| Wednesday, 18th June 2025, 10:01 pm

ക്രിക്കറ്റിന് പുറത്ത് പല കഴിവുകളുമുണ്ട് അദ്ദേഹത്തിന്; ഞങ്ങളൊരുമിച്ച് പാട്ടുകള്‍ കമ്പോസ് ചെയ്യും: മധു ബാലകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉദയപുരം സുല്‍ത്താന്‍  എന്ന ചിത്രത്തിലെ കനകസഭാതലം മമഹൃദയം എന്ന പാട്ട് പാടി മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നുവന്ന പ്രതിഭയാണ് മധു ബാലകൃഷ്ണന്‍.തമിഴിൽ ഇളയരാജയുടെ പാട്ട് ആണ് ആദ്യമായി മധു പാടിയത്.

പിന്നീടാണ് അദ്ദേഹം ഉദയപുരം സുല്‍ത്താനിലേക്ക് എത്തുന്നത്. നിരവധി സിനിമകളിലായി അഞ്ഞൂറിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ച അദ്ദേഹം തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളുള്‍പ്പെടെ പതിനായിരത്തോളം പാട്ടുകള്‍ അദ്ദേഹം പാടി. ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്തിന്റെ സഹോദരി ദിവ്യയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇപ്പോള്‍ ശ്രീശാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മധു ബാലകൃഷ്ണന്‍.


ക്രിക്കറ്റിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ശ്രീശാന്ത് എന്നും പിന്നീട് അതില്‍ നിന്നും കരകയറുകയായിരുന്നു അദ്ദേഹമെന്നും മധു ബാലകൃഷ്ണന്‍ പറയുന്നു.  ശ്രീശാന്ത് ക്രിക്കറ്റിന് പുറമേ നന്നായി ഡാന്‍സ് കളിക്കുമെന്നും പാട്ടുപാടുമെന്നും വരികളെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കളിക്കൂട്ടുകാരനായിരുന്നു ശ്രീശാന്ത് എന്നും ഇപ്പോഴും തങ്ങള്‍ കൂടുമ്പോള്‍ പാട്ടുകള്‍ കമ്പോസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ക്രിക്കറ്റിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ഒരു കാലത്ത് ശ്രീ. മാനസികമായി തകര്‍ന്ന നിലയിലാണ് ഇവിടെ വന്നത്. പിന്നെ അതില്‍നിന്ന് കരകയറുകയായിരുന്നു. ഞങ്ങള്‍ കുറെ പാട്ടുകള്‍ കേട്ടു. ചിലതൊക്കെ പാടി. ശ്രീശാന്ത് ക്രിക്കറ്റിന് പുറത്ത് പല കഴിവുകളുമുള്ളയാളാണ്. നന്നായി ഡാന്‍സ് കളിക്കും. ഇടക്ക് പാടും, വരികളെഴുതും.

ഞാനും ക്രിക്കറ്ററായിരുന്നു. സ്‌കൂള്‍, കോളേജ് ടീമുകളിലുണ്ടായിരുന്നു. പണ്ട് ഞാന്‍ കളിക്കുമ്പോള്‍ പന്ത് പെറുക്കി തന്നയാളാണ് ശ്രീ. അന്നേ അവന്‍ നന്നായി ഡാന്‍സ് ചെയ്യും. ഇപ്പോഴും ഞങ്ങള്‍ ഇടയ്ക്ക് കൂടുമ്പോള്‍ പാട്ടുകള്‍ കമ്പോസ് ചെയ്യും,’ മധു ബാലകൃഷ്ണന്‍ പറയുന്നു.

ശ്രീശാന്ത് 

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി താരമാണ് ശ്രീശാന്ത്. വലംകയ്യന്‍ ഫാസ്റ്റ് ബൗളറും വലംകയ്യന്‍ വാലറ്റ ബാറ്റ്‌സ്മാനുമാണ് അദ്ദേഹം. എന്നാല്‍ ഒത്തുകളി വിവാദം മൂലം 2013 മെയ് 16ന് ശ്രീശാന്ത് അറസ്റ്റ് ചെയ്യപ്പെടുകയും ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Content Highlight: He has many talents outside of cricket says Madhu Balakrishnan

We use cookies to give you the best possible experience. Learn more