രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ടുചെയ്തു; അഞ്ച് എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്യ്ത് ഹരിയാന കോൺഗ്രസ്
India
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ടുചെയ്തു; അഞ്ച് എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്യ്ത് ഹരിയാന കോൺഗ്രസ്
മുഹമ്മദ് നബീല്‍
Thursday, 16th April 2026, 8:27 pm

ചണ്ഡിഗർ: ഹരിയാനയിൽ മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സതീഷ് നന്ദലിന് അനുകൂലമായി വോട്ട് ചെയ്ത അഞ്ച് എം.എൽ.എമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി ഹരിയാന കോൺഗ്രസ്.

സംസ്ഥാന അച്ചടക്ക സമിതിയുടെ ശുപാർശയെത്തുടർന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ ഔദ്യോഗിക അംഗീകാരത്തിന് പിന്നാലെയാണ് ഈ നടപടി.

ഷെല്ലി ചൗധരി, രേണു ബാല, ജർണൈൽ സിംഗ്, മുഹമ്മദ് ഇസ്രയേൽ, മുഹമ്മദ് ഇല്യാസ് എന്നിവരാണ് പുറത്താക്കപ്പെട്ട എം.എൽ.എ മാർ

കാരണം കാണിക്കൽ നോട്ടീസുകൾക്കുള്ള എം.എൽ.എമാരുടെ മറുപടികൾ പരിശോധിച്ച ശേഷം ധരംപാൽ മാലിക് അധ്യക്ഷനായ സംസ്ഥാന അച്ചടക്ക സമിതിയാണ് ഇവരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ എം.എൽ.എമാരോട് നിയമസഭാംഗത്വം രാജിവെക്കാൻ ആവശ്യപ്പെടണമെന്നും സമിതി ആവശ്യപ്പെട്ടു.

കാരണം കാണിക്കൽ നോട്ടീസുകൾക്ക് ഷെല്ലി ചൗധരി, രേണു ബാല, ജർണൈൽ സിംഗ് എന്നീ മൂന്ന് എം.എൽ.എമാർ മറുപടി നൽകിയപ്പോൾ, മുഹമ്മദ് ഇല്യാസും മുഹമ്മദ് ഇസ്രയേലും പ്രതികരിക്കാൻ തയ്യാറായില്ല.

രേണു ബാലയും ഷെല്ലി ചൗധരിയും ഈ ആരോപണങ്ങൾ നിഷേധിച്ചു, തങ്ങൾ പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെയാണ് ചെയ്തതെന്നും അനാവശ്യമായി ആരോപണങ്ങളിൽ കുടുക്കുകയാണെന്നുമായിരുന്നു അവരുടെ മറുപടി.

ക്രോസ് വോട്ടിംഗ് ആരോപണങ്ങൾ ജർണൈൽ സിംഗും നിഷേധിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം തങ്ങൾ ബാലറ്റ് പേപ്പറുകൾ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയെ കാണിച്ചിരുന്നതായി മൂന്ന് എം.എൽ.എമാരും വ്യക്തമാക്കി.

വോട്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ പാർട്ടിയുടെ ഔദ്യോഗിക പ്രതിനിധിയായി നിയോഗിക്കപ്പെട്ടിരുന്നത് ഹൂഡയായിരുന്നു.

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ കരംവീർ സിംഗ് ബൗദ്ധിനെതിരെ വോട്ട് ചെയ്തതിലൂടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ഈ എം.എൽ.എമാരെ സസ്പെൻഡ് ചെയ്തതെന്ന് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ റാവു നരേന്ദർ സിംഗ് വ്യക്തമാക്കി.

ഇതൊരു ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പറഞ്ഞ അദ്ദേഹം അച്ചടക്ക സമിതിയുടെ റിപ്പോർട്ടിനെ അംഗീകരിക്കുന്നതായും അറിയിച്ചു.

90 അംഗങ്ങളുള്ള ഹരിയാന നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 48 എം.എൽ.എമാരും കോൺഗ്രസിന് 37 എം.എൽ.എമാരുമാണുള്ളത്.

Content Highlight: Haryana Congress suspends five MLAs who voted for BJP in Rajya Sabha elections

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം