ബംഗാളിലെ എസ്.ഐ.ആർ തിടുക്കം; വോട്ടർമാരോടും ജനാധിപത്യത്തോടുമുള്ള അനീതി: അമർത്യാസെൻ
India
ബംഗാളിലെ എസ്.ഐ.ആർ തിടുക്കം; വോട്ടർമാരോടും ജനാധിപത്യത്തോടുമുള്ള അനീതി: അമർത്യാസെൻ
ശ്രീലക്ഷ്മി എ.വി.
Saturday, 24th January 2026, 6:13 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം തിടുക്കത്തിലാക്കുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യാസെൻ.

എസ്.ഐ.ആർ പ്രക്രിയ തിടുക്കത്തിൽ നടത്തുന്നുണ്ടെന്നും ഈ തിടുക്കം അനാവശ്യമാണെന്നും അത് വോട്ടർമാരോടുള്ള അനീതിയാണെന്നും അമർത്യാസെൻ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള ഈ നടപടി ജനാധിപത്യ പങ്കാളിത്തത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എസ്.ഐ.ആർ പോലുള്ള നടപടികൾ അതീവ ജാഗ്രതയോടെയും മതിയായ സമയം അനുവദിച്ചും മാത്രമേ നടത്താവൂ. ശ്രദ്ധാപൂർവം ചെയ്താൽ വോട്ടർ പട്ടിക പരിഷ്കരണങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അമർത്യാസെൻ പി.ടി.ഐയോട് പറഞ്ഞു.

എന്നാൽ ബംഗാളിൽ നടക്കുന്നതിതല്ലെന്നും അവിടുത്തെ നിലവിലെ എസ്.ഐ.ആർ പ്രക്രിയയ്ക്ക് മതിയായ സമയവും നീതിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വോട്ടവകാശമുള്ള ആളുകൾക്ക് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം ലഭിക്കാത്തതിനാൽ, എസ്.ഐ.ആർ തിടുക്കത്തിൽ പൂർത്തിയാക്കുകയാണ്. ഇത് ഇന്ത്യയിലെ വോട്ടർമാരോടും ജനാധിപത്യത്തോടുമുള്ള അനീതിയാണ്.’ അമർത്യാസെൻ പറഞ്ഞു.

ചിലപ്പോഴൊക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പോലും ആവശ്യത്തിന് സമയമില്ലാത്തതുപോലെ തോന്നിയിരുന്നെന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

വോട്ട് ചെയ്യാനുള്ള തന്റെ അവകാശം ചോദ്യം ചെയ്യപ്പെട്ടുവെന്നും തന്റെ സ്വന്തം മണ്ഡലമായ ശാന്തിനികേതനിൽ നേരത്തെ വോട്ട് ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മുമ്പ് വോട്ട് ചെയ്‌തിട്ടുള്ളതും എന്റെ പേരും വിലാസവും മറ്റ് വിവരങ്ങളും ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്

എനിക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ല. ഗ്രാമീണ ഇന്ത്യയിൽ ജനിച്ച പല ഇന്ത്യൻ പൗരന്മാരെയും പോലെ അന്നത്തെ ശാന്തിനികേതൻ ഗ്രാമത്തിൽ ജനിച്ച ഞാൻ വോട്ട് ചെയ്യാനുള്ള എന്റെ യോഗ്യതയ്ക്ക് വേണ്ടി കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതായുണ്ട്,’ അമർത്യാസെൻ പറഞ്ഞു.

തന്റെ കേസ് ഒടുവിൽ പരിഹരിച്ചെങ്കിലും ഇത്തരം പിന്തുണ ലഭിക്കാത്ത മറ്റുള്ളവരെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അമർത്യാസെന്നിനും ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ഈ മാസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആർ നോട്ടീസ് അയച്ചത്.

രാജ്യത്തിന് ആഗോള അംഗീകാരം കൊണ്ടുവന്ന ഐക്കണുകളെ അപമാനിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

Content Highlight: Haste in SIR process in Bengal; injustice to voters and democratic participation: Amartya Sen

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.