പന്ത് ഉറക്ക ഗുളിക കഴിച്ചിട്ടുണ്ടോ? ഇന്ത്യൻ ടീമിനെ വിമർശിച്ച് ജഡേജയും ഗവാസ്കറും
Cricket
പന്ത് ഉറക്ക ഗുളിക കഴിച്ചിട്ടുണ്ടോ? ഇന്ത്യൻ ടീമിനെ വിമർശിച്ച് ജഡേജയും ഗവാസ്കറും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th December 2022, 1:16 pm

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്‌ പരമ്പര തൂത്ത് വാരിയിരിക്കുകയാണ് ഇന്ത്യൻ ടീം. രണ്ട് മത്സരങ്ങളുടെ പരമ്പര 2-0 ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യ മത്സരം നേരത്തെ വിജയിച്ച ഇന്ത്യൻ ടീം. രണ്ടാം മത്സരവും മൂന്ന് വിക്കറ്റിന് സ്വന്തമാക്കി. വിജയലക്ഷ്യമായ 145 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യൻ ടീം ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് വിജയം നേടിയത്.

ചെറിയ വിജയലക്ഷ്യം എളുപ്പത്തിൽ മറികടക്കാനിറങ്ങിയ ഇന്ത്യയെ പക്ഷെ ബംഗ്ലാദേശ് വിറപ്പിച്ചു. 74 റൺസ് നേടുമ്പോഴെക്കും ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യൻ ടീമിനെ ശ്രെയസ് അയ്യരും അശ്വിനും ചേർന്നാണ് വിജയതീരത്തിലേക്ക് നയിച്ചത്.

എന്നാലിപ്പോൾ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ബാറ്റിങ് ഓർഡറിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തിയതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ അജയ് ജഡേജയും സുനിൽ ഗവാസ്കറും.

അക്‌സർ പട്ടേലിനെ നേരത്തെ ബാറ്റിങ്ങിനിറക്കാനുള്ള തീരുമാനത്തിനെതിരെയാണ് മുൻ താരങ്ങളും രംഗത്ത് വന്നത്. മൂന്നാം ദിനം വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെ മുൻനിര ബാറ്റർമാർ വേഗം പുറത്തായതിനാലാണ് ബാറ്റിങ് ഓർഡറിൽ വ്യത്യാസങ്ങൾ വരുത്തിയത്.

അക്സർ പട്ടേലിനെ ബാറ്റിങ്ങിന് അയച്ചത് കോഹ്ലിക്ക് നല്ല സന്ദേശമല്ല നൽകുന്നതെന്ന് ഗവാസ്‌കർ അഭിപ്രായപ്പെട്ടപ്പോൾ, ഒരു ലെഫ്റ്റ്-റൈറ്റ് ബാറ്റിങ് കോമ്പിനേഷൻ ആവശ്യമാണെങ്കിൽ പന്തിനെ അയക്കണമായിരുന്നെന്നും ജഡേജ അഭിപ്രായപ്പെട്ടു.

‘ഇത് കോഹ്ലിക്ക് നല്ല സന്ദേശമല്ല നൽകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് അദേഹം. കോഹ്ലി അത് ചോദിച്ചോ എന്ന് ഞങ്ങൾക്കറിയില്ല. ഉണ്ടെങ്കിൽ അത് മറ്റൊരു കാര്യമാണ്. ഡ്രെസിങ് റൂമിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല.

പക്ഷെ ഇത് മനസ്സിലാക്കാൻ പ്രയാസമാണ്. പക്ഷെ അക്സർ തീർച്ചയായും നന്നായി കളിച്ചു. അതിന് തീർച്ചയായും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഗവാസ്‌കർ പറഞ്ഞു.

‘കോഹ്ലി ലോകത്തിലെ മികച്ച കളിക്കാരനാണ്. പതിനഞ്ച് ഓവറുകൾ ബാക്കി ഉണ്ടായിരുന്നു. പിന്നെ അക്സറിനെ അയച്ചത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. പന്ത് ഉറക്ക ഗുളിക വല്ലതും കഴിച്ചോ? ഇത്തരം കാര്യങ്ങൾ ഇവിടെ ഇരുന്ന് പറയുന്നത് എളുപ്പമാണെന്ന് ഞങ്ങൾക്കറിയാം. ആർക്കെങ്കിലും സത്യത്തിൽ അസുഖമുണ്ടോയെന്ന് ഞങ്ങൾക്ക് സത്യമായിട്ടും അറിയില്ല,’ ജഡേജ പറഞ്ഞു.

അതേസമയം മത്സരത്തിൽ അക്സർ പട്ടേൽ 34 റൺസ് നേടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
എന്നാൽ ബംഗ്ലാദേശ് പര്യടനം പൂർത്തിയാക്കിയ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരെയാണ്.

 

Content Highlights: Has the pant taken sleeping pills? Jadeja and Gavaskar criticize Indian team