറ്റില്‍ പോയി ലാലേട്ടനേയും രഞ്ജിത്തേട്ടനേയും തരുണിനേയും സുനിലിനേയുമൊക്കെ എന്നെ തന്നെ കാണിച്ചിട്ട് ഇതാണോ നിങ്ങളുടെ ജോര്‍ജ് എന്ന് ഞാന്‍ വീണ്ടും ചോദിക്കുകയുണ്ടായി.

തരുണിന് ഒരു ക്ലാരിറ്റിയുണ്ട്. ചിലര്‍ക്ക് വിഷന്‍ ഉണ്ട്. അവര്‍ ഏത് രൂപത്തില്‍ ഒരാളെ കണ്ടാലും, അതിപ്പോള്‍ ചിലരുടെ കണ്ണില്‍ നോക്കിയാല്‍ പോലും അവര്‍ക്ക് ചില കാര്യങ്ങള്‍ മനസിലാകും. അതാണ് ഒരു സംവിധായകന്റെ ബ്രില്യന്‍സ് എന്ന് പറയുന്നത്,’ പ്രകാശ് വര്‍മ പറഞ്ഞു.

Content Highlight: He was the first person to do my makeup on Thudarum location I got emotional: Prakash Varma

We use cookies to give you the best possible experience. Learn more