ഗ്രൗണ്ടില്‍ എല്ലായിടത്തും ഇവരുണ്ട്! ചരിത്രത്തിലെ ആദ്യ താരം; പാകിസ്ഥാനെ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം
Cricket
ഗ്രൗണ്ടില്‍ എല്ലായിടത്തും ഇവരുണ്ട്! ചരിത്രത്തിലെ ആദ്യ താരം; പാകിസ്ഥാനെ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th April 2024, 12:31 pm

വെസ്റ്റ് ഇന്‍ഡീസ് വുമണ്‍സും-പാകിസ്ഥാന്‍ വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് തകര്‍പ്പന്‍ ജയം. പാകിസ്ഥാനെ 113 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് പരാജയപെടുത്തിയത്.

പാകിസ്ഥാന്റെ തട്ടകമായ കറാച്ചി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 35.5 ഓവറില്‍ 156 റണ്‍സിന് പുറത്താവുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനായി ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് തകര്‍പ്പന്‍ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 150 പന്തില്‍ പുറത്താവാതെ 140 റണ്‍സാണ് ഹെയ്ലി നേടിയത്. 15 ഫോറുകളും ഒരു സിക്സുമാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്.

ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് ഹെയ്ലി നടത്തിയത്. ആറ് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 2.83 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

മത്സരത്തില്‍ ഒരു റിട്ടേണ്‍ ക്യാച്ചും ഹെയ്ലി നേടിയിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഒരു ചരിത്ര നേട്ടമാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഒരു ഏകദിന മത്സരത്തില്‍ സെഞ്ച്വറിയും, 3+ വിക്കറ്റും, ഒരു ക്യാച്ചും നേടുന്ന ആദ്യ വനിത താരമെന്ന നേട്ടമാണ് ഹെയ്ലി മാത്യൂസ് സ്വന്തമാക്കിയത്.

മാത്യൂസിന് പുറമേ വിന്‍ഡീസ് ബാറ്റിങ്ങില്‍ ഷെര്‍മെയിന്‍ കാംബെല്ലെ 71 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ബൗളിങ്ങില്‍ വിന്‍ഡീസ് ക്യാപ്റ്റന് പുറമെ സെയ്താ ജയിംസ്, അസി ഫ്‌ലക്ചര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഷാമില കൊന്നല്‍, ചിന്നലെ ഹെന്റി എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് വിന്‍ഡീസ്. ഏപ്രില്‍ 21നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Hayley Matthews  create a new record in Womens odi