| Sunday, 3rd August 2025, 3:09 pm

അമേരിക്ക വരെ ഒറ്റ മഴയില്‍ മുങ്ങിപ്പോയി; സംസ്ഥാനത്തെ റോഡുകളിലെ വെള്ളക്കെട്ടുകളെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: കഴിഞ്ഞദിവസം ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ അതിശക്തമായ മഴയില്‍ റോഡുകളിലുണ്ടായ വെള്ളക്കെട്ടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നയാബ് സൈനി. അമേരിക്കയിലുണ്ടായ മിന്നല്‍ പ്രളയത്തെ ഉദാഹരണമാക്കിക്കൊണ്ടാണ് സൈനി മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രകൃതിയെ ഒരിക്കലും നിലക്ക് നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

വലിയ മഴ പെയ്താല്‍ എത്ര വലിയ റോഡും വെള്ളത്തിലാകുമെന്നും സൈനി കൂട്ടിച്ചേര്‍ത്തു. വികസ്വര സംസ്ഥാനമാണ് ഹരിയാനയെന്നും ഇത്തരം വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘സ്വയം വലിയ രാജ്യമാണെന്ന് അവകാശപ്പെടുന്ന അമേരിക്കയിലേക്ക് നോക്കൂ. അത്രയും വലിയ കാലിഫോര്‍ണിയ എന്ന നഗരം മുഴുവന്‍ കനത്ത മഴയില് വെള്ളത്തിലായില്ലേ. പ്രകൃതിയോട് പോരാടുന്നതില്‍ നമുക്ക് എപ്പോഴും പരിമിതികളുണ്ട്. ഒരുഘട്ടത്തിനപ്പുറം നമുക്ക് അധികം പിടിച്ചുനില്‍ക്കാനാകില്ല. അക്കാര്യം ആരായാലും അംഗീകരിക്കേണ്ടതുണ്ട്.

വളരെ വേഗത്തിലാണ് ഞങ്ങളെല്ലാവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുഗ്രാം വികസിച്ചുകൊണ്ടിരിക്കുന്ന നഗരമാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ നഗരത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിവരുന്നത്. കനത്ത മഴയായതിനാല്‍ അതിലൂടെ വലിയ നാശനഷ്ടമുണ്ടാകുമെന്ന് അറിയാവുന്ന കാര്യമാണ്,’ സൈനി മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുഗ്രാമിലെ തെരുവുകളിലെ വെള്ളക്കെട്ടില്‍ നീന്തുന്ന കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മില്ലേനിയം സിറ്റിയുടെ വികസനം ഇങ്ങനെയൊക്കെയാണോ എന്നായിരുന്നു പലരും പരിഹസിച്ചത്. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നഗരത്തില്‍ കഴിഞ്ഞദിവസം പെയ്ത മഴയില്‍ ഗുരുഗ്രാം നഗത്തില്‍ പ്രളയസമാനമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായെത്തിയ പെരുമഴ പലരുടെയും ജീവിതം ദുസ്സഹമാക്കി. നര്‍സിംഗ്പുരയിലെ എന്‍.എച്ച് 48ല്‍ നാലടിയോളം ജലനിരപ്പുയര്‍ന്നിരുന്നു. ഹീറോ ഹോണ്ട ചൗക്ക്, ഗുരുഗ്രാം- ദല്‍ഹി റോഡ് എന്നിവിടങ്ങളിലും മഴ നാശനഷ്ടമുണ്ടാക്കി.

Content Highlight: Haryana Chief Minister justifies the flood Happened in Gurugram

We use cookies to give you the best possible experience. Learn more