അപ്പോള്‍ ഇങ്ങനേം അപ്പീല്‍ ചെയ്യാം ല്ലേ; വിക്കറ്റ് നേടിയെടുക്കാനുള്ള പാകിസ്ഥാന്‍ താരത്തിന്റെ കഷ്ടപ്പാട് നോക്കണേ... വീഡിയോ
Sports News
അപ്പോള്‍ ഇങ്ങനേം അപ്പീല്‍ ചെയ്യാം ല്ലേ; വിക്കറ്റ് നേടിയെടുക്കാനുള്ള പാകിസ്ഥാന്‍ താരത്തിന്റെ കഷ്ടപ്പാട് നോക്കണേ... വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th June 2022, 1:22 pm

ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണ് പാകിസ്ഥാന്‍. അടുത്ത മാസം പകുതിയോടെയാണ് പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്.

പ്രാക്ടീസ് മാച്ചിന്റെ ഭാഗമായി നടന്ന ഒരു ഇന്‍ട്രാ സ്‌ക്വാഡ് മാച്ചിനിടെയുള്ള രസകരമായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. വിക്കറ്റിനായുള്ള ബൗളറുടെ രസകരമായ അപ്പീലും തുടര്‍ന്നുള്ള സംഭവവുമടങ്ങിയ വീഡിയോ വൈറലായിരിക്കുകയാണ്.

പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഹസന്‍ അലിയാണ് കഥാ നായകന്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തിനിടെ എല്‍.ബി.ഡബ്ല്യുവിനുള്ള അപ്പീലാണ് രസകരമായ സംഭവങ്ങള്‍ക്ക് വഴിമാറിയത്.

ബാറ്റര്‍ ആഘാ സല്‍മാനെതിരെയായിരുന്നു ഹസന്‍ അലിയുടെ എല്‍.ബി.ഡബ്ല്യു അപ്പീല്‍. എന്നാല്‍ അമ്പയര്‍ ഔട്ടെല്ലെന്ന് വിധിക്കുകയും വിക്കറ്റ് നല്‍കാന്‍ തയ്യാറാവാതെ ഇരിക്കുകയുമായിരുന്നു.

ഇതോടെ ഹസന്‍ അലി തമാശപൂര്‍വം അലറി വിളിച്ചുകൊണ്ട് അമ്പയറിനടുത്തെക്ക് ഓടിയെത്തുകയും ബലം പ്രയോഗിച്ച് കൈ ഉയര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു.

എന്നാല്‍ സംഭവം തമാശയാണെന്ന് മനസിലാക്കിയ അമ്പയര്‍ കൈ ഉയര്‍ത്താതിരിക്കുകയും ഹസനോട് ചിരിക്കുകയുമായിരുന്നു. ‘അപ്പീലിന്’ ശേഷം ഹസന്‍ അലി സഹതാരവും പാക് സ്റ്റാര്‍ പേസറുമായ ഷഹീന്‍ അഫ്രിദിക്ക് കൈകൊടുക്കുന്നുമുണ്ട്.

സംഭവമേതായാലും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നുണ്ട്.

ജൂലൈ 16നാണ് പാകിസ്ഥാന്‍ – ശ്രീലങ്ക പരമ്പയിലെ ആദ്യ ടെസ്റ്റ്. രണ്ട് മത്സരമടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലൈ 24ന് ആരംഭിക്കും.

നിലവില്‍ ഓസീസിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ലങ്കന്‍ ടീം കളിച്ചുകൊണ്ടിരിക്കുന്നത്.

 

Content Highlight:  Hasan Ali’s hilarious appeal leaves teammates in splits, video goes viral