ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് ഇന്ന് നടക്കും. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്താനും സെമി ഫൈനല്‍ ഉറപ്പിക്കാനുമാണ് രണ്ട് ടീമിനുമുള്ള അവസരം.
നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു മധുര പ്രതികാരത്തിനുള്ള അവസരവും അഫ്ഗാനിസ്ഥാനുണ്ട്. 2023 ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ തകര്‍ന്നു വീണിരുന്നു.
ഒരു ഘട്ടത്തില്‍ വിജയം ഉറപ്പാക്കിയെങ്കിലും മാക്‌സിയുടെ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന് വീണ്ടും ഒരു അവസരം വന്നെത്തിയിരിക്കുകയാണ്.
ഇതോടെ ഇന്ന് (വെള്ളി) നടക്കാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിന് മുമ്പ് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മാക്‌സ്‌വെല്ലിന്റെ പ്രകടനത്തിന്റെ കാലമെല്ലാം കഴിഞ്ഞെന്നും മൊത്തം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെയും തങ്ങള്‍ തന്ത്രം മെനഞ്ഞിട്ടുണ്ടെന്നും ഷാഹിദി പറഞ്ഞു.
‘മാക്‌വെല്ലിനെ നേരിടാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? മുഴുവന്‍ ഓസ്ട്രേലിയന്‍ ടീമിനും വേണ്ടി ഞങ്ങള്‍ക്ക് ഒരു തന്ത്രമുണ്ട്. 2023 ലോകകപ്പില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു, പക്ഷേ ഇപ്പോള്‍ അത് പഴയകാല കാര്യമാണ്,’ ഷാഹിദി ഇ.എ.സ്.പി.എന്‍.ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.